Follow Us On

22

January

2025

Wednesday

60 ദിനങ്ങൾ, 6500 മൈൽ ദൈർഘ്യം, ഒരു ലക്ഷം പേരുടെ പങ്കാളിത്തം; ലോകം ഇതുവരെ ദർശിക്കാത്ത ദിവ്യകാരുണ്യ പ്രദക്ഷിണത്തിന് തയാറെടുത്ത് അമേരിക്ക

60 ദിനങ്ങൾ, 6500 മൈൽ ദൈർഘ്യം, ഒരു ലക്ഷം പേരുടെ പങ്കാളിത്തം; ലോകം ഇതുവരെ ദർശിക്കാത്ത ദിവ്യകാരുണ്യ പ്രദക്ഷിണത്തിന് തയാറെടുത്ത് അമേരിക്ക

വാഷിംഗ്ടൺ ഡി.സി: 60 ദിനങ്ങൾ, 6500ൽപ്പരം മൈൽ ദൈർഘ്യം, ഒരു ലക്ഷത്തിൽപ്പരം പേരുടെ പങ്കാളിത്തം. അതിവിശേഷം എന്നുതന്നെ വിശേഷിപ്പിക്കാവുന്ന ദിവ്യകാരുണ്യ പ്രദക്ഷിണത്തിന് തയാറെടുക്കുകയാണ് യു.എസിലെ കത്തോലിക്കാ സഭ. വിശ്വാസീസമൂഹത്തിന്റെ ദിവ്യകാരുണ്യ ഭക്തി പുനരുജ്ജീവിപ്പിക്കാൻ സഭ നടപ്പാക്കുന്ന നാഷണൽ യൂക്കരിസ്റ്റിക് റിവൈവലിന്റെ സമാപനത്തോട് അനുബന്ധിച്ചാണ് ഒരുപക്ഷേ, ലോകംതന്നെ ഇതുവരെ സാക്ഷ്യം വഹിച്ചിട്ടില്ലാത്തവിധമുള്ള ദിവ്യകാരുണ്യ പ്രദക്ഷിണം സംഘടിപ്പിക്കപ്പെടുന്നത്.

2024 മേയ് 17 മുതൽ ജൂലൈ 16വരെയുള്ള രണ്ടു മാസം നീണ്ടുനിൽക്കുന്ന ദിവ്യകാരുണ്യ പ്രദക്ഷിണം പ്രമുഖ കാത്തലിക് മിനിസ്ട്രിയായ മോഡേൺ കാത്തലിക് പിൽഗ്രിമിന്റെ സഹകരണത്തോടെയാണ് നാഷണൽ യൂക്കരിസ്റ്റിക് റിവൈവൽ സംഘാടകർ ക്രമീകരിക്കുന്നത്. തീർത്ഥാടനത്തിലൂടെ വിശ്വാസവളർച്ച സാധ്യമാക്കാൻ ലക്ഷ്യം വെച്ച് പ്രവർത്തിക്കുന്ന കൂട്ടായ്മയാണ് ‘മോഡേൺ കാത്തലിക് പിൽഗ്രിം’

പടിഞ്ഞാറ് സാൻ ഫ്രാൻസിസ്‌കോ, കിഴക്ക് കണക്ടിക്കട്ട്, വടക്ക് മിനിസോട്ട, തെക്ക് ടെക്‌സസ് എന്നിവിടങ്ങളിൽനിന്നാണ് ദിവ്യകാരുണ്യ പ്രദക്ഷിണം ആരംഭിക്കുക. ഓരോ സ്ഥലത്തുനിന്ന് ആരംഭിക്കുന്ന പ്രദക്ഷിണത്തിന് വിവിധ വിശുദ്ധരെ രക്ഷാധികളായി പ്രഖ്യാപിക്കും. യു.എസിലെ പ്രധാന നഗരങ്ങൾ, ദൈവാലയങ്ങൾ, കത്തോലിക്കാ കോളേജുകൾ, പുണ്യസ്ഥലങ്ങൾ എന്നിവിടങ്ങളിൽ ദിവ്യകാരുണ്യ പ്രദക്ഷിണത്തിന് സ്റ്റോപ്പുകൾ ഉണ്ടാകും.

യാത്രാമധ്യേയുള്ള വിവിധ ദൈവാലയങ്ങളിൽ ദിവ്യബലിയർപ്പണം, ആരാധനകൾ, ദിവ്യബലിയെക്കുറിച്ചുള്ള പ്രഭാഷണങ്ങൾ എന്നിവയും ക്രമീകരിക്കും. നാഷണൽ യൂക്കരിസ്റ്റിക് റിവൈവലിന് സമാപനം കുറിച്ച് 2024 ജൂലൈ 16ന് ഇന്താനോപ്പോളീസിൽ സമ്മേളിക്കുന്ന ദേശീയ ദിവ്യകാരുണ്യ കോൺഗ്രസിൽ ദിവ്യകാരുണ്യ പ്രദക്ഷിണങ്ങൾ സംഗമിക്കും. ദിവ്യകാരുണ്യ കോൺഗ്രസിൽ ഒരു ലക്ഷം പേരുടെ പങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നത്.

എമ്മാവൂസിലേക്കുള്ള വഴിയിലൂടെ യേശു തന്റെ രണ്ട് ശിഷ്യന്മാരോടൊപ്പം നടന്ന ബൈബിൾ ഭാഗത്തെ അനുസ്മരിച്ചുകൊണ്ട് ‘നമ്മുടെ ദേശീയ എമ്മാവൂസ് നിമിഷം’ എന്നാണ് ഈ തീർത്ഥാടനത്തെ സംഘാടകർ വിശേഷിപ്പിക്കുന്നത്. എമ്മാവുസിലേക്കുള്ള പാതയുടെ മാതൃകയിലാണ് തീർത്ഥാടനം, യാത്രയിൽ ക്രിസ്തുവിനെ കണ്ടുമുട്ടാനുള്ള തീർത്ഥാടകർക്കുള്ള ക്ഷണമാണിതെന്ന് ‘മോഡേൺ കാത്തലിക് പിൽഗ്രിം’ മിനിസ്ട്രി പ്രസിഡന്റ് വിൽ എഫ്. പീറ്റേഴ്‌സൺ പത്രക്കുറിപ്പിലൂടെ പറഞ്ഞു.

വിശുദ്ധ കുർബാനയിൽ കൂദാശ ചെയ്യപ്പെടുന്ന അപ്പത്തിലും വീഞ്ഞിലും ക്രിസ്തുസാന്നിധ്യം ഉണ്ടെന്ന് വിശ്വസിക്കുന്ന അമേരിക്കക്കാരുടെ എണ്ണം മൂന്നിൽ ഒന്നുമാത്രമാണെന്ന് വ്യക്തമാക്കുന്ന സർവേഫലം ‘പ്യൂ റിസർച്ച്’ നാളുകൾക്കുമുമ്പ് പുറത്തുവിട്ടിരുന്നു. ഇതിന്റെ ഗൗരവം ഉൾക്കൊണ്ട് അമേരിക്കയിലെ കത്തോലിക്കാ സഭ 2022ൽ സമാരംഭിച്ച മൂന്നു വർഷത്തെ കർമപദ്ധതിയാണ് നാഷണൽ യൂക്കരിസ്റ്റിക്ക് റിവൈവൽ.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?