വത്തിക്കാൻ സിറ്റി: ഹെർണിയ ശസ്ത്രക്രിയയ്ക്കുശേഷം തന്നെ പരിചരിക്കുകയും ജാഗ്രതയോടെ ശ്രദ്ധിക്കുകയും ചെയ്ത ജെമെല്ലി ആശുപത്രിയിലെ ജീവനക്കാർക്ക് നന്ദി അർപ്പിച്ച് ഫ്രാൻസിസ് പാപ്പ. ജെമെല്ലി ആശുപത്രിക്ക് നേതൃത്വം നൽകുന്ന ഫൗണ്ടേഷന്റെ പ്രസിഡന്റ് ലിൻഡ ബോർഡോണിനെ അഭിസംബോധന ചെയ്തുകൊണ്ട് ഇക്കഴിഞ്ഞ ദിവസമാണ് പാപ്പ കത്ത് എഴുതിയത്. ജൂൺ ഏഴിന് ശസ്ത്രക്രിയയ്ക്ക് വിധേയനായ പാപ്പ ജൂൺ 16നാണ് ആശുപത്രിയിൽനിന്ന് വിടുതൽ നേടിയത്.
ശസ്ത്രക്രിയയ്ക്കുശേഷമുള്ള ഒമ്പതു ദിവസങ്ങളെക്കുറിച്ച് പറഞ്ഞുകൊണ്ട് ജെമെല്ലി ആശുപത്രിയെ ‘കഷ്ടതയുടെയും പ്രത്യാശയുടെയും ഇടം’ എന്ന് വിശേഷിപ്പിച്ച പാപ്പ, തന്റെ സൗഖ്യത്തിൽ നിർണായ പങ്കുവഹിച്ചവരെയെല്ലാം കത്തിൽ നന്ദിയോടെ സ്മരിച്ചിട്ടുണ്ട്. ‘മാനുഷികവും ആത്മീയവുമായ അടുപ്പത്തിന് ജെമെല്ലി ആശുപത്രിയിലെ മുഴുവൻ സമൂഹത്തിനും ഹൃദയംഗമമായ അഭിനന്ദനം.’
കഷ്ടതയുടെയും പ്രതീക്ഷയുടെയും ആ സ്ഥലത്ത്, ഒരിക്കൽ കൂടി എനിക്ക് കുടുംബസമാനവും സാഹോദര്യവും സ്വാഗതാർഹവുമായ അന്തരീക്ഷം ആസ്വദിക്കാനായി എന്നും ശസ്ത്രക്രിയയ്ക്കു ശേഷമുള്ള എന്റെ രോഗസൗഖ്യത്തിന് വളരെയധികം അത് സഹായകമായി എന്നും പാപ്പ വ്യക്തമാക്കി. എല്ലാവർക്കും അനുഗ്രഹങ്ങൾ നേർന്നും തനിക്കായി പ്രാർത്ഥിക്കണമെന്ന് അഭ്യർത്ഥിച്ചുമാണ് പാപ്പ കത്ത് ചുരുക്കുന്നത്. ശസ്ത്രക്രിയ നിർവഹിച്ച ഡോ. എലെഫാന്റിക്കും കുടുംബത്തിനും തന്റെ പ്രാർത്ഥന വാഗ്ദാനം ചെയ്യുകയും ചെയ്തു പാപ്പ.
Leave a Comment
Your email address will not be published. Required fields are marked with *