റവ.ഡോ. മൈക്കിള്‍ കാരിമറ്റം
ജപമാലയുടെ ഭാഗമായി ചൊല്ലുന്ന ലുത്തിനിയായില്‍ മാതാവിന് പലവിധ വിശേഷണങ്ങള്‍ നലികി അമ്മയെ നാം പ്രകീര്‍ത്തിക്കാറുണ്ട്. ഇവയില്‍ ചിലതിന്റെ ആധികാരികതയെക്കുറിച്ച് ചിലര്‍ക്ക് സംശയം ഉളവാകാറുണ്ട്. എന്നാല്‍ ഇവയെല്ലാം വിശ്വാസാനുസൃതമായ ഭക്തിപ്രകടനങ്ങളാണ്, വിശ്വാസവിരുദ്ധമായ പാഷാണ്ഡതകളല്ല. ഉദാ: ‘സ്രഷ്ടാവിന്റെ മാതാവേ, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ.’ അതേസമയം വിശ്വാസപ്രമാണത്തില്‍ നാം ഏറ്റുപറയുന്ന ആദ്യത്തെ വിശ്വാസ സത്യമാണ് ‘സര്‍വശക്തനായ പിതാവും ആകാശത്തിന്റെയും ഭൂമിയുടെയും സ്രഷ്ടാവുമായ ഏകദൈവത്തില്‍ ഞാന്‍ വിശ്വസിക്കുന്നു’ എന്നത്. ഈ വിശ്വാസസത്യത്തിന്റെ വെളിച്ചത്തില്‍ ‘സ്രഷ്ടാവിന്റെ മാതാവേ’ എന്ന അഭിസംബോധന പ്രകാരം സകലത്തിന്റെയും സ്രഷ്ടാവിന് മാതാവുണ്ട് എന്നു പറയുന്നത് ഏങ്ങനെ ശരിയാകും? അങ്ങനെ ഒരു മാതാവുണ്ടെങ്കില്‍ അത് ആരായിരിക്കും?
നൂറ്റാണ്ടുകളായി കത്തോലിക്കാ സഭയുടെ ഔദ്യോഗികമായ അംഗീകാരത്തോടെ ചൊല്ലുന്ന പ്രാര്‍ത്ഥനയാണ് ലുത്തിനിയാ. ഇതിലെ ഓരോ വിശേഷണവും സഭ അറിഞ്ഞുകൊണ്ടുതന്നെ അംഗീകരിച്ചിട്ടുള്ളതാണ്. അതിനാല്‍ വിശ്വാസവിരുദ്ധം എന്നു മുദ്രകുത്തുന്നതിനുമുമ്പേ എന്താണ് ഈ വിശേഷണത്തിലൂടെ സഭ പറയുന്നത് എന്നു മനസിലാക്കാന്‍ ശ്രമിക്കാം. ഇതൊരു പ്രാര്‍ത്ഥനയുടെ ഭാഗമാണ് എന്ന കാര്യം ആദ്യമേ ശ്രദ്ധിക്കണം. പ്രാര്‍ത്ഥനകള്‍ എല്ലാം വിശ്വാസസത്യങ്ങള്‍ക്കനുസൃതമായിരിക്കണം. എന്നാല്‍ വിശ്വാസസത്യങ്ങളുടെ നിര്‍വചനമായി കരുതാനാവില്ല. പ്രാര്‍ത്ഥനയില്‍ ഭക്തിപ്രകടനത്തിന് പ്രാധാന്യമുണ്ട്. കത്തോലിക്കാ വിശ്വാസികള്‍ മാതാവിന്റെ മാധ്യസ്ഥം തേടി ഏറ്റം കൂടുതല്‍ പ്രാര്‍ത്ഥിക്കുന്നതാണ് ജപമാല. അതിന്റെ അവസാനം മാതാവിന്റെ അനേകം വിശേഷണങ്ങള്‍ എടുത്തുപറഞ്ഞ് ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ എന്ന് യാചിക്കുന്നു. രക്ഷാചരിത്രത്തില്‍ മറിയത്തിനുള്ള സ്ഥാനമാണ് ഈ വിശേഷണങ്ങളുടെഎല്ലാം അടിസ്ഥാനം; ദൈവത്തോടുള്ള ബന്ധമാണ് ഈ വിശേഷണങ്ങളിലൂടെ എല്ലാം ഏറ്റുപറയുന്നത്.
പിതാവായ ദൈവത്തെയാണ് സ്രഷ്ടാവായി വിശ്വാസപ്രമാണത്തിലൂടെ സഭ ഏറ്റുപറയുന്നത്. എന്നാല്‍ ദൈവം സൃഷ്ടിക്കുന്നത് വചനത്തിലൂടെയാണ് എന്ന് ബൈബിളിന്റെ ആദ്യവാക്യങ്ങളില്‍ത്തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്: ”ദൈവം അരുളിച്ചെയ്തു: വെളിച്ചം ഉണ്ടാകട്ടെ. വെളിച്ചം ഉണ്ടായി” (ഉല്‍പത്തി 1:3). ഇതേ സത്യംതന്നെ കൂടുതല്‍ വ്യക്തമായി യോഹന്നാന്‍ എഴുതിയ സുവിശേഷത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ”ആദിയില്‍ വചനമുണ്ടായിരുന്നു. വചനം ദൈവത്തോടുകൂടെ ആയിരുന്നു. വചനം ദൈവമായിരുന്നു… സമസ്തവും അവനിലൂടെ ഉണ്ടായി; ഒന്നും അവനെ കൂടാതെ ഉണ്ടായിട്ടില്ല” (യോഹ. 1:1-3). വചനമാകുന്ന ദൈവത്തിലൂടെയാണ് സൃഷ്ടികര്‍മം നടന്നത് എന്ന് വി.പൗലോസും പഠിപ്പിക്കുന്നുണ്ട്. ”എല്ലാം അവനിലൂടെയും അവനുവേണ്ടിയുമാണ് സൃഷ്ടിക്കപ്പെട്ടത്” (കോളോ. 1:16). ഈ വ്യാപകമായ അര്‍ത്ഥത്തിലാണ് യേശുക്രിസ്തുവിനെ സ്രഷ്ടാവ് എന്നും മറിയത്തെ സ്രഷ്ടാവിന്റെ മാതാവ് എന്നും വിശേഷിപ്പിക്കുന്നത്. അതിനാല്‍ ‘സ്രഷ്ടാവിന്റെ മാതാവേ’ എന്ന അഭിസംബോധന വിശ്വാസവിരുദ്ധമല്ല.
‘സ്വര്‍ഗത്തിന്റെ വാതിലേ’ എന്നു മാതാവിനെ വിളിക്കുന്നത് യേശു പഠിപ്പിച്ചതിനു വിരുദ്ധമാവില്ലേ എന്നാണ് ചിലരുടെ സംശയം. ”ഞാനാണ് വാതില്‍. എന്നിലൂടെ പ്രവേശിക്കുന്നവന്‍ രക്ഷ പ്രാപിക്കും” (യോഹ. 10:9). ദൈവത്തോടൊന്നിച്ചുള്ള നിത്യജീവിതത്തിലേക്ക് പ്രവേശിക്കുന്നതിനെയാണ് ഇവിടെ വാതിലായി അവതരിപ്പിക്കുന്നത്. ”വഴിയും സത്യവും ജീവനും ഞാനാണ്” (യോഹ. 14:6) എന്ന പ്രഖ്യാപനം ഈ സത്യം വീണ്ടും ഉറപ്പിച്ചു പറയുന്നു. അപ്പോള്‍ മറിയത്തെ ‘സ്വര്‍ഗത്തിന്റെ വാതിലേ’ എന്നു വിളിക്കാന്‍ കഴിയുമോ?
യഥാര്‍ത്ഥ വാതിലും വഴിയും ജീവനുമായ യേശുവിന് പകരമായി നില്‍ക്കുന്ന മറ്റൊരു വാതിലല്ല മറിയം, മറിച്ച് യേശുവിലേക്കു നയിക്കുന്ന മധ്യസ്ഥയും മാതൃകയുമാണ് മറിയം. യേശുവിനെക്കൂടാതെ സ്വര്‍ഗത്തിലേക്ക് പ്രവേശിക്കാനുള്ള വഴിയും വാതിലുമായി മറിയത്തെ ആരും കരുതുന്നില്ല, വണങ്ങുന്നതുമില്ല.
”ഒരു ദൈവമേയുള്ളൂ. ദൈവത്തിനും മനുഷ്യര്‍ക്കും മധ്യസ്ഥനായി ഒരുവനേയുള്ളൂ. മനുഷ്യനായ യേശുക്രിസ്തു” (1 തിമോ. 2:5) എന്ന പ്രബോധനത്തിന് സമാനമാണിത്. ദൈവത്തിനും മനുഷ്യനും ഇടയില്‍ ഒരേസമയം ദൈവവും മനുഷ്യനുമായ യേശുക്രിസ്തു മാത്രമാണ് ഏകമധ്യസ്ഥന്‍ എന്നു പറയുമ്പോഴും യേശുതന്നെ മനുഷ്യരുടെ മാധ്യസ്ഥം സ്വീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തതായി സുവിശേഷങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
കാനായിലെ കല്യാണവേളയില്‍ അമ്മയുടെ മാധ്യസ്ഥം സ്വീകരിച്ച് അത്ഭുതം പ്രവര്‍ത്തിച്ചതുതന്നെ ഏറ്റം വലിയ ഉദാഹരണം (യോഹ. 2:1-11). യേശു എന്ന ഏകമധ്യസ്ഥന്റെ അടുക്കല്‍ മാധ്യസ്ഥം വഹിക്കുന്ന മറ്റു മധ്യസ്ഥര്‍ എന്നതുപോലെ നിത്യജീവനിലേക്കു നയിക്കുന്ന സ്വര്‍ഗത്തിന്റെ വാതിലായ യേശുവിലേക്കു നയിക്കുന്ന വാതിലാണ് മറിയം.
കത്തോലിക്കര്‍ ബഹുദൈവവിശ്വാസികളോ വിഗ്രഹാരാധകരോ അല്ല; മറിയത്തെ ദൈവമായി കരുതി ആരാധിക്കുന്നുമില്ല. ഓരോ വാക്കും വിശേഷണവും എന്തര്‍ത്ഥത്തിലാണ് ഉപയോഗിക്കുന്നത് എന്ന് അതു പറയുന്നവരും കേള്‍ക്കുന്നവരും വിമര്‍ശിച്ചു വിശകലനം ചെയ്യുന്നവരും മനസിലാക്കിയിരിക്കണം. മറിയത്തെ ‘ദൈവമാതാവ്’ എന്നു വിശേഷിപ്പിക്കുമ്പോള്‍ മനുഷ്യനായി അവതരിച്ച ദൈവത്തിന്റെ മാതാവ് എന്നാണര്‍ത്ഥമാക്കുക. ജനിച്ചതും മരിച്ചതും ദൈവംതന്നെയായ ദൈവവചനമാണ്. അതിനാല്‍ മറിയത്തെ ദൈവമാതാവ് എന്നു വിളിക്കുന്നു.
വചനത്തിലൂടെയാണ് സൃഷ്ടികര്‍മം നടന്നത്. അതിനാല്‍ മറിയത്തെ സ്രഷ്ടാവിന്റെ മാതാവേ എന്നു വിളിക്കുന്നു. നിത്യജീവനിലേക്കു നയിക്കുന്ന വാതിലായ യേശുവിലേക്ക് നയിക്കുന്നതിനാല്‍ സ്വര്‍ഗത്തിന്റെ വാതിലേ എന്നും പ്രകാശമായ യേശുവിന്റെ വരവിനെ മുന്‍കൂട്ടി അറിയിക്കുന്നതിനാല്‍ ഉഷകാല നക്ഷത്രമേ എന്നും വിളിക്കുന്നു. അതിനാല്‍ ഒരിക്കല്‍ക്കൂടി ഊന്നിപ്പറയട്ടെ, ഇതൊന്നും വിശ്വാസവിരുദ്ധമായ പാഷാണ്ഡതകളല്ല. വിശ്വാസാനുസൃതമായ ഭക്തിപ്രകടനങ്ങളാണ്. അതിനാല്‍ ഓരോ കത്തോലിക്കനും ഏറ്റുപറയുന്ന വിശ്വാസം എന്തെന്ന് വ്യക്തമായി അറിയുക, അനുസരിക്കുക. ആവശ്യപ്പെടുന്നവര്‍ക്ക് വിശദീകരണം നല്‍കാന്‍ തയാറായിരിക്കുക!
Leave a Comment
Your email address will not be published. Required fields are marked with *