Follow Us On

22

November

2024

Friday

ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ ബലിവേദിയിൽവെച്ച് കഴുത്തറുത്ത് കൊന്ന ഫാ. ജാക്വിസ് ഹാമിലിന്റെ രക്തസാക്ഷിത്വത്തിന് ഏഴ് വയസ്

ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ  ബലിവേദിയിൽവെച്ച് കഴുത്തറുത്ത് കൊന്ന ഫാ. ജാക്വിസ് ഹാമിലിന്റെ രക്തസാക്ഷിത്വത്തിന് ഏഴ് വയസ്

പാരിസ്: ദിവ്യബലി അർപ്പണമധ്യേ ഫ്രാൻസിൽ ഇസ്ലാമിക തീവ്രവാദികൾ കഴുത്തറുത്ത് കൊന്ന ഫാ. ജാക്വിസ് ഹാമിലിന്റെ രക്തസാക്ഷിത്വത്തിന് ഏഴ്‌ വയസ്. ആ അരുംകൊലയുടെ നടക്കുന്ന ഓർമകൾക്കുമുമ്പിൽ സ്മരണാജ്ഞലികൾ അർപ്പിക്കുമ്പോൾ, അദ്ദേഹത്തിന്റെ വിശുദ്ധാരാമ പ്രവേശനം വേഗത്തിലാകുമെന്ന പ്രതീക്ഷകളും വർദ്ധിക്കുകയാണ്. വിശുദ്ധ ജോൺ പോൾ രണ്ടാമന്റെയും കൊൽക്കത്തയിലെ വിശുദ്ധ തെരേസയുടെയും വഴിയേ, ഫാ. ഹാമിൽ അതിവേഗം വിശുദ്ധാരാമത്തിൽ എത്തുമെന്നു തന്നെയാണ് വിശ്വാസീസമൂഹത്തിന്റെ പ്രതീക്ഷ.

2016 ജൂലൈ 26ന് ഫ്രാൻസിലെ നോർമണ്ടി ‘സെന്റ് എറ്റിനി ഡു റൂവ്റേ’ ദൈവാലയത്തിൽ ദിവ്യബലി അർപ്പിക്കവേയാണ് രണ്ട് ഐസിസ് തീവ്രവാദികൾ ചേർന്ന് 85 വയസുകാരനായ ഫാ. ഹാമിലിനെ അരുംകൊല ചെയ്തത്. മരണമടഞ്ഞ് അഞ്ച് വർഷത്തിനുശേഷമേ നാമകരണ നടപടികൾ ആരംഭിക്കാവൂ എന്ന സഭാനിയമം വിശുദ്ധ ജോൺ പോൾ രണ്ടാമൻ, വിശുദ്ധ മദർ തെരേസ എന്നിവരുടെ കാര്യത്തിലെന്നപോലെ, ഹാമിലിന്റെ കാര്യത്തിലും വത്തിക്കാൻ ഭേദഗതി ചെയ്തിരുന്നു.

അതേ തുടർന്ന്, കൊല്ലപ്പെട്ടതിന്റെ എട്ടാം മാസത്തിൽ (2017 ഏപ്രിലിൽ) നാമകരണ നടപടികൾ ആരംഭിക്കുകയും ചെയ്തു. മരണമടഞ്ഞതിന്റെ മൂന്നാം വർഷത്തിൽ (2019 ഏപ്രിൽ 10ന്) നാമകരണവുമായി ബന്ധപ്പെട്ട് അതിരൂപതാ കോടതി സമർപ്പിച്ച രേഖകൾ വത്തിക്കാന്റെ സൂക്ഷ്മപരിശോധനയിലാണിപ്പോൾ. ഫാ. ഹാമിലിന്റെ ജീവിതം, അവസാന മണിക്കൂറുകൾ, മരണം എന്നിങ്ങനെയുള്ള കാര്യങ്ങളെക്കുറിച്ചുള്ള പഠന റിപ്പോർട്ട് വലിയ ആറു പേടകങ്ങളിലാക്കിയാണ് വത്തിക്കാന് കൈമാറിയത്.

അസാധാരണ നടപടിയുടെ ഫലമായി, മരണമടഞ്ഞതിന്റെ ഒൻപതാം വർഷം ജോൺ പോൾ രണ്ടാമൻ പാപ്പയും 19-ാം വർഷം മദർ തെരേസയും വിശുദ്ധപദവി പുൽകി. എന്നാൽ, ഫാ. ഹാമിലിന്റെ വിശുദ്ധ പദവി അതിനേക്കാൾ വേഗതയിൽ ഉണ്ടാകാനുള്ള സാധ്യതയും വത്തിക്കാൻ വൃത്തങ്ങൾ മുന്നോട്ടുവെക്കുന്നുണ്ട്. അദ്ദേഹം രക്തസാക്ഷിയാണെന്നതുതന്നെ കാരണം. സാധാരണഗതിയിൽ വാഴ്ത്തപ്പെട്ട, വിശുദ്ധ പദവികളിലേക്ക് ഉയർത്തപ്പെടണമെങ്കിൽ വൈദ്യശാസ്ത്രത്തിന് വിശദീകരിക്കാനാവാത്ത രണ്ട് അത്ഭുത രോഗസൗഖ്യങ്ങൾ സ്ഥിരീകരിക്കേണ്ടതുണ്ട്. എന്നാൽ, രക്തസാക്ഷിത്വം വത്തിക്കാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചാൽ മേൽപ്പറഞ്ഞ ഈ നടപടിക്രമം നിർബന്ധമില്ല.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടും നിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?