Follow Us On

21

January

2025

Tuesday

ശാസ്ത്രത്തിന് വിശദീകരണമില്ല, നാലാം നൂറ്റാണ്ടിൽ രക്തസാക്ഷിത്വം വരിച്ച വിശുദ്ധ ജാനുയേരിയസിന്റെ രക്തം വീണ്ടും ഒഴുകി!

നേപ്പിൾസ്: നൂറ്റാണ്ടുകൾക്ക് ഇപ്പുറവും ശാസ്ത്രത്തിന് വിശദീകരിക്കാനാകാത്ത അത്ഭുത പ്രതിഭാസത്തിന് വീണ്ടും സാക്ഷ്യം വഹിച്ച് ഇറ്റലിയിലെ നേപ്പിൾസ് നഗരവും ലോകവും. ക്രിസ്തുവിനുവേണ്ടി രക്തസാക്ഷിത്വം വരിച്ച വിശുദ്ധ ജാനുയേരിയസിന്റെ രക്തം ഇത്തവണയും ഒഴുകി- അതേ ദിനത്തിൽ, അതേ സമയത്തുതന്നെ! വിശുദ്ധന്റെ തിരുനാൾ ദിനമായ സെപ്റ്റംബർ 19ന് രാവിലെ 10.00ന് തന്നെയാണ് നേപ്പിൾസിന്റെ മധ്യസ്ഥൻകൂടിയായ വിശുദ്ധ ജാനുയേരിയസിന്റെ രക്തം അലിയുന്ന അത്ഭുതം വീണ്ടും സംഭവിച്ചത്.

നേപ്പിൾസ് ആർച്ച്ബിഷപ്പ് ഡൊമിനിക്കോ ബറ്റാഗ്ലിയയാണ് അത്ഭുതം സംഭവിച്ച വിവരം തിരുക്കർമമധ്യേ അറിയിച്ചത്. വിശുദ്ധ ജാനുയേരിയസിന്റെ രക്തകട്ട സൂക്ഷിച്ചിരിക്കുന്ന പേടകം അൾത്താരയിലേക്ക് കൊണ്ടുവന്ന് അദ്ദേഹം വിശ്വാസികൾക്കു മുന്നിൽ പ്രദർശിപ്പിക്കുകയും ചെയ്തു. അസംപ്ഷൻ ഓഫ് മേരി കത്തീഡ്രലിലും പുറത്തുമായി തടിച്ചുകൂടിയ ആയിരക്കണക്കിന്‌ വിശ്വാസികൾ ആഹ്ലാദത്തോടെയും കരഘോഷത്തോടെയുമാണ് പ്രഖ്യാപനത്തെ വരവേറ്റത്.

വിശുദ്ധന്റെ തിരുശേഷിപ്പ് സൂക്ഷിക്കുന്ന റോയൽ ചാപ്പലിന്റെ ചുമതലക്കാരൻ മോൺ. വിൻസെൻസോ ഡി ജോർജിയോ, നേപ്പിൾസ് മേയർ ഗൗട്ടാനോ മാൻഫ്രെഡി എന്നിവരുൾപ്പെടെയുള്ള പ്രമുഖരും സന്നിഹിതരായിരുന്നു. ക്രിസ്തുവിനെപ്രതി രക്തസാക്ഷിത്വം വരിച്ച വിശുദ്ധ ജാനുയേരിയസിന്റെ രക്തം വീണ്ടും ഒഴുകുന്ന അത്ഭുതം നന്മയും നീതിയും എക്കാലവും വിജയം വരിക്കുമെന്നതിന്റെ അടയാളമാണെന്ന് ആർച്ച്ബിഷപ്പ് പ്രസ്താവിച്ചു. മനുഷ്യർക്കുവേണ്ടി ക്രിസ്തു ചിന്തിയ രക്തത്തെ കുറിച്ച് ധ്യാനിക്കാനുള്ള അടയാളമായി ഇതിനെ സ്വീകരിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

സ്‌നേഹത്തിൽ ഉറച്ചുനിൽക്കാൻ കൈക്കൊള്ളേണ്ട അനുദിന സമർപ്പണത്തെ കുറിച്ച് ഓർമിപ്പിച്ച ആർച്ച്ബിഷപ്പ്, നേപ്പിൾസ് നഗരത്തിൽ അർബുദംപോലെ വ്യാപിക്കുന്ന മാഫിക സംസ്‌ക്കാരത്തെ ചെറുക്കേണ്ടതിനെ കുറിച്ചും ഉദ്‌ബോധിപ്പിച്ചു. ‘പ്രബലമാകുന്ന മാഫിയ സംസ്‌ക്കാരവും തൊഴിലില്ലായ്മയും വിദ്യാഭ്യാസത്തിന്റെ ദൗർലഭ്യവുമെല്ലാം പ്ലേഗുപോലെ പടരുകയാണ്. ഇത് യുവജനങ്ങളെ പലായനത്തിന് പ്രലോഭിപ്പിക്കുന്നുമുണ്ട്,’ അദ്ദേഹം വ്യക്തമാക്കി.

വർഷത്തിൽ മൂന്ന് പ്രാവശ്യമാണ് ഈ അത്ഭുതം സംഭവിക്കുന്നത്. വിശുദ്ധന്റെ നാമഹേതുക തിരുനാൾ ദിനമായ സെപ്റ്റംബർ 19, മേയ് മാസത്തിലെ ആദ്യ ഞായറിന് മുമ്പുള്ള ശനിയാഴ്ച, ഡിസംബർ 16 എന്നിവയാണ് ആ ദിനങ്ങൾ. 2015 മാർച്ചിൽ ഫ്രാൻസിസ് പാപ്പ ഇവിടെ സന്ദർശനം നടത്തിയപ്പോൾ രക്തകട്ടയുടെ പകുതി ഭാഗം ദ്രാവകമായി മാറിയതും വലിയ വാർത്തയായിരുന്നു.

റോമൻ ചക്രവർത്തിയായിരുന്ന ഡയോക്ലീഷന്റെ കാലത്ത് (എ.ഡി 305) മതപീഡനത്തിനിരയായി രക്തസാക്ഷിത്വം വരിച്ച പുണ്യാത്മാവാണ് വിശുദ്ധ ജാനുയേരിയസ്. ശിരഛേദനം ചെയ്യപ്പെട്ട വിശുദ്ധന്റെ രക്തം യൂസേബിയ എന്ന സ്ത്രീയാണ് കുപ്പിയിൽ ശേഖരിച്ചത്. 1389മുതൽ രക്തകട്ടയ്ക്ക് സംഭവിക്കുന്ന ഈ അത്ഭുതമാറ്റത്തെക്കുറിച്ചുള്ള വിവരങ്ങൾ രേഖപ്പെടുത്തിവെച്ചിട്ടുണ്ട്.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടും നിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?