വത്തിക്കാൻ സിറ്റി: ശ്വാസകോശ സംബന്ധമായ അണുബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഫ്രാൻസിസ് പാപ്പയുടെ ആരോഗ്യ സ്ഥിതി തൃപ്തികരമെന്ന് വത്തിക്കാൻ. ആരോഗ്യാവസ്ഥയിൽ പുരോഗതിയുണ്ടന്നും ഇന്നലെ രാവിലെ ഫ്രാൻസിസ് പാപ്പ പത്രങ്ങൾ വായിക്കുകയും ഉച്ചഭക്ഷണത്തിനു മുമ്പ്, ആശുപത്രിയിലെ സ്വകാര്യ ചാപ്പലിൽ പ്രാർത്ഥിക്കാൻ ചെലവഴിച്ചെന്നും ദിവ്യകാരുണ്യം സ്വീകരിച്ചെന്നും വത്തിക്കാൻ വക്താവ് മാറ്റിയോ ബ്രൂണി അറിയിച്ചു.
തന്നോട് കാണിച്ച സ്‌നേഹത്തിനും പ്രാർത്ഥനയ്ക്കും നന്ദി രേഖപ്പെടുത്തുന്ന ട്വീറ്റും ഫ്രാൻസിസ് പാപ്പയുടെ ട്വിറ്റർ പേജിൽ പോസ്റ്റ് ചെയ്തിട്ടുമുണ്ട്. ശ്വാസകോശത്തിലെ അണുബാധമൂലം ശ്വാസതടസം കലശലായതിനെ തുടർന്ന് മാർച്ച് 29നാണ് ഫ്രാൻസിസ് പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബുധനാഴ്ചകളിൽ പതിവായ പൊതുസന്ദർശനത്തിനുശേഷം 86 വയസുകാരനായ പാപ്പയ്ക്ക് കടുത്ത ശ്വാസതടസം അനുഭവപ്പെടുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.
ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെ അടുത്ത ദിനങ്ങളിലെ പേപ്പൽ കാര്യപരിപാടികളാളെല്ലാം റദ്ദാക്കിയിട്ടുണ്ട്. അതേസമയം പാപ്പ എത്ര ദിവസം ആശുപത്രിയിൽ തുടരേണ്ടി വരുമെന്ന കാര്യത്തിൽ വത്തിക്കാൻ വ്യക്തത വരുത്തിയിട്ടില്ല. ഓശാന ഞായറാഴ്ചയോടെ ആരംഭിക്കുന്ന വിശുദ്ധ വാര തിരുകർമങ്ങളിൽ പാപ്പയ്ക്ക് പങ്കെടുക്കാൻ കഴിയുമോയെന്ന കാര്യം അനിശ്ചിതത്വത്തിലാണ് ഇപ്പോഴും. 2021 ജൂലൈയിൽ ഫ്രാൻസിസ് പാപ്പയെ വൻകുടൽ സംബന്ധമായ ശസ്ത്രക്രിയ നടത്തിയ ആശുപത്രിതന്നെയാണ് ജെമെല്ലി.
Leave a Comment
Your email address will not be published. Required fields are marked with *