ഷില്ലോംഗ്: രണ്ടാം തവണയും മേഘാലയയുടെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട കൊൺറാഡ് സാങ്മ പരിശുദ്ധ ദൈവമാതാവിന് നന്ദി അർപ്പിക്കാൻ വേളാങ്കണ്ണി ആരോഗ്യമാതാ ബസിലിക്കയിലെത്തി. മേഘാലയയിലെ പുതിയ ദൗത്യത്തിന് ദൈവകൃപകൾ യാചിക്കുകയും ദൈവമാതാവിന്റെ മധ്യസ്ഥം തേടുകയും ചെയ്ത അദ്ദേഹം, മേഘാലയൻ ജനതയുടെമേൽ ദൈവീക നന്മകൾ വർഷിക്കപ്പെടാൻ വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു. നാഷ്ണലിസ്റ്റ് കോൺഗ്രസ് പാർട്ടി നേതാവായ കൊൺറാഡ് സാങ്മ മാർച്ച് ഏഴിനാണ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.
ഭാരതത്തിലെ സുപ്രസിദ്ധ മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ കുടുംബസമേതം പ്രാർത്ഥിക്കാൻ എത്തിയ വിവരം ഇക്കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പോസ്റ്റിലൂടെ കൊൺറാഡ് സാങ്മ പങ്കുവെക്കുകയായിരുന്നു. പ്രധാന അൾത്താരയ്ക്കു മുന്നിൽ മുട്ടിന്മേൽനിന്ന് വൈദീകരുടെ ആശീർവാദം സ്വീകരിക്കുന്നതും ഗ്രോട്ടോയിൽ മെഴുകുതിരി കത്തിക്കുന്നതും ഉൾപ്പെടെയുള്ള ചിത്രങ്ങളും പോസ്റ്റിലുണ്ട്. തന്റെ ക്രിസ്തീയ വിശ്വാസം പരസ്യമായി സാക്ഷ്യപ്പെടുത്തുന്നതിൽ തെല്ലും മടിയില്ലാത്ത ഇന്ത്യയിലെ ചുരുക്കം രാഷ്ട്രീയ നേതാക്കളിൽ ഒരാളാണ് കൊൺറാഡ് സാങ്മ.
ലോകജനത ഒന്നടങ്കം കൊറോണ ഭീതിയിലായ 2020ലെ വിശുദ്ധവാരത്തോട് അനുബന്ധിച്ച് അദ്ദേഹം പുറപ്പെടുവിച്ച സന്ദേശം ശ്രദ്ധേയമായിരുന്നു. ‘ദൈവത്തിന് എല്ലാം സാധ്യമാണ്’ (മത്തായി 19:26) എന്ന തിരുവചനം ഉദ്ധരിച്ചുകൊണ്ട് ദൈവവിശ്വാസത്തിൽ അടിയുറയ്ക്കാനും ദൈവവചനത്തിൽ പ്രത്യാശവെക്കാനും ആഹ്വാനം ചെയ്യുന്ന സന്ദേശം സോഷ്യൽ മീഡിയയിൽ അനേകരാണ് ഷെയർ ചെയ്തത്. അതുപോലെ, ഷില്ലോംഗ് അതിരൂപതയുടെ വാർഷിക ദിവ്യകാരുണ്യ പ്രദക്ഷിണത്തിൽ കൊൺറാഡ് സാങ്മ പങ്കെടുത്ത് ഈശോയ്ക്ക് സ്തുതിയാരാധനകൾ അർപ്പിക്കുന്ന ദൃശ്യങ്ങളും തരംഗമായിരുന്നു.
നാഷ്ണലിസ്റ്റ് കോൺഗ്രസ് പാർട്ടി നേതാവും ലോക്‌സഭാ സ്പീക്കറും മേഘാലയ മുഖ്യമന്ത്രിയുമായിരുന്ന പി.എ സാങ്മയുടെ മകനാണ് കൊൺറാഡ് സാങ്മ.
Leave a Comment
Your email address will not be published. Required fields are marked with *