Follow Us On

23

November

2024

Saturday

വീണ്ടും പന്തക്കുസ്ത

പന്തക്കുസ്ത തിരുനാൾ (മേയ് 28) ആത്മനിറവിൽ ആഘോഷിക്കാൻ സഹായിക്കുന്ന ചിന്തകൾ പ്രമുഖ വചനപ്രഘോഷകർ പങ്കുവെക്കുന്നു.

*******

നമുക്കും ആശ്രയിക്കാം പരിശുദ്ധാത്മാവിൽ: ഫാ. സേവ്യർഖാൻ വട്ടായിൽ

പരിശുദ്ധാത്മാവിന്റെ ശക്തി വിസ്‌ഫോടനകരമാണ്. ഏതൊരു തലത്തിലുള്ള പ്രതികൂലങ്ങളെയും അതിജീവിക്കാൻ കഴിയുന്നതാണത്. കഴിഞ്ഞ രണ്ടായിരം വർഷമായി കർത്താവിന്റെ സഭ വളരെയധികം അന്ധകാര പീഡനങ്ങളിലൂടെ കടന്നുപോയിട്ടുണ്ടെന്ന് നമുക്കറിയാം. എന്നാൽ, അപ്പോഴെല്ലാം സഭ ആശ്രയിച്ചത് പരിശുദ്ധാത്മാവിലാണ്. വിശുദ്ധർ പരിശുദ്ധാത്മശക്തിയിൽ ആശ്രയിച്ചു. പാപ്പമാരും അതേ ശക്തിയിലാശ്രയിച്ചു. ദൈവാത്മാവ് വിസ്മയകരമായ കരുതലോടെ അപ്പോഴെല്ലാം സഭയെ നയിച്ചുകൊണ്ടിരുന്നു.

കാരണം തിരുസഭ പരിശുദ്ധാത്മാവിന്റെ സഭയാണ്. യേശുവിന്റെ ജനന, മരണ, ഉത്ഥാന സമയങ്ങളിൽ പരിശുദ്ധാത്മാവ് എങ്ങനെ പ്രവർത്തിച്ചോ അങ്ങനെതന്നെയാണ് ഇന്നും ആത്മാവ് സഭയിലും സമൂഹത്തിലും പ്രവർത്തിക്കുന്നത്. മിശിഹായുടെ ആത്മാവ് അവിടുത്തെ ശരീരത്തിന് ജീവൻ നൽകുന്നതുപോലെ ഇന്ന് പരിശുദ്ധാത്മാവ് സഭയ്ക്ക് ജീവൻ നൽകുന്നു.

മഹാ വിശുദ്ധരായ പണ്ഡിതരെല്ലാം സഭയും പരിശുദ്ധാത്മാവും തമ്മിലുളള ബന്ധത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെതന്നെയാണ്. ഇന്ന് നമ്മുടെ സഭ ചില പ്രതികൂലങ്ങളിലൂടെ കടന്നുപോകുമ്പോൾ നമ്മുടെ മനസ് തളരരുത്. വർധിത ശക്തിയോടെ സഭയെ നയിക്കാൻ പരിശുദ്ധാത്മാവിന് കഴിയുമെന്ന് ഓർക്കുക. അതിനാൽ ആത്മാവിനായി നാം കാത്തിരിക്കണം. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.

*******

അസാധ്യം സാധ്യമാക്കും പരിശുദ്ധാത്മാവ്: ഫാ.ഡാനിയേൽ പൂവണ്ണത്തിൽ

‘പരിശുദ്ധാത്മാവ് നിന്റെ മേൽ വരും അത്യുന്നതന്റെ ശക്തി നിന്റെ മേൽ ആവസിക്കും,’ (ലൂക്കാ 1:35). ഗബ്രിയേൽ മാലാഖ പരിശുദ്ധ മറിയത്തോട് പറഞ്ഞ അത്ഭുതവചസുകളാണിത്. യഥാർത്ഥത്തിലിത് രക്ഷയുടെ ആരംഭ വചസുകളാണ്. പുരുഷ സംസർഗമില്ലാതെ ഒരു കുഞ്ഞിന് എങ്ങനെ ജന്മം നൽകാൻ കഴിയും എന്ന സംശയം പരിശുദ്ധ അമ്മ മാലാഖയോട് ഉന്നയിക്കുമ്പോൾ ഇതിന് സ്വർഗം നൽകുന്ന മറുപടിയാണിത്. ‘പരിശുദ്ധാത്മാവ് നിന്റെ മേൽ വരും, അത്യുന്നതന്റെ ശക്തി നിന്റെ മേൽ ആവസിക്കും’ എന്ന കർത്താവിന്റെ ശക്തമായ വചനം.

മാനുഷികമായി നോക്കിയാൽ വിശദീകരണങ്ങളില്ലാത്ത, കൃത്യമായി ഉത്തരം പറയാൻ സാധിക്കാത്ത ഒരു സംഭവം. കന്യക പുരുഷസംസർഗമില്ലാതെ ഒരു കുഞ്ഞിനെ പ്രസവിക്കുക എന്ന അദ്ഭുതം ശാസ്ത്രീയ നിരീക്ഷണങ്ങൾക്കും അപ്പുറത്താണ്. ഈ മഹാസംഭവം നടക്കുന്നത് പരിശുദ്ധാത്മാവ് നിന്റെ മേൽ വരുമ്പോഴാണ്. അത്യുന്നതന്റെ ശക്തി നിന്റെ മേൽ ആവസിക്കുമ്പോഴാണ്. സംഭവ്യമല്ലാത്തത്, അസാധ്യമെന്ന് ലോകം കരുതുന്നത്, സംഭവിക്കില്ല എന്ന് നാം വിശ്വസിക്കുന്നത് സാധിച്ചുതരാൻ കഴിയുന്ന പരിശുദ്ധാത്മാവ് നിന്റെ മേൽ വരും. അത്യുന്നതന്റെ ശക്തി നിന്റെ മേൽ ആവസിക്കും.

എല്ലാ പരാജയങ്ങളിലും എല്ലാ ബലഹീനതകളിലും പ്രവർത്തിക്കുന്ന ആ ആത്മാവിനുവേണ്ടിയാണ് നാം കാത്തിരിക്കേണ്ടത്. അസാധ്യങ്ങളെ സാധ്യമാക്കുന്ന ദൈവികശക്തി നിറയാൻ ആത്മാവിന്റെ അഭിഷേകത്തിനുവേണ്ടി നമുക്ക് ഒരുമയോടെ കാത്തിരിക്കാം.

*******

കൃപ നിറയാൻ വേണ്ടി പ്രാർത്ഥിക്കണം: ഫാ. ഡൊമിനിക് വാളന്മനാൽ

പരിശുദ്ധാത്മാവ് നിങ്ങളുടെമേൽ വന്നുകഴിയുമ്പോൾ നിങ്ങൾ ശക്തി പ്രാപിക്കുമെന്ന് അപ്പസ്‌തോല പ്രവർത്തനങ്ങളിൽ നാം വായിക്കുന്നു. (1.8) ജറുസലേമിലും യൂദയായിലും സമരിയായിലും ഭൂമിയുടെ അതിർത്തികൾവരെ നിങ്ങളെനിക്ക് സാക്ഷികളായിരിക്കുകയും ചെയ്യും. പന്തക്കുസ്ത എന്നാണുണ്ടായത്? കൃത്യമായി പറഞ്ഞാൽ യേശു കുരിശിൽ മരിച്ച സമയത്തായിരുന്നു അത്.

പടയാളികളിലൊരാൾ അവിടുത്തെ മാറിടത്തിലേക്ക് കുന്തം കൊണ്ട് കുത്തുമ്പോൾ അവിടെ നിന്നും ചോരയും വെള്ളവും ഒഴുകി ലോകത്തിലേക്ക് വീണു. അതാണ് പടയാളിയുടെ കണ്ണിലേക്കും ഇറ്റുവീഴുന്നത്. ആ സമയത്ത് പ്രകൃതിയോടൊപ്പം മനുഷ്യരിലും ഒരുപാട് മാറ്റങ്ങൾ കാണാം. ശതാധിപൻ വിളിച്ചുപറയുകയാണ്, അവൻ സത്യമായും ദൈവപുത്രനാണെന്ന്. പടയാളികൾ വിളിച്ചു പറയുകയാണ്, അവൻ സത്യമായും ദൈവ പുത്രനാണെന്ന്. അതെ ആ സമയത്താണ് പരിശുദ്ധാത്മാവ് ഈ പ്രപഞ്ചം മുഴുവൻ വർഷിക്കപ്പെടുന്നത്.

യോഹന്നാൻ 3.34ൽ നാം വായിക്കുന്നു, ദൈവം അളന്നല്ല ആത്മാവിനെ കൊടുക്കുന്നത്. കുരിശിൽ വച്ച് തന്റെ ആത്മാവിനെ ലോകം മുഴുവനിലേക്കും ഈശോ അളവില്ലാതെ വർഷിച്ചു. നമ്മെ മൂടിയിരിക്കുന്ന ബന്ധനങ്ങൾ അഴിക്കുന്നതിന്, അശുദ്ധി വിട്ടുപോകുന്നതിന്, പൈശാചിക ശക്തി വിട്ടുപോകുന്നതിന്… അതിനാൽ പരിശുദ്ധാത്മശക്തി നിറയാൻ ഈ പന്തക്കുസ്താ നാളിൽ നമുക്ക് പ്രാർത്ഥിക്കാം.

*******

ദാഹിക്കുന്നവരാകാം: ഡോ. ജോൺ ഡി.

പന്തക്കുസ്താ തിരുനാളിനൊരുങ്ങുമ്പോൾ ക്രിസ്തുവിന്റെ ഉറക്കെയുള്ള ആഹ്വാനം നമ്മുടെ ഹൃദയത്തെ സ്പർശിക്കട്ടെ, ‘ദാഹിക്കുന്നവൻ എന്റെ അടുക്കൽ വന്ന് കുടിക്കട്ടെ.’ (യോഹ.7.38).എന്താണ് ഇതിലൂടെ യേശു സൂചിപ്പിക്കുന്ന ദാഹം എന്നതിനെക്കുറിച്ചൊന്ന് ചിന്തിക്കാം. തിരുനാളിന്റെഅവസാന ദിനത്തിൽ ജനങ്ങളെല്ലാം ഉണങ്ങിവരണ്ട് ഭവനങ്ങളിലേക്ക് പോകുന്നത് കണ്ടപ്പോഴാണ് യേശു ഇപ്രകാരം ഉച്ചത്തിൽ വിളിച്ച് പറഞ്ഞത്.

ദാഹിക്കുന്നവർക്കുള്ളതാണ് പരിശുദ്ധാത്മാവ്. ദൈവത്തിനുവേണ്ടി കൊതിക്കാത്തൊരു വ്യക്തിക്ക് ദൈവത്തെ ലഭിക്കുക സാധ്യമല്ല. ‘ദാഹാർത്തരേ ജലാശയത്തിലേക്ക് വരുവിൻ. നിർധനൻ വന്നു വാങ്ങി ഭക്ഷിക്കട്ടെ, പാലും വീഞ്ഞും സൗജന്യമായി ലഭിക്കും,’ (ഏശയ്യ.55.1) ഏശയ്യാ പ്രവാചകൻ പറയുന്നത്, ആത്മാവിനെ കിട്ടുന്നതിനുള്ള പ്രധാന വ്യവസ്ഥ ദാഹമുള്ളവരായിരിക്കുക എന്നു തന്നെയാണ്. വെളിപാട് 22-ാം അധ്യായം അവസാനിക്കുന്നത് ഇങ്ങനെയാണ്, ‘ആത്മാവും മണവാട്ടിയും പറയുന്നത് കേൾക്കുക…ദാഹിക്കുന്നവൻ വന്ന് കുടിക്കട്ടെ…’

ഈ വചനത്തോടുകൂടി ബൈബിൾ അവസാനിക്കുകയാണ്. വിശുദ്ധ ഗ്രനഥം നമുക്ക് തരുന്ന അവസാനത്തെ സന്ദേശമെന്താണെന്ന് ചോദിച്ചാൽ, ‘ദാഹിക്കുന്നവൻ എന്റെ അടുക്കൽ വരട്ടെ’ എന്ന് തന്നെയാണ്. അതിനാൽ നമുക്ക് ദാഹത്തോടെ പ്രാർത്ഥിക്കാം. അവിടുന്ന് നമ്മുടെ മേൽ ആത്മാവിനെ വർഷിക്കുക തന്നെ ചെയ്യും.

*******

പിൻമഴ പെയ്യട്ടെ…: ഷെവ. ബെന്നി പുന്നത്തറ

പ്രശസ്തമായൊരു ഗാനമാണ് ‘പന്തക്കുസ്താ നാളിൽ മുൻ മഴ പെയ്യിച്ച പരമപിതാവേ പിൻമഴ നൽകൂ,’ എന്നത്. വർഷകാലത്ത് ധാരാളം മഴപെയ്യുമെന്ന് നമുക്കറിയാം. മഴക്കാലമെല്ലാം കഴിഞ്ഞ് വേനൽക്കാലത്തേക്ക് പ്രവേശിക്കുമ്പോൾ ഇടയ്ക്ക് വേനൽ മഴകളും ഉണ്ടാകാറുണ്ട്. കൊടും വേനലിൽ പെയ്യുന്ന മഴ മണ്ണിനും മനുഷ്യനും കുളിർമ നൽകും. വേനൽമഴ പെയ്യുമ്പോൾ എന്താണ് സംഭവിക്കുന്നത്? വറ്റിവരണ്ട കിണറുകളിൽ ജലമെത്തും, വാടിപ്പോയ ചെടികളെല്ലാം തളിരിടും, വരണ്ട മണ്ണിൽ ഒളിച്ചിരുന്ന വിത്തുകൾ പൊട്ടിമുളച്ച് വളരാൻ തുടങ്ങും…

ഇതുപോലെ പരിശുദ്ധാത്മാവ് എന്ന വേനൽമഴ വ്യക്തികളുടെ ജീവിതത്തിലേക്ക് കടന്നുവരുമ്പോൾ അവരിലോരോരുത്തരിലും സമൂഹത്തിലും മാറ്റം ഉണ്ടാകും. അതുവരെ ഉണ്ടായിരുന്ന വരണ്ടുണങ്ങിയ അവസ്ഥ മാറും, ജീവിതം കുളിർമയുള്ളതാകും. അതുകൊണ്ട് നമ്മുടെ വളർച്ച മുരടിച്ച അവസ്ഥയ്ക്കും തളർച്ചയ്ക്കുമുള്ള ഏകപരിഹാരം ഒരു പുതിയ മഴ – പരിശുദ്ധാത്മാവിന്റെ പുത്തൻമഴ- ഉണ്ടാവുക എന്നതാണ്.

ആദ്യ നൂറ്റാണ്ടിൽ പെയ്ത മുൻമഴ പോലെ ഈ അവസാന കാലഘട്ടത്തിലും ഒരു പിൻമഴ നമുക്കാവശ്യമാണ്. വരണ്ടുണങ്ങിപ്പോയതും നന്മ വറ്റിയതുമായ ജീവിതങ്ങൾ വീണ്ടും തഴച്ചുവളരാൻ നമുക്കിന്നൊരു മഴ ആവശ്യമാണ്. അതിനാൽ നമുക്കും പ്രാർത്ഥിക്കാം, ഒരു പിൻമഴയെ ഞങ്ങൾക്കായി അയക്കണമേ എന്ന്…

*******

അനുതപിച്ച് ഒരുങ്ങാം: സന്തോഷ് കരുമത്ര

ഇന്ന് സഭ വലിയ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന കാലമാണെന്ന് നമുക്കറിയാം. സഭ ഇക്കാലത്ത് നേരിടുന്ന എല്ലാ പ്രശ്‌നങ്ങൾക്കുമുള്ള ഉത്തരമാണ് പരിശുദ്ധാത്മാവ് സഭയ്ക്ക് നൽകുന്ന പുതിയ പന്തക്കുസ്ത. വിശുദ്ധ പോൾ ആറാമൻ സഭയ്ക്ക് അനുഗൃഹീതനായൊരു പാപ്പയായിരുന്നു. തന്റെ സഭാഭരണകാലത്ത് പാപ്പ പലപ്പോഴും തന്നോടുതന്നെ ചോദിച്ച ഒരു പ്രധാന ചോദ്യമുണ്ടായിരുന്നു:

‘ഇന്ന് തിരുസഭയ്ക്ക് ഏറ്റവും ആവശ്യമായിരിക്കുന്നത് എന്താണ്?’ ഈ ചോദ്യത്തിന് പാപ്പ തന്നെ നൽകുന്ന മറുപടി ഇങ്ങനെയാണ്: ‘ഇന്ന് സഭയ്ക്ക് ഏറ്റവും ആവശ്യമായിരിക്കുന്നത് പരിശുദ്ധാത്മാവ് നൽകുന്ന നിത്യമായ പന്തക്കുസ്തയാണ്.’ സഭ ഇന്ന് മുന്നോട്ട് പോകേണ്ടത് പന്തക്കുസ്തയുടെ ഈ ശക്തിയിലാണ്.

സക്കറിയാ പ്രവചനം ഒന്നാം അധ്യായം മൂന്നാം വചനത്തിൽ പരിശുദ്ധാത്മാവ് പ്രവാചകനിലൂടെ ജനത്തോട് പറയുകയാണ്, ‘നിങ്ങൾ എന്റെ സന്നിധിയിലേക്ക് മടങ്ങിവരുക… അപ്പോൾ ഞാനും നിങ്ങളുടെ ഇടയിലേക്ക് ഇറങ്ങിവരും…’ പന്തക്കുസ്തയുടെ ശക്തിയിൽ സഭ നിറയണമെങ്കിൽ സഭാമക്കളായ നാം ഇതിന്റെ പ്രാധാന്യം മനസിലാക്കിക്കൊണ്ട് അനുതപിച്ച് ദൈവസന്നിധിയിലേക്ക് തിരിച്ചുവരണം. അതിനായി പ്രാർത്ഥിക്കാം.

*******

ദൈവീകശക്തി നേടാം: സാബു ആറുതൊട്ടിയിൽ

ഇക്കാലഘട്ടത്തിൽ ഓരോ വിശ്വാസിയും ഹൃദയഭാരത്തോടെ പ്രാർത്ഥിക്കേണ്ടത്, പരിശുദ്ധാത്മാവിന്റെ ശക്തി വെളിപ്പെടാനും നിറയാനുംവേണ്ടിയാണ്. നമ്മുടെ ഈ ഭാരതത്തിന്റെ മണ്ണിൽ ദൈവശക്തിയുടെ പുതിയ അഭിഷേകത്തിന്റെ അതിശക്തമായ ശുശ്രൂഷ തുറക്കപ്പെടേണ്ടതിന്റെ കാലഘട്ടത്തിലേക്ക് ദൈവാത്മാവ് നമ്മെ നയിക്കുകയാണ്. സങ്കീർത്തനം 92:10ൽ നാം വായിക്കുന്നു, എന്റെ കൊമ്പ് കാട്ടുപോത്തിന്റെ കൊമ്പുപോലെ അവിടുന്ന് ഉയർത്തി. എന്റെമേൽ പുതിയ തൈലം ഒഴിച്ചു. എന്റെ ശത്രുവിന്റെ പതനം എന്റെ കണ്ണുകൾ കണ്ടു, നാം തിരിച്ചറിയുക.

അസാധാരണമായ കരുത്തുള്ള ജീവിയാണ് കാട്ടുപോത്ത്. ഇതുപോലെ ദൈവശക്തി മനുഷ്യന് വിവരിക്കാനോ വർണിക്കാനോ സാധ്യമല്ല, ആ ദൈവിക ശക്തിയിൽ നിറഞ്ഞാണ് പൂർവപ്രവാചകന്മാരായ മോശയും സാംസണും ഏലിയായും ഏലിഷായുമൊക്കെ അതിശക്തമായ ദൈവ പ്രവർത്തികൾ സമൂഹമധ്യത്തിൽ ചെയ്തത്. ഈ കാലഘട്ടത്തിലും വേണ്ടത് അതിശക്തമായ ആത്മനിറവാണ്. അതിനായി നാം വിലകൊടുക്കണം. വിലയുള്ളത് ലഭിക്കണമെങ്കിൽ വിലയുള്ളത് കൊടുക്കണം.

ഉപവാസത്തിന്റെ, പ്രാർത്ഥനയുടെ, ത്യാഗത്തിന്റെ ദിവസങ്ങളാക്കി ഇനിയുള്ള ദിവസങ്ങളെ നമുക്ക് മാറ്റാം. പുതിയ അഭിഷേകത്തിന്റെ തൈലം അവിടുന്ന് നമ്മുടെമേൽ ഒഴിക്കും. ക്രിസ്തുവിന്റെ കല്ലറയെ പിളർത്തിയ അതേശക്തിയുടെ തുറവിക്കായി നമുക്ക് പ്രാർത്ഥിക്കാം.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടും നിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?