ലോസ് ആഞ്ചലസ്: ദക്ഷിണ കാലിഫോര്‍ണിയയില്‍ കാട്ടുതീ മാരകമായി പടര്‍ന്നുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ വത്തിക്കാന്‍ സന്ദര്‍ശനവും ഫ്രാന്‍സിസ് മാര്‍പാപ്പയുമായുള്ള കൂടിക്കാഴ്ചയും റദ്ദാക്കി. ലോസ് ആഞ്ചല്‍സില്‍ അഗ്നിശമന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇറ്റലിയിലേക്കുള്ള യാത്ര റദ്ദാക്കാന്‍ ബൈഡന്‍ തീരുമാനിച്ചതെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീന്‍ ജീന്‍-പിയറി പറഞ്ഞു.
ജനുവരി 7-ന് കാലിഫോര്‍ണിയയിലെ ലോസ് ആഞ്ചലസിലെ ആല്‍ട്ടാഡീനയില്‍ ആരംഭിച്ച ഈറ്റണ്‍ ഫയര്‍, 14,000 ഏക്കറിലധികം പ്രദേശത്ത് നാശനഷ്ടം വിതയ്ക്കുകയും 4,000-ലധികം കെട്ടിടങ്ങള്‍ നശിപ്പിക്കുകയും പത്ത് പേരുടെ മരണത്തിന് ഇടയാക്കുകയും ചെയ്തു. ഇതോടൊപ്പം വീശുന്ന സാന്റാന കാറ്റ് കാട്ടുതീയുടെ വ്യാപനം വേഗത്തിലാക്കിയതാണ് നാശനഷ്ടങ്ങള്‍ കൂടാന്‍ ഇടയായത്. ഒരു ലക്ഷത്തോളം പേരെയാണ് ഇതുവരെ ഒഴുപ്പിച്ചു. ഇപ്പോഴും തീയുടെ മൂന്ന് ശതമാനം മാത്രമാണ് നിയന്ത്രണവിധേയമായിട്ടുള്ളത്.
ലോസ് ആഞ്ചല്‍സ് അതിരൂപതയിലെ അധികാരികളും പ്രാദേശിക സഭാ നേതാക്കളും കാട്ടുതീയുടെ ഇരകള്‍ക്ക് അഭയം നല്‍കാനും സഹായങ്ങള്‍ ലഭ്യമാക്കാനുമുള്ള പ്രവര്‍ത്തനങ്ങളുടെ മുന്‍പന്തിയിലുണ്ട്. കോര്‍പ്പസ് ക്രിസ്റ്റി കാത്തലിക് ദൈവാലയം ഉള്‍പ്പടെ നിരവധി ദൈവാലയങ്ങളും കാട്ടുതീയില്‍ നശിപ്പിക്കപ്പെട്ടു. കാട്ടുതീയില്‍ ദുരിതമനുഭവിക്കുന്ന എല്ലാവര്‍ക്കും വേണ്ടിയും അഗ്നിശമന സേനാംഗങ്ങള്‍ക്ക് വേണ്ടിയും പ്രാര്‍ത്ഥിക്കണമെന്ന് ലോസ് ആഞ്ചല്‍സ് ആര്‍ച്ചുബിഷപ് ജോസ് ഗോമസ് സോഷ്യല്‍ മീഡിയ പോസ്റ്റില്‍ വിശ്വാസികളോട് അഭ്യര്‍ത്ഥിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *