വത്തിക്കാൻ സിറ്റി: ഓരോ കത്തോലിക്കാ വിശ്വാസിയും ദിവ്യകാരുണ്യ കേന്ദ്രീകൃതമായ ജീവിതം നയിക്കാൻ ജൂലൈ മാസത്തിലെ പ്രാർത്ഥനാ നിയോഗം സമർപ്പിച്ച് ഫ്രാൻസിസ് പാപ്പ. ഓരോ മാസവും വിവിധ പ്രാർത്ഥനാ വിഷയങ്ങൾ തിരഞ്ഞെടുത്ത് നൽകുന്ന പാപ്പ ഈ ജൂലൈയിൽ വിശ്വാസീസമൂഹത്തിന് കൈമാറിയിരിക്കുന്നത് ‘ദിവ്യകാരുണ്യ ജീവിതം’ എന്ന നിയോഗമാണ്.
ദിവ്യബലി അർപ്പണം ഓരോ കത്തോലിക്കാ വിശ്വാസിയുടെയും ജീവിതത്തിന്റെ കേന്ദ്രമാകണമെന്ന് ഓർമിപ്പിക്കുന്ന വീഡിയോ സന്ദേശവും ഇതിനായി പുറത്തിറക്കിയിട്ടുണ്ട്. ‘ദിവ്യകാരുണ്യത്തിൽ ക്രിസ്തുവാണ് സ്വയം തന്നെത്തന്നെ നമുക്കുവേണ്ടി അർപ്പിക്കുകയും സമർപ്പിക്കുകയും ചെയ്യുന്നത്. ഉയർത്തെഴുന്നേറ്റ യേശുവുമായുള്ള ഒരു കണ്ടുമുട്ടലാണ് ദിവ്യകാരുണ്യത്തിന്റെ ആഘോഷം.’
ഓരോ പ്രാവശ്യവും നാം പരിശുദ്ധ കുർബാനയിൽ പങ്കുചേരുമ്പോൾ, യേശു ആഗതനാകുകയും അവിടുന്ന് സ്‌നേഹിച്ചതുപോലെ സ്‌നേഹിക്കാൻ നമുക്ക് ശക്തി നൽകുകയും ചെയ്യുന്നു. കാരണം, അത് നമുക്ക് മറ്റുള്ളവരുമായി കണ്ടുമുട്ടാനും നമ്മിൽനിന്ന് പുറത്തുവരാനും മറ്റുള്ളവർക്കായി നമ്മെത്തന്നെ സ്‌നേഹത്തോടെ തുറന്നു നൽകാനുമുള്ള ധൈര്യം പകരുന്നു.
മനുഷ്യബന്ധങ്ങളെ ആഴത്തിൽ രൂപാന്തരപ്പെടുത്തുകയും ദൈവത്തെയും അവരുടെ സഹോദങ്ങളെ സഹോദരന്മാരെയും കണ്ടുമുട്ടാനുള്ള തുറവ് നൽകുകയും ചെയ്യുന്ന ദിവ്യകാരുണ്യത്തിന്റെ ആഘോഷം കത്തോലിക്കർ അവരുടെ ജീവിതത്തിന്റെ കേന്ദ്രത്തിൽ പ്രതിഷ്ഠിക്കട്ടെയെന്ന് നമുക്ക് പ്രാർത്ഥിക്കാമെന്നും പാപ്പ കൂട്ടിച്ചേർത്തു.
പ്രാർത്ഥനയിലൂടെയും പ്രവൃത്തിയിലൂടെയും ക്രൈസ്തവരെ നയിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന കൂട്ടായ്മയാണ് ‘പോപ്‌സ് വേൾഡ് വൈഡ് പ്രയർ നെറ്റ്‌വർക്ക്’. 1884ൽ ഫ്രാൻസിലെ ജെസ്യൂട്ട് സെമിനാരിയിൽ ആരംഭിച്ച അപ്പസ്‌തോലിക പ്രാർത്ഥനാ നിയോഗത്തിന്റെ തുടർച്ചയായി 1929ലാണ് പ്രാർത്ഥനാ നിയോഗം കൂട്ടിച്ചേർത്ത് ഇവർ പ്രതിമാസ മധ്യസ്ഥ പ്രാർത്ഥനാ നിയോഗം പ്രസിദ്ധീകരിച്ച് തുടങ്ങിയത്.
Leave a Comment
Your email address will not be published. Required fields are marked with *