Follow Us On

26

April

2024

Friday

ജൂൺ 14: വിശുദ്ധ മെത്തോഡിയൂസ്

ജൂൺ 14: വിശുദ്ധ മെത്തോഡിയൂസ്

ഉന്നത കുലത്തില്‍ ജനിച്ച ഒരു സിസിലി നിവാസിയായിരുന്നു വിശുദ്ധ മെത്തോഡിയൂസ്. അഗാധമായ പാണ്ഡിത്യമുള്ളവനായിരുന്നു വിശുദ്ധന്‍. ഭൗതീകലോകത്തെ സുഖലോലുപത ഉപേക്ഷിച്ചുകൊണ്ട് ചിയോ എന്ന ദ്വീപില്‍ വിശുദ്ധന്‍ ഒരു ആശ്രമം പണികഴിപ്പിച്ചു, എന്നാല്‍ പിന്നീട് കോണ്‍സ്റ്റാന്റിനോപ്പിളിലെ പാത്രിയാര്‍ക്കീസ് ആയിരുന്ന വിശുദ്ധ നിസെഫോറസ് വിശുദ്ധനെ കോണ്‍സ്റ്റാന്റിനോപ്പിളിലേക്ക് വിളിപ്പിച്ചു. വിഗ്രഹാരാധകനായിരുന്ന ചക്രവര്‍ത്തിയും അര്‍മേനിയക്കാരനുമായിരുന്ന ലിയോ, പാത്രിയാര്‍ക്കീസിനെ രണ്ടു പ്രാവശ്യം നാട് കടത്തിയപ്പോള്‍ വിശുദ്ധനായിരുന്നു അദ്ദേഹത്തെ അനുഗമിച്ചിരുന്നത്. 817-ല്‍ വിശുദ്ധന്‍ പാത്രിയാര്‍ക്കീസിന്റെ പ്രതിനിധിയായി റോമിലേക്കയക്കപ്പെട്ടു. എന്നാല്‍ അധികം വൈകാതെ വിശുദ്ധ നിസെഫോറസിന്റെ മരണത്തെ തുടര്‍ന്ന് വിശുദ്ധന്‍ കോണ്‍സ്റ്റാന്റിനോപ്പിളില്‍ തിരിച്ചെത്തി. ഇതിനിടെ മതവിരുദ്ധവാദിയും, സംസാരിക്കുമ്പോള്‍ വിക്കുള്ളവനുമായിരുന്ന മൈക്കേല്‍ ചക്രവര്‍ത്തി വിശുദ്ധനെ പിടികൂടി തടവിലടച്ചു. ആ ചക്രവര്‍ത്തിയുടെ ഭരണകാലം മുഴുവനും വിശുദ്ധന് ആ തടവില്‍ കഴിയേണ്ടതായി വന്നു.

830-ല്‍ കത്തോലിക്കാ വിശ്വാസിയും ചക്രവര്‍ത്തിനിയുമായിരുന്ന തിയോഡോറ വിശുദ്ധനെ തടവില്‍ നിന്നും മോചിപ്പിച്ചു. എന്നാല്‍ അധികം താമസിയാതെ തന്നെ അവളുടെ ഭര്‍ത്താവും ദൈവ ഭക്തനുമല്ലാതിരുന്ന തിയോഫിലൂസ് വിശുദ്ധ മെത്തോഡിയൂസിനെ നാടുകടത്തി. 842-ല്‍ തിയോഫിലൂസ് മരണപ്പെടുകയും, തിയോഡോറ തന്റെ മകനും ചക്രവര്‍ത്തിയുമായ മൈക്കേല്‍ മൂന്നാമന്റെ ഉപദേഷ്ടാവാവുകയും ചെയ്തു. തുടര്‍ന്ന് അവര്‍ വിശുദ്ധ മെത്തോഡിയൂസിനെ കോണ്‍സ്റ്റാന്റിനോപ്പിളിലെ പാത്രിയാര്‍ക്കീസായി നിയമിച്ചു.വിശുദ്ധന്‍ കോണ്‍സ്റ്റാന്റിനോപ്പിള്‍ സഭയെ മതവിരുദ്ധ വാദത്തില്‍ നിന്നും മോചിപ്പിക്കുകയും, വര്‍ഷംതോറും ‘നന്ദിപ്രകാശന’ത്തിനായി ഒരു തിരുനാള്‍ സ്ഥാപിക്കുകയും ചെയ്തു. ‘ഫെസ്റ്റിവല്‍ ഓഫ് ഓര്‍ത്തോഡോക്സി’ എന്നാണ് ആ തിരുനാള്‍ അറിയപ്പെട്ടത്. മതപീഡനത്തിനിടക്ക് വിശുദ്ധന്റെ താടിയെല്ല് പൊട്ടിയതിനാല്‍, തന്റെ താടിക്ക് താഴെയായി ഒരു തുണികൊണ്ട് ചുറ്റികെട്ടിയാണ് വിശുദ്ധന്‍ ജീവിച്ചിരുന്നത്.

പല സഭാനിയമങ്ങള്‍ ക്രോഡീകരിച്ചും ചില പ്രബോധനങ്ങള്‍ ഏറെ വിശദമാക്കിയും വിശുദ്ധന്‍ നിരവധി ലേഖനങ്ങള്‍ രചിച്ചിട്ടുണ്ട്. വിശുദ്ധന്റെ സമകാലികനായിരുന്ന ഒരു പണ്ഡിതനായിരുന്നു അദ്ദേഹത്തിന്റെ ജീവചരിത്രം എഴുതിയത്. നാല് വര്‍ഷത്തോളം കോണ്‍സ്റ്റാന്റിനോപ്പിള്‍ സഭയെ നയിച്ചതിനു ശേഷം 846 ജൂണ്‍ 14ന് വിശുദ്ധന്‍ നീര്‍വീക്കം ബാധിച്ച് മരണപ്പെട്ടു. അദ്ദേഹത്തിന്റെ തൊട്ടു പിന്‍ഗാമിയായ വിശുദ്ധ ഇഗ്നേഷ്യസ് വര്‍ഷം തോറും വിശുദ്ധന്റെ തിരുനാള്‍ ആഘോഷിച്ചു തുടങ്ങി.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?