Follow Us On

23

November

2024

Saturday

‘ദ പോപ്പ്‌സ് എക്‌സോർസിസ്റ്റ്’: അദൃശ്യ പോരാട്ടത്തിന്റെ ദൃശ്യാവിഷ്‌കാരം

മനോജ് മാത്യു

‘ദ പോപ്പ്‌സ് എക്‌സോർസിസ്റ്റ്’: അദൃശ്യ പോരാട്ടത്തിന്റെ ദൃശ്യാവിഷ്‌കാരം

”നീ ചെയ്യുന്നതെന്തും ദൈവം അനുവദിക്കുന്നതുകൊണ്ടു മാത്രമാണ് സാധ്യമാകുന്നത്” (Whatever you do, you only do, because God allows…) എന്ന സത്യം പറഞ്ഞുറപ്പിക്കുകയാണ് ‘ദ പോപ്പ്‌സ് എക്‌സോർസിസ്റ്റ്’ എന്ന സിനിമ. ഒപ്പം ആത്മാക്കളുടെ അദൃശ്യലോകത്തെ നമ്മുടെ നേത്രങ്ങളുടെ മുമ്പിൽ അനാവരണം ചെയ്യുക കൂടിയാണ് ഈ ഹോളിവുഡ് സിനിമ. മനഃശാസ്ത്രവും വൈദ്യശാസ്ത്രവും ഇത്രയധികം പുരോഗമിച്ച ഈ ആധുനിക യുഗത്തിലും ശാസ്ത്രത്തിനു വിശദീകരിക്കാനാവാത്ത പല അതിസ്വഭാവിക സംഭവങ്ങളെയും അവയ്ക്കു പിന്നിലുള്ള സാത്താനിക സ്വാധീനങ്ങളെയും വിശദീകരിക്കുന്നതിൽ ഏറെ ശ്രദ്ധേയമാണ് ‘ദ പോപ്പ്‌സ് എക്‌സോർസിസ്റ്റ്’.

മുപ്പതു വർഷത്തോളം വത്തിക്കാനിലെ ഔദ്യോഗിക ഭൂതോച്ഛാടകനായിരുന്ന ഫാ. ഗബ്രിയേൽ അമോർത്തിന്റെ ജീവിതത്തെ ആസ്പദമാക്കി നിർമിച്ച ‘ദ പോപ്പ്‌സ് എക്‌സോർസിസ്റ്റ്’ ഒരു ഹൊറർ സിനിമയുടെ ലേബലിലാണ് റിലീസ് ചെയ്തതെങ്കിലും വിശ്വാസം, വിശുദ്ധി, അനുതാപം തുടങ്ങിയ അടിസ്ഥാന ക്രൈസ്തവ വിശ്വാസപ്രമാണങ്ങളെ ഈ സിനിമ ഉയർത്തിപ്പിടിക്കുന്നുണ്ട്. തന്റെ ശുശ്രൂഷാ കാലഘട്ടത്തിൽ പതിനായിരക്കണക്കിന് ഭൂതോച്ഛാടനങ്ങൾ നടത്തിയ വ്യക്തിയാണ് ഫാ. അമോർത്ത്. ‘ഒരു ഭൂതോച്ചാടകന്റെ ഡയറിക്കുറിപ്പുകൾ’ എന്ന പേരിലുള്ള അദ്ദേഹത്തിന്റെ ഗ്രന്ഥം മലയാളത്തിലും പ്രസിദ്ധീകൃതമായിട്ടുണ്ട്.

മനഃശാസ്ത്രത്തിന്റെയും വൈദ്യശാസ്ത്രത്തിന്റെയും നേട്ടങ്ങളുടെ വെളിച്ചത്തിൽ പിശാച് ഒരു കെട്ടുകഥയും അന്ധവിശ്വാസവുമാണെന്ന് വാദിക്കുന്നവരുടെ എണ്ണം സഭയ്ക്കകത്തും പുറത്തും വർധിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ പിശാച് ഒരു യാഥാർത്ഥ്യം തന്നെയാണെന്ന് ഈ സിനിമ വ്യക്തമാക്കുന്നു. ‘ഗ്ലാഡിയേറ്ററി’ലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ റസ്സൽ ക്രൊവാണ് ഭൂതോച്ഛാടകനായ ഫാ. ഗബ്രിയേൽ അമോർത്തിനെ അവതരിപ്പിക്കുന്നത്.

പിശാചുക്കളെക്കുറിച്ചും അവർക്ക് മനുഷ്യജീവിതത്തിലും സമൂഹത്തിലും ചെലുത്താൻ കഴിയുന്ന സ്വാധീനത്തെക്കുറിച്ചും കൃത്യമായ ഒരു ദിശാബോധം ഈ സിനിമ നൽകുന്നുണ്ട്. ‘My faith does not require defence’ (എന്റെ വിശ്വാസത്തിന് പ്രതിരോധം ആവശ്യമില്ല) എന്ന വാക്കുകളിലൂടെ നരകവും പിശാചും ദുരാത്മാക്കളുമൊക്കെ മിഥ്യയും കെട്ടുകഥയുമാണെന്ന് വിശ്വസിക്കുന്ന ആധുനിക ലോകത്തെ വെല്ലുവിളിക്കുകയാണ് ഫാ. അമോർത്ത്. സ്പെയിനിലെ സെന്റ് സെബാസ്റ്റ്യൻ ആബിയെ ചുറ്റിപ്പറ്റിയുള്ള നിഗൂഢതകളിലൂടെ സിനിമ വികസിക്കുമ്പോൾ പ്രേക്ഷകരുടെ ആകാംഷയും വളരും. സരസനും നർമം ആസ്വദിക്കുകയും ചെയ്യുന്ന അമോർത്തച്ചൻ, തമാശ ആസ്വദിക്കാൻ സാത്താന് കഴിയില്ല എന്നുകൂടി പറയുന്നുണ്ട്.

‘നിന്റെ പാപങ്ങൾ നിന്നെ വേട്ടയാടും’ എന്ന് പിശാച് ഫാ. അമോർത്തിനോട് വിളിച്ചു പറയുമ്പോൾ, ‘ഇല്ല എന്റെ പാപങ്ങൾ കുമ്പസാരത്തിലൂടെ ദൈവം ക്ഷമിച്ചിരിക്കുന്നു,’ എന്നു പറയുന്നിടത്ത് കുമ്പസാരത്തിന്റെ ശക്തി എത്ര വലുതാണെന്ന് ഈ സിനിമ വ്യക്തമാക്കുന്നുണ്ട്. ക്രൈസ്തവ ജീവിതം തിന്മയുമായുള്ള നിരന്തര പോരാട്ടമാണെന്നും നിത്യജീവൻ എന്നത് പിശാചുമായി സന്ധിചെയ്യാനുള്ള പ്രലോഭനങ്ങളെ അതിജീവിക്കുന്നവർക്ക് മാത്രമുള്ളതാണെന്ന മഹത്തായ ക്രൈസ്തവ ദൈവശാസ്ത്രം പ്രേക്ഷകർക്ക് മുമ്പിൽ അവതരിപ്പിക്കുന്ന ‘ദ പോപ്‌സ് എക്‌സോർസിസ്റ്റ്’ ഓരോ ക്രൈസ്തവ വിശ്വാസിയും കണ്ടിരിക്കേണ്ട ചിത്രമാണിത്.

പിൻകുറിപ്പ്: നിരവധി ആധ്യാത്മിക രഹസ്യങ്ങൾ അനാവരണം ചെയ്യുന്ന ഒരു മനോഹരമായ ക്രിസ്ത്യൻ സിനിമയായ ‘ദ പോപ്‌സ് എക്‌സോർസിസ്റ്റി’നെ ഒരു ഹൊറർ സിനിമയുടെ ലേബലിൽ അവതരിപ്പിച്ചത് ക്രിസ്ത്യാനികളെയും ഭയാനക സിനിമകളുടെ ആരാധകരെയും ഒരുപോലെ തീയേറ്ററുകളിൽനിന്നും അകറ്റുന്നുണ്ട്. ഇതും ഈ സിനിമ കാണിക്കാതിരിക്കാനുള്ള സാത്താന്റെ ഒരു തന്ത്രമാണെന്നു ചിന്തിക്കുന്നതിൽതെറ്റുണ്ടോ?

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?