Follow Us On

02

May

2024

Thursday

മാറുന്ന മലയാളവും മലയാളിയും

മാറുന്ന മലയാളവും  മലയാളിയും

റ്റോം ജോസ് തഴുവംകുന്ന്

ജനിക്കുമ്പോഴേ നമുക്കൊപ്പം നീങ്ങുന്നതാണ് മാതൃഭാഷയും ഒപ്പമുള്ള സംസ്‌കാരവും സംസ്‌കൃതിയുമൊക്കെ. മാതൃഭാഷയിലൂടെയാണ് ഒരുവന്‍ ലോകത്തിലേക്ക് നടന്നുകയറുന്നത്. ഭാഷക്കൊപ്പം ജീവിതവും സംസ്‌കാരവുമുണ്ട്. ”ഞാന്‍ എന്തായിരിക്കുന്നുവോ എന്താകുവാന്‍ ആഗ്രഹിക്കുന്നുവോ അതിനെല്ലാം ഞാനെന്റെ മാതാവിനോട് കടപ്പെട്ടിരിക്കുന്നു”എന്ന എബ്രഹാം ലിങ്കന്റെ വാക്കുകള്‍ ഓര്‍ക്കാം. മലയാളംകൊണ്ട് ലോകത്തിന്റെ നെറുകയിലെത്തിയവരുടെ കേരളമിന്ന് ‘ഭാഷാദാരിദ്ര്യം’ നേരിടുകയാണ്. മാതൃഭാഷയുടെ താളം തെറ്റുന്നതോടെ ‘പൊക്കിള്‍കൊടി’യുടെ ശക്തി ക്ഷയിക്കുന്നു; നാടിനോടുള്ള മമതയില്ലാതാകുന്നു. സ്വന്തം നാട്ടില്‍ ദൈവം നമുക്കായി ഒരുക്കിയിരിക്കുന്ന അത്ഭുതലോകം തിരിച്ചറിയാതെപോകുന്നു.

മലയാളംകൊണ്ട് അത്ഭുതം രചിച്ചവര്‍
ഇന്നു മലയാളവും മലയാളിയും മാറിയിരിക്കുന്നു. പാശ്ചാത്യാനുകരണത്തിന്റെ അന്ധമായ ‘തടവറ’യില്‍ ഭാഷയും വേഷവും ഭക്ഷണവും ജീവിതരീതിയും മാറിയിരിക്കുന്നു. മലയാളത്തനിമ ലോകോത്തര നിലവാരത്തിലായിരുന്നു. കേരളത്തിലെ സര്‍വകലാശാലകളുടെ യോഗ്യതാ രേഖകള്‍ വിദേശത്തുപോലും വിലമതിച്ചിരുന്ന കാലം പോയിരിക്കുന്നു. എന്തുപറ്റിയെന്ന് ലോകം ചോദിക്കുന്നതും നമുക്കു തിരിച്ചറിയാനാകുന്നില്ല. മലയാളിയുടെ മാറ്റം മലയാളക്കരയുടെ തനിമയും പൊലിമയും തകര്‍ക്കുന്നതാണ്.

മലയാളംകൊണ്ട് അത്ഭുതം തീര്‍ത്ത സാഹിത്യകാരന്മാരുടെ ചരിത്രം വിസ്മരിക്കരുത്. സ്വന്തം ഭാഷയുടെ അമൂല്യത തിരിച്ചറിയാന്‍ നാം ശ്രമിക്കണം. തമിഴിനും സംസ്‌കൃതത്തിനും തെലുങ്കിനും കന്നടയ്ക്കും പിന്നാലെ മലയാളത്തിനും ശ്രേഷ്ഠഭാഷാപദവി ലഭിച്ചു. രണ്ടായിരം വര്‍ഷത്തെ പഴക്കമാണ് ശ്രേഷ്ഠഭാഷാ പദവി ലഭിക്കാനുള്ള അര്‍ഹത! മലയാളത്തിന് രണ്ടായിരത്തി മുന്നൂറു വര്‍ഷത്തെ പാരമ്പര്യവും പൈതൃകവുമാണുള്ളത്. സംസാരിക്കുന്നവരുടെ എണ്ണംകൊണ്ട് മുപ്പതാമത്തെ സ്ഥാനമാണ് മലയാളത്തിന്.

ഉപയോഗിക്കുന്നവരുടെ എണ്ണം കുറഞ്ഞാല്‍ മലയാളം പിന്‍തള്ളപ്പെടുമെന്നതും മലയാളിയറിയണം. നവംബര്‍ ഒന്ന് ശ്രേഷ്ഠഭാഷാദിനമായി ആചരിക്കുന്നതില്‍ ആത്മാര്‍ത്ഥതയും അര്‍ത്ഥവും ഇന്നുണ്ടോയെന്നും ചിന്തിക്കാന്‍ വൈകരുത്. മാതൃഭാഷ ‘അപകട’ത്തിലാണ്; ഒപ്പം മലയാളിയുടെ ‘തലയെടുപ്പും’ ഇല്ലാതാകുന്നു. ഇത്രമാത്രം പദസമുച്ചയം അടങ്ങുന്ന മറ്റൊരു ഭാഷതന്നെയുണ്ടോ എന്ന് സംശയിക്കണം. പൊതുസമൂഹത്തിന് മുമ്പില്‍ വായിക്കാനോ അര്‍ത്ഥസമ്പുഷ്ടമായി രണ്ടു വാക്കു പറയാനോ ഇന്നത്തെ തലമുറക്കാകുന്നില്ലെന്നത് മലയാളിയുടെ പരാജയമല്ലേ?!

കുടുംബം മുതല്‍ തൊഴിലിടംവരെ
‘കുടുംബം മുതല്‍ തൊഴിലിടംവരെ’ എന്ന സ്വപ്‌നത്തില്‍ പാശ്ചാത്യഭാഷയും അതിനൊത്ത വേഷവും ഭക്ഷണവും പഠനക്രമീകരണങ്ങളും ഉണ്ടാകുന്നു. എന്റെ മക്കള്‍ക്ക് മലയാളമറിയില്ലെന്നു പറയുന്നതില്‍ അഭിമാനിക്കുന്ന രക്ഷിതാവില്‍തന്നെ ഒരു ‘പ്രവാസിമനസ്’ വേരുറച്ചിരിക്കുന്നു. നമ്മുടെ നാട് വൃദ്ധരുടെ താമസയിടവും കൊട്ടാരസദൃശമായ അടഞ്ഞ വീടുകളുടെ ഇടവുമായി മാറിയിരിക്കുന്നു. യുവാക്കളുടെ അസാന്നിധ്യം നാടിന്റെ പുരോഗതിയെയും ഭാവിയുടെ കെട്ടുറപ്പിനെയും ബാധിക്കുന്ന വിധത്തിലേക്ക് വളര്‍ന്നു കഴിഞ്ഞു. മാതാപിതാക്കളുടെ സുരക്ഷിതത്വബോധത്തിനും ആത്മവിശ്വാസത്തിനും ക്ഷതമേറ്റിരിക്കുന്നു. ഇടവകദൈവാലയങ്ങളും പൊതു ഇടങ്ങളും യുവാക്കളുടെ അസാന്നിധ്യത്താല്‍ ശൂന്യമാണ്. ക്രൈസ്തവ കുടുംബാംഗങ്ങളിലാകെ ആളില്ലെന്നായിരിക്കുന്നു. വയസായവരുടെ കടന്നുപോക്കിനുശേഷം ക്രൈസ്തവരുടെ എണ്ണത്തില്‍ വന്‍ ഇടിവുണ്ടാകും! നാം ആശങ്കപ്പെടണം, പരിഹാരം തേടണം. നമ്മുടെ നാട് വിലപ്പെട്ടതാണ്, പൈതൃകവും സംസ്‌കാരവും അമൂല്യമാണ്.

പുതുതലമുറയ്ക്ക് നാട്ടില്‍ തുടരാനാകുംവിധമുള്ള പഠനവും തൊഴിലും ജീവിതസാഹചര്യങ്ങളുമുണ്ടാകണം. മലയാളക്കരയുടെ അത്ഭുതപ്പെടുത്തുന്ന ദൈവാനുഗ്രഹങ്ങളെ തിരിച്ചറിയാന്‍ ഭരണനേതൃത്വത്തിന് കഴിയണം. മലയാളക്കരയുടെ ഭൂമിശാസ്ത്രം, വിഭവസമൃദ്ധിയും വൈവിധ്യങ്ങളും പ്രകൃതിസൗന്ദര്യവുമെല്ലാം തൊഴില്‍മേഖലയെ ശക്തിപ്പെടുത്തണം. ലോകോത്തര തലത്തിലുള്ള വ്യവസായങ്ങളും പരീക്ഷണശാലകളും ഇവിടെ ഉണ്ടാകേണ്ടതല്ലേ? ഭക്ഷ്യവസ്തുക്കളെ മൂല്യവര്‍ധിത ഉത്പന്നങ്ങളായി മാറ്റുവാന്‍ ശാസ്ത്രശാഖകള്‍ വളരണം. കാര്‍ഷികമേഖലക്ക് പ്രാധാന്യമുള്ള കേരളത്തിന് തദ്വാരായുള്ള പഠനവും ഗവേഷണവും വിജയസാധ്യതകളുമുണ്ടാകുകവഴി നാളെയുടെ തലമുറയെ ഇവിടെ നിലനിര്‍ത്താനാകും. ഇവിടുത്തെ കൂട്ടപലായനം ആപത്താണ്. നമ്മുടെ നാളെകള്‍ അപകടത്തിലുമാണ്.

സ്വന്തം കഞ്ഞിയില്‍ മണ്ണുവാരി ഇടരുത്
‘വീടും വിദ്യാലയവും’ മാത്രമറിയുകയും ബാക്കിയുള്ള സമയം ‘പുസ്തകപ്പുഴു’വായിരിക്കുകയും ചെയ്യുന്നതു മാറ്റി, ജീവിതം പഠിപ്പിക്കുന്ന വിദ്യാഭ്യാസമായി സിലബസും കരിക്കുലവും മാറണം. ഇവിടെ ജോലിയുണ്ട്, കൂലിയുണ്ട്. പക്ഷേ ‘അന്നംമുടക്കുന്ന രാഷ്ട്രീയം’ മാറണം. സമരവും റാഗിങ്ങും രാഷ്ട്രീയ ചേരിതിരിവും അടിയും ബഹളവുമൊക്കെ വിദേശ സര്‍വകലാശാലകളിലുണ്ടോ? തൊഴിലിടങ്ങളില്‍ ‘കൊടികുത്തുന്ന’ രീതിയുണ്ടോ? ഓഫീസുകളില്‍ കൈക്കൂലിയും അഴിമതിയുമുണ്ടോ? കരിങ്കൊടി കാണിക്കുവാനായി പകലന്തിയോളം നിയോഗിക്കപ്പെട്ട ചെറുപ്പക്കാര്‍ വിദേശത്തുണ്ടോ? വൈറ്റ് കോളര്‍ ജോബ് സങ്കല്പം വിദേശത്തുണ്ടോ? എന്തു തൊഴിലും ചെയ്യുവാനായി നാടുനീളെ രാപകലില്ലാതെ ഓടി നടക്കുവാന്‍ സന്നദ്ധതയുള്ള നാമെന്തേ സ്വന്തം നാട്ടില്‍ അവധിയും പണിമുടക്കും യൂണിയന്‍ പ്രവര്‍ത്തനങ്ങളും സജീവമാക്കുന്നത്? സ്വന്തം കഞ്ഞിയില്‍ നാം തന്നെ മണ്ണു വാരിയിടുന്ന നയം മാറിയാലേ നമ്മുടെ നാട് പഠനത്തിലും തൊഴില്‍ സാധ്യതകളിലും മുന്നില്‍ എത്തുകയുള്ളൂ.

പകല്‍സമയം പഠനവും രാത്രി ജോലിയുമായി കഷ്ടപ്പെടുന്ന നമ്മുടെ മക്കളുടെ ദുരിതം എന്തുകൊണ്ടാണ് നാട്ടിലുള്ളവര്‍ കാണാതെ പോകുന്നത്? പണമുണ്ടാക്കാനുള്ള ‘പഠിത്തം’ മാറ്റി മനുഷ്യരായി ജീവിക്കാനുള്ള പദ്ധതികള്‍ പാഠപുസ്തകത്തിലുണ്ടാകണം. നാട്ടിലെ വീടുകളില്‍ ആളനക്കം സജീവമാകണം. വൃദ്ധരുടെ ഹൃദയനൊമ്പരം കാലേകൂട്ടി കാണണം; ആരോഗ്യവും സാമര്‍ത്ഥ്യവുമുള്ളപ്പോള്‍ മക്കളെയെല്ലാം വിദേശത്താക്കുന്ന നയം വിലയിരുത്തപ്പെടണം; തിരികെ നടക്കാന്‍ പദ്ധതികളും ഇച്ഛാശക്തിയും ഉണ്ടാകണം. ഇപ്പോള്‍ത്തന്നെ ജനറേഷന്‍ ഗ്യാപ് അചിന്തനീയമാകുമ്പോള്‍ ഭാവിയില്‍ വിദേശഭാഷയും സംസ്‌കാരവും മാത്രമറിയുന്ന കൊച്ചുമക്കള്‍ നാട്ടിലെത്തിയാലും പരസ്പരം സംഭാഷണമോ സ്‌നേഹം പങ്കിടലോ ഉണ്ടാകുമോ? ഇതൊക്കെ സാധാരണമാകുമ്പോള്‍ നമ്മുടെ മാനവികത നശിക്കുന്നു. മനുഷ്യത്വം ഇല്ലാത്ത ‘യന്തിരന്മാര്‍’ മാത്രമായി നാമൊക്കെ മാറുന്നു.

നാട്ടിലെ ‘സ്റ്റാറ്റസ് സിംബല്‍’ തിരുത്തേണ്ട കാലം കഴിഞ്ഞു. വിദേശത്ത് ‘ഒറ്റമുറി വീട്ടില്‍ സുഖം’, നാട്ടിലാണെങ്കില്‍ ആരു കണ്ടാലും ഞെട്ടുന്ന ‘കൊട്ടാര സദൃശവീടും.’ ഇതു തമ്മില്‍ മലയാളി തട്ടിച്ചുനോക്കുന്നത് ഉചിതമാകും. നാട്ടിലെ ശമ്പളംതന്നെ വിദേശത്തു കിട്ടിയാലും സുഖജീവിതം കാരണം അവിടെ ‘സ്റ്റാറ്റസ് മീറ്റര്‍’ പ്രവര്‍ത്തനക്ഷമമല്ല. നാം മാറണം, ദൈവം നമുക്ക് തന്നിരിക്കുന്ന അനുഗ്രഹങ്ങളെ കൊണ്ടുനടക്കാന്‍ പഠിക്കണം. ഭാഷയ്‌ക്കൊപ്പമുള്ള ജീവിതവും സംസ്‌കാരവും മലയാളി മലയാളംകൊണ്ട് വീണ്ടെടുക്കണം. മൊബൈലുകളില്‍നിന്നും മുഖമുയര്‍ത്തി തുറന്ന വായനയും സൗഹൃദവും വീണ്ടെടുക്കണം. പത്രമാസികകള്‍ സജീവമാകണം. നാട്ടുവായനശാലകള്‍ ഉണരണം. വായനകള്‍ നമ്മെ നന്മയുള്ളവരാക്കി മാറ്റും. തലമുറകള്‍ സ്‌നേഹബന്ധത്തില്‍ ദീര്‍ഘായുസോടെ ജീവിക്കട്ടെ.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?