വത്തിക്കാൻ സിറ്റി: പാവപ്പെട്ടവർക്കു വേണ്ടിയുള്ള ആഗോള ദിനാചരണത്തിനായി വത്തിക്കാൻ ഒരുങ്ങുമ്പോൾ, അന്നവും അഭയവും ഇല്ലാത്ത പട്ടിണിപ്പാവങ്ങളെ ഭക്ഷണ വിരുന്നിലേക്ക് ക്ഷണിച്ച് ഫ്രാൻസിസ് പാപ്പ. പാവപ്പെട്ടവരുടെ ആഗോള ദിനമായ നവംബർ 19ന് പോൾ ആറാമൻ ഹാളിൽ ക്രമീകരിക്കുന്ന വിരുന്നിൽ റോമിലെ തെരുവോരങ്ങളിലും മറ്റും കഴിയുന്ന നൂറുകണക്കിന് ആളുകളാണ് പങ്കെടുക്കുക. അവർക്കൊപ്പമാകും പാപ്പ ഭക്ഷണം കഴിക്കുന്നതും. ഇതോടൊപ്പം പാവപ്പെട്ടവർക്കായുള്ള നിരവധി സഹായ പദ്ധതികളും വത്തിക്കാൻ ഒരുക്കിയിട്ടുണ്ട്.
ലോകമെമ്പാടുമുള്ള ദരിദ്രരെ പ്രത്യേകം സമർപ്പിച്ച് സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ഫ്രാൻസിസ് പാപ്പ അർപ്പിക്കുന്ന ദിവ്യബലിയോടെയാണ് ദിനാചരണത്തിന് തുടക്കമാകുക. പാപ്പയുടെ ക്ഷണപ്രകാരം ദിവ്യബലിയിൽ വിശിഷ്ടാതിഥികളായി പങ്കെടുക്കുന്ന പട്ടിണിപ്പാവങ്ങളിൽ നിന്നുള്ളവരാകും ദിവ്യബലിയിൽ വചന പാരായണങ്ങൾ നിർവഹിക്കുക. തുടർന്നാകും പേപ്പൽ വിരുന്ന്. ”പാവപ്പെട്ടവനിൽനിന്ന് മുഖം തിരിക്കരുത്,” എന്ന തിരുവചന ഭാഗമാണ് ഇത്തവണത്തെ ആപ്തവാക്യം.
ഇതോടനുബന്ധിച്ച് സെന്റ് പീറ്റേഴ്‌സ് ചത്വരത്തിൽ, ഭവന രഹിതർ ഉൾപ്പെടെയുള്ളവർക്കായി സൗജന്യ ആരോഗ്യ പരിശോധനാ ക്യാംപും നടക്കും. ആരോഗ്യ ശുശ്രൂഷാരംഗത്ത് പ്രവർത്തിക്കുന്ന പ്രമുഖ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ ചികിത്‌സാ പദ്ധതികളും ക്രമീകരിച്ചിട്ടുണ്ട്.
2016ൽ തിരുസഭ ആഘോഷിച്ച കരുണയുടെ ജൂബിലി വർഷത്തിന്റെ സമാപനത്തിൽ ഫ്രാൻസിസ് പാപ്പ തന്നെയാണ് പാവപ്പെട്ടവർക്കു വേണ്ടിയുള്ള ആഗോളദിനാചരണം പ്രഖ്യാപിച്ചത്. ആരാധനക്രമവത്‌സരത്തിലെ സാധാരണ കാലം 33-ാം ഞായർ ഇതിനായി തിരഞ്ഞെടുക്കുകയും ചെയ്തു. ഓരോ വർഷം കഴിയും തോറും വൻ സ്വീകാര്യത ലഭിക്കുന്ന ദിനാചരണത്തിന് നവ സുവിശേഷവത്ക്കരണത്തിനായുള്ള വത്തിക്കാൻ തിരുസംഘമാണ് ചുക്കാൻ പിടിക്കുന്നത്.
Leave a Comment
Your email address will not be published. Required fields are marked with *