വത്തിക്കാൻ സിറ്റി: ലോക യുവജന സംഗമത്തിൽ പങ്കെടുക്കാൻ പോർച്ചുഗലിൽ എത്തുന്ന ഫ്രാൻസിസ് പാപ്പ ഫാത്തിമയിൽ എത്തുന്നതിന്റെ ലക്ഷ്യം വെളിപ്പെടുത്തി വത്തിക്കാൻ. യുക്രൈൻ ഉൾപ്പെടെ യുദ്ധക്കെടുതിയിലായ സകല രാജ്യങ്ങൾക്കുംവേണ്ടി ദൈവമാതാവിന്റെ മാധ്യസ്ഥം തേടാൻ വേണ്ടിയാണ് ഫ്രാൻസിസ് പാപ്പ മരിയൻ ദർശനത്താൽ പുണ്യഭൂമിയായി മാറിയ ഫാത്തിമയിലെത്തുന്നത്. ഓഗസ്റ്റ് രണ്ടു മുതൽ ആറുവരെ നീളുന്ന പോർച്ചുഗൽ പര്യടനത്തിൽ അഞ്ചാം തിയതിയാണ് പാപ്പ ഫാത്തിമ സന്ദർശിക്കുന്നത്.
പേപ്പൽ പര്യടനത്തിൽ ഫാത്തിമാ സന്ദർശിക്കാനുള്ള തീരുമാനം പിന്നീട് കൂട്ടിച്ചേർക്കുകയായിരുന്നുവെന്നും വത്തിക്കാൻ ന്യൂസ് വെളിപ്പെടുത്തി. മരിയൻ പ്രത്യക്ഷീകരണത്തിന്റെ ശതാബ്ദി ആഘോഷിച്ച 2017ൽ, മരിയൻ ദർശനത്തിന് ഭാഗ്യം ലഭിച്ച ഫ്രാൻസിസ്‌ക്കോ, ജസീന്ത എന്നീ ഇടയക്കുട്ടികളുടെ നാമകരണത്തിനായി പാപ്പ ഫാത്തിമയിൽ എത്തിയിട്ടുണ്ട്. രണ്ടാം വട്ടം ഫാത്തിമയിലെത്താൻ പാപ്പയെ പ്രചോദിപ്പിച്ചത്, യുക്രൈൻ ഉൾപ്പെടെ നിരവധി രാജ്യങ്ങൾ അനുഭവിക്കുന്ന യുദ്ധക്കെടുതികളാണ്.
‘യുക്രൈനിൽ റഷ്യ നടത്തുന്ന യുദ്ധത്തിനും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അന്താരാഷ്ട്രസമൂഹത്താൽ ശ്രദ്ധിക്കപ്പെടാതെ തുടരുന്ന യുദ്ധങ്ങൾക്കും അറുതിവരുത്താൻ വേണ്ടി പാപ്പ പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യം തേടും.’ റഷ്യ യുക്രൈൻ യുദ്ധം ആരംഭിച്ച് ഒരു മാസത്തിനു ശേഷം 2022 മാർച്ച് 22ന് റഷ്യയെയും യുക്രൈനെയും പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിന് പാപ്പ സമർപ്പിച്ചിരുന്നു.
1917 മേയ് 13ന് ഫാത്തിമയിലെ ഫ്രാൻസിസ്‌കോ, ജസീന്ത, ലൂസിയ എന്നീ കുട്ടികൾ ജപമാല ചൊല്ലി പ്രാർത്ഥിക്കവെയാണ് പരിശുദ്ധ അമ്മ ആദ്യമായി പ്രത്യക്ഷപ്പെട്ടത്. തുടർന്ന്, പശ്ചാത്തപിക്കണമെന്നും ലോകത്തിന്റെ മാനസാന്തരത്തിനായി പ്രാർത്ഥിക്കണമെന്നും ആവശ്യപ്പെട്ട് പരിശുദ്ധ അമ്മ എല്ലാ മാസത്തിലെയും 13ാം തീയതികളിൽ പ്രത്യക്ഷയായി. ഒക്ടോബർ 13നായിരുന്നു ഏറ്റവും അവസാനത്തെ പ്രത്യക്ഷീകരണം. ഫാത്തിമാ ദർശനത്തിൽ റഷ്യയുടെ മാനസാന്തരത്തിനായി പ്രാർത്ഥിക്കണമെന്നും പരിശുദ്ധ അമ്മ ആവശ്യപ്പെട്ടിരുന്നു.
Leave a Comment
Your email address will not be published. Required fields are marked with *