Follow Us On

21

November

2024

Thursday

സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ പൂമുഖത്ത് ഇനി മാസത്തിൽ ഒരിക്കൽ തിരുമണിക്കൂർ ആരാധന

സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ പൂമുഖത്ത് ഇനി മാസത്തിൽ ഒരിക്കൽ തിരുമണിക്കൂർ ആരാധന

വത്തിക്കാൻ സിറ്റി: ലോകമെമ്പാടും കൊറോണാ മഹാമാരി സംഹാരതാണ്ഡവമാടിയ 2020ൽ ഫ്രാൻസിസ് പാപ്പയുടെ വിശേഷാൽ ‘ഊർബി എത് ഓർബി’ ആശീർവാദത്തിന് വേദിയായ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ പൂമുഖത്ത് ഇനി മുതൽ മാസംതോറും തിരുമണിക്കൂർ ദിവ്യകാരുണ്യ ആരാധന ക്രമീകരിക്കും. മാസത്തിലെ ആദ്യ ചൊവ്വാഴ്ചകളിൽ രാത്രി 8.00മുതൽ 9.00വരെയാണ് ബസിലിക്കയുടെ പോർട്ടിക്കോയിലെ (പൂമുഖം) ദിവ്യകാരുണ്യ ആരാധന.

ബസിലിക്കാ നേതൃത്വം നടപ്പാക്കുന്ന പുതിയ അപലാന സംരംഭങ്ങളുടെ ഭാഗമായാണ് പ്രസ്തുത തീരുമാനം. മാർച്ച് 14നാണ് പുതിയ ശുശ്രൂഷയുടെ ആരംഭം. ബസിലിക്കയുടെ ആർച്ച്പ്രീസ്റ്റ് കർദിനാൾ മൗറോ ഗാംബെറ്റി കാർമികത്വം വഹിക്കും. മാർച്ച് 13ന് ഫ്രാൻസിസ് പാപ്പ പേപ്പസിയിൽ 10 വർഷം പിന്നിടുന്നതിന്റെ പശ്ചാത്തലത്തിൽ പാപ്പയ്ക്ക് വേണ്ടിയുള്ള പ്രാർത്ഥനകളാകും അന്നേ ദിനം സമർപ്പിക്കുക.

സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെ ദിവ്യകാരുണ്യ ചാപ്പലിൽ ഞായർ ഒഴികെയുള്ള ദിനങ്ങളിൽ രാവിലെ 9.00മുതൽ വൈകിട്ട് 4.30വരെ ദിവ്യകാരുണ്യ ആരാധന നടത്തുന്നുണ്ട്. അതിനു പുറമെയാണ് മാസാദ്യ ചൊവ്വാഴ്ചകളിലുള്ള വിശേഷാൽ തിരുമണിക്കൂർ ആരാധന ക്രമീകരിച്ചിരിക്കുന്നത്. 2021 ഫെബ്രുവരിയിൽ ആർച്ച്പ്രീസ്റ്റായി നിയമിതനായ ശേഷം കർദിനാൾ ഗാംബെറ്റി സമാനമായ അജപാലന സംരംഭങ്ങൾക്ക് തുടക്കം കുറിച്ചിരുന്നു.

2022 ഒക്ടോബറിൽ, സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ മുഖപ്പിൽ ‘ഫോളോ മി: ദ ലൈഫ് ഓഫ് സെന്റ് പീറ്റർ’ എന്ന പേരിൽ ക്രമീകരിച്ച ലൈറ്റ് ഷോ ശ്രദ്ധേയമായിരുന്നു. അതുപോലെതന്നെ കഴിഞ്ഞ വലിയനോമ്പ് കാലത്ത് വെള്ളിയാഴ്ചകളിൽ ബസിലിക്കയിൽ ഒരുക്കിയ കുരിശിന്റെ വഴിയുടെ മുഖ്യ ആകർഷണമായിരുന്നു ഇറ്റാലിയൻ കലാകാരൻ ദെറ്റാനോ പ്രിവിയറ്റി ചിത്രീകരിച്ച പീഡാസഹന ചിത്രങ്ങൾ.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?