Follow Us On

03

May

2024

Friday

പരിശുദ്ധ ദൈവമാതാവ് കണ്ണീരൊഴുക്കി; എന്താവും അമ്മയുടെ സങ്കടം? വിശുദ്ധ ജോൺ പോൾ പറഞ്ഞ ഉത്തരം ഇന്നും പ്രസക്തം

ഈ വർഷത്തെ മേയ് മാസവണക്കത്തിന്‌ സമാപനം കുറിക്കുമ്പോൾ, നമുക്ക് ഇറ്റലിയിലെ സൈറാക്കാസിലേക്ക് ഒരു യാത്രപോകാം- ദൈവമാതാവിന്റെ ചിത്രത്തിൽനിന്ന് ആദ്യമായി കണ്ണീർ ഒഴുകിയ സൈറാക്കാസിലേക്ക്! അവിടെവെച്ചാണ്, ദൈവമാതാവിന്റെ കണ്ണീരിന് പിന്നിലുള്ള കാരണം വിശുദ്ധ ജോൺ പോൾ രണ്ടാമൻ വെളിപ്പെടുത്തിയത്.

സ്വന്തം ലേഖകൻ

പരിശുദ്ധ ദൈവമാതാവ് കണ്ണീർ വാർത്ത അത്ഭുതം ആദ്യമായി റിപ്പോർട്ട് ചെയ്തത് ഇറ്റലിയിലെ സൈറാക്കസിൽനിന്നാണ്. 1953ലായിരുന്നു സംഭവം. ഒരു വീട്ടിൽ സ്ഥാപിച്ചിരുന്ന രൂപത്തിൽനിന്ന് നാല് ദിനങ്ങളിലായി (ഓഗസ്റ്റ് 29 രാവിലെ മുതൽ സെപ്റ്റംബർ ഒന്നുവരെ) ഏതാണ്ട് 56 മണിക്കൂർ നേരം അമ്മയുടെ കണ്ണിൽനിന്ന് കണ്ണീരൊഴുകി. ശാസ്ത്രീയ പരീക്ഷണങ്ങൾക്കൊടുവിൽ സഭാനേതൃത്വം അത്ഭുതം സ്ഥിരീകരിച്ചതോടെ ഉയർന്ന ദൈവാലയം- സാംഗ്ച്വറി ഓഫ് മെഡോണ ഡെല്ല ലാക്രൈം- പ്രമുഖ തീർത്ഥാടനകേന്ദ്രമാണിപ്പോൾ.

സൈറാക്കസ് പട്ടണത്തിലെ ആൻജലോ ജാനുസോയുടെ ഭവനത്തിലാണ് ആ അത്ഭുതം സംഭവിച്ചത്. ആൻജലോ ജാനുസോയുടെ ഭാര്യ ആന്റോണിയോ ഗർഭിണിയായിരുന്നു. ഗർഭസ്ഥശിശുവിന് ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായിരുന്നതിനാൽ ഡോക്ടർമാരുടെ നിർദേശപ്രകാരം പൂർണ വിശ്രമത്തിലായിരുന്നു അവർ. മറ്റ് ചില ശാരീരിക അവശതകളും അവളെ ക്ലേശിപ്പിച്ചിരുന്നു. ആൻജലോ ജോലിക്ക് പോയാൽ പിന്നെ ഭർതൃസഹോദരി ഗ്രാസിയായും മറ്റൊരു ബന്ധുവും മാത്രമേ അവൾക്ക് കൂട്ടുണ്ടായിരുന്നുള്ളൂ. അവൾ കിടന്ന കട്ടിലിനോട് ചേർന്ന് മാതാവിന്റെ ചെറിയ രൂപമുണ്ടായിരുന്നു. ദിവസത്തിലെ മുഴുവൻ സമയവും അതിൽ നോക്കി അവൾ പ്രാർത്ഥിച്ച് കൊണ്ടിരുന്നു. അങ്ങനെ പ്രാർത്ഥിക്കുന്ന ഒരു ദിവസം അവൾ മാതാവിന്റെ മുഖത്തേക്ക് സൂക്ഷിച്ചുനോക്കി.

സൈറാക്കസിൽ, കണ്ണീർ വാർത്ത പരിശുദ്ധ അമ്മയുടെ രൂപം

അമ്മയുടെ കണ്ണിൽനിന്ന് കണ്ണീർ ഒഴുകിയിറങ്ങുന്നു! ‘അമ്മ കരയുകയാണോ?’ ഇത്തിരി ഉറക്കെ അത്ഭുതത്തോടെയാണ് ആന്റോണിയോ ചോദിച്ചത്. അവളുടെ ശബ്ദം കേട്ട് ഓടിവന്ന ഗ്രാസിയായും ആ കണ്ണീർ കണ്ടു. വിരൽകൊണ്ട് അവൾ രൂപത്തിൽ തൊട്ടുനോക്കി. അത്ഭുതം! കൈവിരൽ നനഞ്ഞിരിക്കുന്നു. അമ്മ കരയുകയാണ്. ഈ അത്ഭുതദൃശ്യം കണ്ട് ബന്ധുവും വിസ്മയഭരിതയായി. അന്റോണിയായുടെ ശാരീരികക്ഷീണവും രോഗതീവ്രതയും തൽക്ഷണം വിട്ടുപോയി. അവൾ ഊർജസ്വലതയോടെ എഴുന്നേറ്റു. അധികം വൈകാതെ വാർത്തയറിഞ്ഞ് നാട്ടുകാർ ഓടിയെത്താൻ തുടങ്ങി.

എല്ലാവരും ഈ യാഥാർത്ഥ്യം നേരിൽ കണ്ടു. അവരെല്ലാവരും ഉച്ചസ്വരത്തിൽ ‘നന്മനിറഞ്ഞ മറിയമേ’ എന്ന ജപം ചൊല്ലാൻ തുടങ്ങി. മണിക്കൂറുകൾക്കകം ആയിരക്കണക്കിനാളുകൾ ആ വീട്ടിലേക്ക് ഒഴുകിയെത്തി. 1953 ഓഗസ്റ്റ് 29 രാവിലെ മുതൽ സെപ്റ്റംബർ ഒന്ന് ഉച്ചവരെ അതാണ്ട് 56 മണിക്കൂർ അമ്മയുടെ കണ്ണിൽനിന്ന് കണ്ണീർ പ്രവാഹമുണ്ടായി.സംഭവത്തിന്റെ നിജസ്ഥിതി അറിയാൻ സഭാധികൃതർ 189 പേരിൽനിന്ന് കാര്യങ്ങൾ വിശദമായി ചോദിച്ചറിഞ്ഞു. തുടർന്ന് ശാസ്ത്രീയ പരീക്ഷണങ്ങൾ നടത്താനും തീരുമാനമായി.

സൈറാക്കസിൽ, കണ്ണീർ വാർത്ത പരിശുദ്ധ അമ്മയുടെ രൂപവുമായി ആൻജലോ ജാനുസോ- ആന്റോണിയോ ദമ്പതികൾ.

മാതാവിന്റെ തിരുസ്വരൂപത്തിൽനിന്ന് ശേഖരിച്ച 19 തുള്ളി കണ്ണീർ ലാബിലെ വിവിധ ടെസ്റ്റുകൾക്ക് വിധേയമാക്കി. മനുഷ്യന്റെ കണ്ണീരിൽ കാണപ്പെടുന്നതുപോലെ സോഡിയം ക്ലോറൈഡിന്റെ ജലീയലായനിയും പ്രോട്ടീനും സിൽവർ സംയുക്തങ്ങളും ഈ കണ്ണീരിലും കാണപ്പെട്ടു.അധികം വൈകാതെ മാതാവിന്റെ കണ്ണീരിന്റെ നിജസ്ഥിതിയുടെ റിപ്പോർട്ട് പ്രസിദ്ധീകരിക്കപ്പെട്ടു.

പ്രമുഖ ഡോക്ടർമാരായ മൈക്കിൾ കമ്പോള, ഫ്രാൻസിസ് കോട്സി, ലിയോ പോഡേ, ലാറോസ എന്നിവരായിരുന്നു ഈ പരീക്ഷണത്തിന് നേതൃത്വം നൽകിയത്. തെളിവുകളുടെയും റിപ്പോർട്ടുകളുടെയും നൂറുകണക്കിനാളുകളുടെ സാക്ഷ്യമൊഴികളുടെയും വെളിച്ചത്തിൽ ഇത് ‘മാതാവിന്റെ കണ്ണീർപ്രവാഹ’മാണെന്നുതന്നെ ആധികാരികമായി സഭ പ്രഖ്യാപിച്ചു.

സഭാനേതൃത്വം അംഗീകരിച്ചതിനെ തുടർന്ന്, രക്ത കണ്ണീരൊഴുക്കിയ രൂപം സമീപ ദൈവാലയത്തിലേക്ക് മാറ്റി സ്ഥാപിച്ചു. തുടർന്ന് 1957ൽ പുതിയ ദൈവാലയത്തിന്റെ രൂപ കൽപ്പന പൂർത്തിയാക്കി 1966ൽ നിർമാണം ആരംഭിച്ചു. പലവിധ കാരണങ്ങളാൽ നീണ്ടുപോയ നിർമാണം 1994ലാണ് പൂർത്തിയായത്. അതേ വർഷം നവംബർ ആറിനാണ് വിശുദ്ധ ജോൺ പോറ് രണ്ടാമൻ പാപ്പ ദൈവാലയത്തിന്റെ കൂദാശ നിർവഹിച്ചത്.

സാംഗ്ച്വറി ഓഫ് മെഡോണ ഡെല്ല ലാക്രൈം

നിരന്തരം ഉയരുന്ന ജപമാലകളുടെ മധ്യത്തിലിരുന്നു പരിശുദ്ധപിതാവ് പറഞ്ഞു: ‘അമ്മയുടെ സാന്നിധ്യം ലോകത്തിലുണ്ട് എന്നതിന് വ്യക്തമായ തെളിവാണ് മാതാവിന്റെ കണ്ണീർ. ആത്മീയമോ ശാരീരികമോ ആയിക്കൊള്ളട്ടെ തന്റെ മക്കൾ അപകടങ്ങളുടെയും ദുരിതങ്ങളുടെയും ഭീഷണിക്ക് മുന്നിലെന്ന് കാണുമ്പോൾ അമ്മ കരയും.’

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ, നമ്മുടെ സമീപദേശങ്ങളിൽവരെ പരിശുദ്ധ അമ്മയുടെ രൂപത്തിൽനിന്ന് രക്തക്കണ്ണീർ ഒഴുകുന്ന സംഭവങ്ങൾ തുടർച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്നു. വിശുദ്ധ ജോൺ പോൾ രണ്ടാമന്റെ വാക്കുകൾ സ്മരിക്കുമ്പോൾ, അമ്മയുടെ മക്കളായ നാം ഓരോരുത്തരും ഭീഷണിയുടെ നിഴലിലാണ്. നമുക്കും പ്രാർത്ഥിക്കാം, മഹാമാരികളിൽ നിന്നും ദുരന്തങ്ങളിൽ നിന്നും അപകടങ്ങളിൽ നിന്നും യുദ്ധഭീഷണിയിൽനിന്നും ഞങ്ങളെ ഓരോരുത്തരെയും കാത്തുകൊള്ളണേയെന്ന്.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടും നിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Similar Posts

Latest Posts

Don’t want to skip an update or a post?