അബുജ/ നൈജീരിയ: 2023-ല്‍ നൈജീരിയയില്‍ നടന്ന കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലെ അന്യായമായ രീതികള്‍, വഞ്ചന, തിരഞ്ഞെടുപ്പ് പിഴവുകള്‍ എന്നിവയാല്‍ തിരഞ്ഞെടുപ്പ് പ്രക്രിയയിലുള്ള പൗരന്മാരുടെ വിശ്വാസം ഗുരുതരമായി തകര്‍ന്നതായി നൈജീരിയന്‍ ബിഷപ്‌സ് കോണ്‍ഫ്രന്‍സ് (സിബിസിഎന്‍) പ്രസിഡന്റ്, ആര്‍ച്ചുബിഷപ് ലൂസിയസ് ഉഗോര്‍ജി.
സ്വതന്ത്രമായി പ്രവര്‍ത്തിക്കേണ്ട തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ രാഷ്ട്രീയ നിയമനങ്ങളാല്‍ സ്വാധീനിക്കപ്പെട്ടതായി അദ്ദേഹം പറഞ്ഞു. നിലവില്‍ തിരഞ്ഞെടുപ്പ് കമ്മീഷനിലേക്കുള്ള മിക്ക നിയമനങ്ങളും നിഷ്പക്ഷമോ സ്വതന്ത്രമോ ആയി കണക്കാക്കാന്‍ കഴിയില്ലെന്നും ഇലക്ഷന്‍ കമ്മീഷന്റെ സ്വാതന്ത്ര്യവും വിശ്വാസ്യതയും ശക്തിപ്പെടുത്തുന്നതിനും രാഷ്ട്രീയ സ്വാധീനത്തില്‍ നിന്ന് അതിനെ സംരക്ഷിക്കുന്നതിനും ഭരണഘടനാ ഭേദഗതി ആവശ്യമാണെന്നും ആര്‍ച്ചുബിഷപ് വ്യക്തമാക്കി.
സാമൂഹിക സ്ഥിരത നിലനിര്‍ത്തുന്നതിന് അടിസ്ഥാന പരിഷ്‌കാരങ്ങള്‍ ആവശ്യമാണെന്ന് ആര്‍ച്ചുബിഷപ് പറഞ്ഞു. സമാധാനപരമായ മാര്‍ഗങ്ങളിലൂടെ നടത്താന്‍ ശ്രമിക്കുന്ന മാറ്റങ്ങളെ തടസപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ അക്രമാസക്തമായ മാറ്റം അനിവാര്യമാക്കുകയാണ് ചെയ്യുന്നതെന്ന് ആര്‍ച്ചുബിഷപ് മുന്നറിയിപ്പ് നല്‍കി.
നൈജീരിയയുടെ പല ഭാഗങ്ങളും അരക്ഷിതാവസ്ഥയിലാണെന്ന് ആര്‍ച്ചുബിഷപ് വ്യക്തമാക്കി. സഹപൗരന്മാര്‍ തട്ടിക്കൊണ്ടുപോകപ്പെടുകയോ, കൊള്ളയടിക്കപ്പെടുകയോ, കൊല്ലപ്പെടുകയോ, അല്ലെങ്കില്‍ പലായനം ചെയ്യാനും, അവരുടെ ഉപജീവനമാര്‍ഗ്ഗം ഉപേക്ഷിക്കാനും, താല്‍ക്കാലിക ക്യാമ്പുകളില്‍ അഭയം തേടാനും, നിര്‍ബന്ധിതരാക്കപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും അദ്ദേഹം വിലപിച്ചു
Leave a Comment
Your email address will not be published. Required fields are marked with *