Follow Us On

26

April

2024

Friday

ജൂൺ 29: വിശുദ്ധ പത്രോസും, വിശുദ്ധ പൗലോസും

ജൂൺ 29: വിശുദ്ധ പത്രോസും, വിശുദ്ധ പൗലോസും

വിശുദ്ധ പത്രോസ്
പത്രോസിന്റെ യഥാർത്ഥ നാമം ശിമയോൻ എന്നായിരുന്നു. യേശുവാണ് കെഫാസ് അഥവാ പത്രോസ് എന്ന നാമം വിശുദ്ധന് നൽകിയത്. അപ്പസ്‌തോലൻമാരുടെ നായകൻ എന്ന വിശുദ്ധന്റെ പദവിയേയും, അദ്ദേഹത്തിന്റെ വിശിഷ്ട്ട സ്വഭാവത്തിന്റേയും ലക്ഷണമാണ് ഈ നാമമാറ്റം കൊണ്ട് വെളിപ്പെടുന്നത്. ഗലീലി സമുദ്രതീരത്തുള്ള ബെത്സയിദായിലാണ് പത്രോസ് ജനിച്ചത്. തന്റെ ഇളയ സഹോദരനായിരുന്ന അന്ത്രയോസിനേ പോലെ മുക്കുവനായാണ് പത്രോസ് ജീവിച്ചിരുന്നത്. പത്രോസിന്റെ ഗുരുവായിരുന്ന യേശു ആ പ്രദേശങ്ങളിൽ പ്രബോധനത്തിനായി വരുമ്പോൾ പത്രോസിന്റെ ഭവനത്തിലായിരുന്നു താമസിച്ചിരുന്നതെന്ന് പറയപ്പെടുന്നു. അതിനാൽ തന്നെ വിശുദ്ധന്റെ ഭവനം നിരവധി അത്ഭുതങ്ങൾക്ക് വേദിയായിട്ടുണ്ട്. തന്റെ സഹോദരൻമാരായിരുന്ന യോഹന്നാനും അന്ത്രയോസിനുമൊപ്പം വിശുദ്ധൻ യേശുവിന്റെ ആദ്യ ശിഷ്യൻമാരിൽ ഒരാളായി (യോഹന്നാൻ 1:40-50).
ഗലീലി കടലിൽ വെച്ചുള്ള അത്ഭുതകരമായ മീൻ പിടുത്തത്തിനു ശേഷം പത്രോസ് തന്റെ ദൈവവിളിയെ സ്വീകരിക്കുകയും തന്റെ ഭാര്യയേയും, കുടുംബത്തേയും, തൊഴിലിനേയും ഉപേക്ഷിച്ച് 12 ശിഷ്യൻമാരുടെ നേതൃസ്ഥാനം സ്വീകരിച്ചു. അതിനു ശേഷം അപ്പസ്‌തോലിക സമൂഹത്തിന്റെ ഔദ്യോഗിക വക്താവായും, ഏറ്റവും പ്രിയപ്പെട്ട ശിഷ്യനായും നമുക്ക് പത്രോസിനെ എപ്പോഴും യേശുവിന്റെ അരികിൽ കാണുവാൻ കഴിയും. വിശുദ്ധന്റെ ചോരതിളപ്പും, ആവേശവും പലപ്പോഴും വിശുദ്ധനെ മുൻകരുതലില്ലാത്ത വാക്കുകളിലേക്കും, പ്രവർത്തികളിലേക്കും നയിച്ചു. പ്രധാന പുരോഹിതന്റെ പടയാളിയുടെ ചെവി ഛേദിച്ചതും യേശുവിന്റെ പീഡാനുഭവ നാളുകളിൽ പത്രോസ് യേശുവിനെ തള്ളിപ്പറഞ്ഞ സംഭവവും ഇതിരൊരു ഉദാഹരണമാണ്.
സ്വർഗ്ഗാരോഹണത്തിന്റെ നാളിൽ വിശുദ്ധ പത്രോസ് ശിഷ്യൻമാരുടെ നേതൃസ്ഥാനം ഏറ്റെടുക്കുകയും, യേശു തന്നെ ഏൽപ്പിച്ച ദൗത്യങ്ങളും ഭക്തിപരമായ കർമ്മങ്ങളും വേണ്ടവിധം നിർവഹിക്കുകയും ചെയ്തു. ജെറൂസലേം സമ്മേളനത്തിൽ വിശുദ്ധന്റെ സാന്നിധ്യം ഉണ്ടായിരുന്നുവെന്ന കാര്യത്തേകുറിച്ചും (അപ്പസ്‌തോല പ്രവർത്തനങ്ങൾ 15:1), അന്ത്യോക്ക്യയിലേക്കുള്ള വിശുദ്ധന്റെ യാത്രയേക്കുറിച്ചും (ഗലാത്തിയർ 2:11) വിശുദ്ധ ഗ്രന്ഥത്തിൽ പ്രതിപാദിക്കുന്നുണ്ടല്ലോ. എങ്ങിനെയൊക്കെയാണെങ്കിലും പത്രോസ് റോമിൽ ഒരു അപ്പസ്‌തോലനായി പ്രവർത്തിച്ചിരുന്നുവെന്ന കാര്യം ഉറപ്പാണ്.
വിശുദ്ധനായിരുന്നു ആ നഗരത്തിലെ ആദ്യത്തെ മെത്രാൻ, അവിടെ വെച്ച് വിശുദ്ധൻ ബന്ധിതനാക്കപ്പെടുകയും ഒരു രക്തസാക്ഷിയുടെ മരണം വരിക്കുകയും ചെയ്തു (67 A.D). ഐതീഹ്യമനുസരിച്ച് അന്ത്യോക്ക്യയിലേ ആദ്യത്തെ മെത്രാനും വിശുദ്ധനാണ്. ആദ്യത്തെ ക്രിസ്തീയ വിജ്ഞാനകോശങ്ങൾ എന്ന് വിശേഷിപ്പിക്കാവുന്ന രണ്ടു എഴുത്തുകൾ വിശുദ്ധന്റേതായിട്ടുണ്ട്. വിശുദ്ധനെ അടക്കം ചെയ്തിരിക്കുന്ന സ്ഥലത്താണ് ക്രിസ്തീയ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദേവാലയം സ്ഥിതിചെയ്യുന്നത്. ആ ദേവാലയത്തിലെ മകുടത്തിനു ചുറ്റുമായി ഈ വാക്കുകൾ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു, Tu es Petrus, et super hanc petram aedificabo ecclesiam meam (നീ പത്രോസാകുന്നു, നീ ആകുന്ന പാറമേൽ ഞാൻ എന്റെ സഭയെ സ്ഥാപിക്കും, നരകകവാടങ്ങൾ അതിനെതിരെ പ്രബലപ്പെടുകയില്ല, സ്വർഗ്ഗരാജ്യത്തിന്റെ താക്കോലുകൾ നിനക്ക് ഞാൻ തരും)

വിശുദ്ധ പൗലോസ്
തന്റെ വിശ്വാസ പരിവർത്തനത്തിനു മുൻപ് സാവൂൾ എന്നറിയപ്പെട്ടിരുന്ന പൗലോസ് ക്രിസ്തുവിന്റെ ആഗമനത്തിനു മുൻപ് ഏതാണ്ട് മൂന്നോ നാലോ വർഷങ്ങൾക്കു ശേഷം സിലിസിയായുടെ റോമൻ പ്രവിശ്യയായിരുന്ന ടാർസസിലായിരുന്നു ജനിച്ചത്. ബെഞ്ചമിന്റെ ഗോത്രത്തിൽ പ്പെട്ട യഹൂദന്മാരായിരുന്ന വിശുദ്ധന്റെ മാതാ-പിതാക്കൾ വിശുദ്ധനെ ഫരിസേയരുടെ കഠിനമായ മത-ദേശീയതക്കനുസൃതമായിട്ടായിരുന്നു വളർത്തിയിരുന്നത്. റോമൻ പൗരത്വത്തിന്റെ പ്രത്യേകമായ സവിശേഷതയും അവർക്കുണ്ടായിരുന്നു.
യുവാവായപ്പോൾ വിശുദ്ധൻ നിയമങ്ങളിൽ പ്രാവീണ്യം നേടുന്നതിനായി ജെറൂസലേമിലേക്ക് പോവുകയും അവിടെ ഗമാലിയേൽ എന്ന പ്രസിദ്ധനായ ഗുരുവിന്റെ ശിക്ഷ്യത്വം സ്വീകരിക്കുകയും ചെയ്തു. യേശുവിന്റെ പ്രേഷിതപ്രവർത്തനകാലത്ത് വിശുദ്ധൻ ജെറൂസലെമിൽ ഉണ്ടായിരുന്നില്ല. ഭൂമിയിലെ തന്റെ ജീവിതകാലത്തൊരിക്കലും വിശുദ്ധൻ യേശുവിനെ കാണുകയോ ചെയ്തിട്ടില്ല. വിശുദ്ധ നഗരത്തിലേക്ക് തിരികെ വന്ന പൗലോസ് അവിടെ വികസിച്ചുവരുന്ന ക്രിസ്തീയ സമൂഹത്തേയാണ് കണ്ടത്, ഉടനേ തന്നെ പൗലോസ് ക്രിസ്ത്യാനികളുടെ കടുത്ത ശത്രുവായി മാറി. യഹൂദ നിയമങ്ങളേയും, ദേവാലയത്തെയും എസ്തപ്പാനോസ് വിമർശിച്ചപ്പോൾ അവനെ കല്ലെറിയുന്ന ആദ്യത്തെ ആളുകളിൽ ഒരാൾ പൗലോസായിരുന്നു: അതിനു ശേഷം പൗലോസിന്റെ ഭയാനകമായ വ്യക്തിത്വം അദ്ദേഹത്തെ മതപീഡനത്തിലേക്ക് നയിച്ചു.
യേശുവിന്റെ ശിക്ഷ്യൻമാരെ അടിച്ചമർത്തുവാനായി ഡമാസ്‌കസ്സിലേക്ക് പോയികൊണ്ടിരിക്കുന്ന സമയത്താണ് ദൈവീക ഇടപെടലിലൂടെയുള്ള പരിവർത്തനത്തിനു വിശുദ്ധൻ വിധേയനാകുന്നത്. ജ്ഞാനസ്‌നാനം സ്വീകരിച്ചുകഴിഞ്ഞ് ചെറിയചെറിയ സുവിശേഷ പ്രഘോഷണങ്ങൾ നടത്തിയതിനു ശേഷം വിശുദ്ധൻ അറേബിയൻ മരുഭൂമിയിലേക്ക് പിൻവാങ്ങി (c. 34-37 A.D.). അവിടെ തന്റെ ഭാവിയിലെ പ്രവർത്തനങ്ങൾക്ക് വേണ്ട തയ്യാറെടുപ്പുകൾ വിശുദ്ധൻ നടത്തി. ഈ ധ്യാനത്തിനിടക്ക് വിശുദ്ധന് നിരവധി വെളിപാടുകൾ ലഭിക്കുകയും, യേശു വിശുദ്ധന് നേരിട്ട് പ്രത്യക്ഷപ്പെടുകയും ചെയ്തു.
തിരികെ ഡമാസ്‌കസ്സിലെത്തിയ വിശുദ്ധൻ അവിടെ സുവിശേഷ പ്രഘോഷണം ആരംഭിച്ചുവെങ്കിലും ജൂതന്മാർ വിശുദ്ധനെ വധിക്കുവാൻ തീരുമാനിച്ചതിനാൽ അവിടം വിടുവാൻ നിർബന്ധിതനായി. അവിടെ നിന്നും പത്രോസിനെ കാണുവാനായി ജെറൂസലേമിലേക്കാണ് വിശുദ്ധൻ പോയത്. ബാർണബാസാണ് വിശുദ്ധനെ ക്രിസ്തീയ സമൂഹത്തിനു പരിചയപ്പെടുത്തി കൊടുത്തത്. എന്നാൽ ജൂതൻമാരുടെ എതിർപ്പിനെ തുടർന്ന് വിശുദ്ധൻ അവിടെ നിന്നും രഹസ്യമായി പലായനം ചെയ്തു. അതിനു ശേഷമുള്ള വർഷങ്ങൾ (38-42 A.D.) അന്തിയോക്കിൽ പുതുതായി രൂപംകൊണ്ട ക്രിസ്തീയ സമൂഹത്തെ ബാർണബാസ് വിശുദ്ധനെ പരിചയപ്പെടുത്തുന്നത് വരെ ടാർസസിലാണ് അദ്ദേഹം ചിലവഴിച്ചത്. അന്തിയോക്കിൽ അവർ രണ്ടുപേരും ഒരു വർഷത്തോളം യേശുവിനു വേണ്ടി ഒരുമിച്ചു പ്രവർത്തിച്ചു. ക്ഷാമത്താൽ കഷ്ടപ്പെടുന്ന ജെറൂസലേം സമൂഹത്തിനു വേണ്ട പണവുമായി വിശുദ്ധൻ ജെറൂസലേമിലേക്ക് മറ്റൊരു യാത്ര നടത്തി.
വിശുദ്ധന്റെ ആദ്യത്തെ പ്രധാനപ്പെട്ട സുവിശേഷ പ്രഘോഷണ യാത്ര (45-48) ആരംഭിച്ചത് അദ്ദേഹത്തിന്റെ തിരിച്ചു വരവിനു ശേഷമാണ്. വിശുദ്ധനും ബാർണബാസും കൂടി സൈപ്രസിലും ഏഷ്യാ മൈനറിലും സുവിശേഷമെത്തിച്ചു (അപ്പസ്‌തോല പ്രവർത്തനങ്ങൾ 13:14). A.D 50-ൽ ജെറൂസലേമിലേക്ക് പൗലോസ് തിരിച്ചു വന്ന സമയത്തായിരുന്നു പ്രസിദ്ധമായ ജെറൂസലേം സമ്മേളനം നടത്തപ്പെട്ടത്. ആ സമ്മേളനത്തിലെ തീരുമാനങ്ങളിൽ ഉത്തേജിതനായ വിശുദ്ധൻ തന്റെ രണ്ടാമത്തെ പ്രേഷിത യാത്ര ആരംഭിച്ചു (51-53). ഏഷ്യാമൈനറിലൂടെ യാത്രചെയ്ത് യൂറോപ്പ് മറികടന്ന് ഫിലിപ്പി, തെസ്സലോണിയ, ബേരിയാ, ഏതൻസ്, ഗ്രീസ്, കൊറിന്ത് തുടങ്ങിയ സ്ഥലങ്ങളിൽ സുവിശേഷം പ്രഘോഷിക്കുകയും നിരവധി ദേവാലയങ്ങൾ സ്ഥാപിക്കുകയും ചെയ്തു.
വളരെ പെട്ടെന്ന് വികസിച്ചുവന്ന ഒരു പ്രധാനപ്പെട്ട ക്രിസ്തീയ സമൂഹത്തെ സ്ഥാപിച്ചു കൊണ്ട് ഏതാണ്ട് രണ്ടു വർഷത്തോളം വിശുദ്ധൻ കൊറീന്തോസിൽ ചിലവഴിച്ചു. 54-ൽ വിശുദ്ധൻ നാലാം പ്രാവശ്യവും ജെറൂസലേമിലെത്തി. വിശുദ്ധന്റെ മൂന്നാമത്തെ പ്രേഷിതയാത്ര (54-58) വിശുദ്ധനെ എഫേസൂസിലാണ് എത്തിച്ചത്. ഏതാണ്ട് മൂന്ന് വർഷങ്ങളോളം വളരെ വിജയകരമായി വിശുദ്ധൻ അവിടെ പ്രവർത്തിച്ചു.
58-ലെ പെന്തകോസ്ത് ദിനത്തിൽ തന്റെ യൂറോപ്പിലെ സമൂഹങ്ങളെ സന്ദർശിച്ഛതിനു ശേഷം വിശുദ്ധൻ അഞ്ചാം പ്രാവശ്യവും ജെറൂസലേമിലെത്തി. അവിടെവെച്ച് ജൂതന്മാർ തങ്ങളുടെ നിയമങ്ങളെ നിന്ദിച്ചു എന്ന കുറ്റം ചുമത്തി വിശുദ്ധനെ പിടികൂടി. അവിടെ സീസറിയായിൽ രണ്ടു വർഷത്തോളം തടവിൽ കഴിഞ്ഞതിനു ശേഷം, സീസറിനോട് അപേക്ഷിച്ചതിന്റെ ഫലമായി വിശുദ്ധൻ റോമിലേക്കയക്കപ്പെട്ടു. എന്നാൽ മാൾട്ടായിൽ വെച്ച് കപ്പൽ തകർന്നതിനാൽ 61-ലെ വസന്തകാലത്താണ് വിശുദ്ധൻ റോമിലെത്തുന്നത്.
അടുത്ത രണ്ടു വർഷങ്ങൾ വിശുദ്ധൻ അവിടെ തടവിലായിരുന്നു, പിന്നീട് വിട്ടയക്കപ്പെട്ടു. വിശുദ്ധന്റെ ജീവിതത്തിലെ അവസാന വർഷങ്ങൾ പ്രേഷിത യാത്രകൾക്കായിട്ടാണ് വിശുദ്ധൻ ചിലവഴിച്ചിരുന്നത്. ഒരു പക്ഷേ സ്‌പെയിനും ഇതിൽ ഉൾപ്പെട്ടിരിക്കാം. ആദ്യകാലങ്ങളിൽ താൻ സ്ഥാപിച്ച സഭകളെ ഇക്കാലയളവിൽ വിശുദ്ധൻ വീണ്ടും സന്ദർശിക്കുകയുണ്ടായി. 66-ൽ വിശുദ്ധൻ റോമിൽ തിരിച്ചെത്തി അവിടെയെത്തിയ വിശുദ്ധനെ പിടികൂടി തടവിലാക്കുകയും ഒരുവർഷത്തിനു ശേഷം കഴുത്തറത്ത് കൊലപ്പെടുത്തുകയും ചെയ്തു. വിശുദ്ധൻ എഴുതിയിട്ടുള്ള പതിനാല് എഴുത്തുകൾ അമൂല്യ രേഖകളാണ്; ഒരു മഹാത്മാവിലേക്കുള്ള ഉൾകാഴ്ചയാണ് അവ നൽകുന്നത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?