മിനിയപ്പോലിസ്/യുഎസ്എ: യുഎസിലെ മിനിയപ്പോലിസിലെ കത്തോലിക്ക സ്‌കൂളിനോടനുബന്ധിച്ചുള്ള ദൈവാലയത്തില്‍ ദിവ്യബലിക്കിടെ അക്രമി നടത്തിയ വെടിവയ്പ്പില്‍ രണ്ട് കുട്ടികള്‍ കൊല്ലപ്പെടുകയും നിരവധി കുട്ടികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി ലിയോ 14 ാമന്‍ പാപ്പ. മിനിയപ്പോലിസ് ആര്‍ച്ചുബിഷപ് ബെര്‍ണാഡ് ഹെബ്ഡക്ക് അയച്ച ടെലിഗ്രാമില്‍ വെടിവയ്പ്പില്‍ ഇരകളായവര്‍ക്കും അതിജീവിതര്‍ക്കും വേണ്ടി പാപ്പ പ്രാര്‍ത്ഥിക്കുകയും ചെയ്തു.
കര്‍ദിനാള്‍ പിയത്രോ പരോളിന്‍ ഒപ്പുവച്ച ടെലിഗ്രാമില്‍, മിനിയാപ്പോലിസിലെ മംഗളവാര്‍ത്ത ദൈവാലയത്തില്‍ നടന്ന വെടിവയ്പ്പിനെത്തുടര്‍ന്നുണ്ടായ ഭീകരമായ ദുരന്തത്തില്‍ ദുരിതമനുഭവിക്കുന്ന എല്ലാവര്‍ക്കും, പ്രത്യേകിച്ച് മരണമടഞ്ഞ കുട്ടികളുടെ കുടുംബാങ്ങള്‍ക്ക്, പാപ്പ തന്റെ ഹൃദയംഗമമായ അനുശോചനവും ആത്മീയ അടുപ്പവും അറിയിച്ചു. മരിച്ച കുട്ടികളുടെ ആത്മാക്കളെ സര്‍വശക്തനായ ദൈവത്തിന്റെ സ്‌നേഹത്തിന് ഭരമേല്‍പ്പിച്ച പാപ്പ പരിക്കേറ്റവര്‍ക്കും, മെഡിക്കല്‍ ഉദ്യോഗസ്ഥര്‍ക്കും വേണ്ടി പ്രാര്‍ത്ഥിച്ചു.
ദൈവാലയത്തിന്റെ ജനലുകളില്‍ കൂടെയാണ് അക്രമി വെടി ഉതിര്‍ത്തതെന്നും ദൈവാലയത്തിന്റെ വാതിലുകള്‍ അടച്ചിരുന്നത് കൂടുതല്‍ വലിയ ദുരന്തം ഒഴിവാക്കിയെന്നും പോലീസ് പറഞ്ഞു. അക്രമത്തില്‍ കൊല്ലപ്പെട്ട രണ്ട് കുട്ടികള്‍ 8 ഉം 10 ഉം വയസുള്ള കുട്ടികളാണ്. 14 കുട്ടികള്‍ ഉള്‍പ്പെടെ പതിനേഴ് പേര്‍ക്ക് പരിക്കേറ്റു. രണ്ടുപേര്‍ ഗുരുതരാവസ്ഥയിലാണ്.
വെടിവെപ്പ് നടത്തിയശേഷം സ്വയം ജീവനൊടുക്കിയ അക്രമി 23 വയസുള്ള റോബിന്‍ വെസ്റ്റ്മാന്‍ ആണെന്ന് ഒന്നിലധികം വാര്‍ത്താ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വെസ്റ്റ്മാന്റെ അമ്മ മുമ്പ് അസംപ്ഷന്‍ കാത്തലിക് സ്‌കൂളില്‍ ജോലിക്കാരിയായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
Leave a Comment
Your email address will not be published. Required fields are marked with *