വത്തിക്കാൻ സിറ്റി: നല്ല ഫലങ്ങൾ സമൃദ്ധമായി പുറപ്പെടുവിക്കണമെങ്കിൽ നമ്മുടെ ആത്മീയ ആരോഗ്യം പരിപാലിക്കണമെന്നും ഈശോയുമായുള്ള ബന്ധം കാത്തുസൂക്ഷിക്കണമെന്നും ഉദ്‌ബോധിപ്പിച്ച് ഫ്രാൻസിസ് പാപ്പ. കഴിഞ്ഞ ദിവസം കുറിച്ച ട്വിറ്റർ സന്ദേശത്തിലാണ്, സത്ഫലങ്ങൾ പുറപ്പെടുവിക്കാൻ ഓരോ ക്രിസ്തുവിശ്വാസിയും കാത്തുപരിപാലിക്കേണ്ട അടിസ്ഥാന വസ്തുത പാപ്പ ഓർമിപ്പിച്ചത്.
‘നന്നായി കൃഷിചെയ്യുകയും പരിപാലിക്കുകയും ചെയ്യുമ്പോൾ ഭൂമി സമൃദ്ധമായി ഫലം പുറപ്പെടുവിക്കുന്നതുപോലെ തന്നെയാണ് നമ്മുടെ കാര്യത്തിലും സംഭവിക്കുക. നമ്മുടെ ആത്മീയ ആരോഗ്യം നാം വളർത്തിയെടുക്കുകയും കർത്താവുമായി നല്ല ബന്ധം പുലർത്തുകയും ചെയ്യുമ്പോൾ നാം ധാരാളം സൽഫലങ്ങൾ പുറപ്പെടുവിക്കാൻ തുടങ്ങും,’ ഇപ്രകാരമായിരുന്നു പാപ്പയുടെ ട്വീറ്റ്.
ഇതിനോട് ചേർത്തുവെക്കാവുന്ന മറ്റൊരു ട്വിറ്റർ സന്ദേശവും പാപ്പ പങ്കുവെച്ചിരുന്നു. ദൈവസ്‌നേഹം വർഷിക്കപ്പെടാൻ അനുദിനം പ്രാർത്ഥിക്കേണ്ടതിന്റെ പ്രസക്തി വ്യക്തമാക്കുന്ന ട്വീറ്റിന്റെ പൂർണരൂപം ഇപ്രകാരമായിരുന്നു:
‘അനുദിനം പ്രാർത്ഥിക്കണം. ദൈവത്തിനുവേണ്ടി സമയം നീക്കിവെച്ചാൽ അവിടുത്തേക്ക് നമ്മുടെ സമയത്തിലേക്ക് പ്രവേശിക്കാനാകും. അവിടുത്തേക്ക് മുമ്പിൽ ഇടയ്ക്കിടെ നാം ഹൃദയം തുറക്കണം, അപ്രകാരം ചെയ്യുന്നതിലൂടെ തന്റെ സ്‌നേഹം അനുദിനം നമ്മിലേക്ക് വർഷിക്കാനും നമ്മുടെ വിശ്വാസം പരിപോഷിപ്പിക്കാനും അവിടുത്തേക്കാകും.’
ട്വിറ്ററിൽ നാല് കോടിയിൽപ്പരം അനുയായികളുള്ള പാപ്പയുടെ ട്വീറ്റുകൾ ഇംഗ്ലീഷ്, സ്പാനിഷ്, അറബി, ലത്തീൻ, ജർമൻ, ഇറ്റാലിയൻ, പോളിഷ്, പോർച്ചുഗീസ്, ഫ്രഞ്ച് എന്നീ ഒൻപതു ഭാഷകളിലാണ് ലഭ്യമാകുന്നത്.
Leave a Comment
Your email address will not be published. Required fields are marked with *