വത്തിക്കാൻ സിറ്റി: മുത്തശ്ശീ മുത്തശ്ശന്മാർക്കും മറ്റു വയോധികർക്കും വേണ്ടിയുള്ള ആഗോള ദിനമായി തിരുസഭ ആചരിക്കുന്ന ജൂലൈ 23 പൂർണ ദണ്ഡവിമോചന ദിനമായി പ്രഖ്യാപിച്ച് ഫ്രാൻസിസ് പാപ്പ. അൽമായർക്കും കുടുംബത്തിനും ജീവിതത്തിനും വേണ്ടിയുള്ള ഡിക്കാസ്റ്ററി അധ്യക്ഷൻ കർദിനാൾ കെവിൻ ഫാരെലിന്റെ അഭ്യർത്ഥന പരിഗണിച്ചാണ് വത്തിക്കാൻ ഇത്തവണയും ദണ്ഡവിമോചനം പ്രഖ്യാപിച്ചത്. അവിടുത്ത ഭക്തരുടെ മേൽ തലമുറകൾതോറും അവിടുന്ന് കരുണ വർഷിക്കും,’ (ലൂക്ക 1:50) എന്ന തിരുവചനമാണ് ഇത്തവണത്തെ ആപ്തവാക്യം.
വത്തിക്കാൻസമയം രാവിലെ 10.00ന് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ അർപ്പിക്കുന്ന തിരുക്കർമങ്ങൾക്ക് ഫ്രാൻസിസ് പാപ്പ മുഖ്യകാർമികത്വം വഹിക്കും. തിരുക്കർമങ്ങൾ ശാലോം വേൾഡ് തത്സമയം ലഭ്യമാക്കും. ദണ്ഡവിമോചനത്തിനുള്ള പ്രാഥമിക നിബന്ധനകൾ (തക്കതായ ഒരുക്കത്തോടെ ദിവ്യബലിയിൽ പങ്കുകൊണ്ടുള്ള, പാപ്പയുടെ നിയോഗങ്ങൾക്കായി പ്രാർത്ഥിക്കുക) പാലിക്കുന്നതിനൊപ്പം വൃദ്ധർ, രോഗികൾ, അനാഥർ, ഭിന്നശേഷിയുള്ളവർ എന്നിവരോടൊപ്പം നേരിട്ടോ ഓൺലൈനിലൂടെയോ സമയം ചെലവഴിച്ചും പൂർണ ദണ്ഡവിമോചനം നേടാമെന്ന് അപ്പസ്റ്റോലിക പെനിറ്റൻഷ്യറിയുടെ ഡിക്രി വ്യക്തമാക്കുന്നു.
ഗുരുതര കാരണങ്ങളാൽ പുറത്തുപോകാൻ സാധിക്കാത്തവർക്ക്, മാധ്യമങ്ങളിലൂടെയുള്ള ശുശ്രൂഷകളിൽ പങ്കെടുത്തും, അവരുടെ രോഗപീഡകൾ ദൈവത്തിന് സമർപ്പിച്ചും ദണ്ഡവിമോചനത്തിൽ പങ്കുചേരാനും അനുവാദം നൽകിയിട്ടുണ്ട്. വയോധികർക്ക് തപസിന്റെയും ജീവകാരുണ്യത്തിന്റെയും യഥാർത്ഥ ചൈതന്യത്താൽ പ്രചോദിതരായി, ദൈവീക കരുണ വീണ്ടെടുക്കാനുള്ള അവസരമാണ് ഈ ദണ്ഡവിമോചനമെന്ന് വത്തിക്കാൻ വ്യക്തമാക്കി.
2021ലാണ് വയോധികർക്കായുള്ള ദിനാചരണത്തിന് ഫ്രാൻസിസ് പാപ്പ തിരുസഭയിൽ തുടക്കം കുറിച്ചത്. യേശുവിന്റെ മുത്തശ്ശീ മുത്തശ്ശന്മാരും കന്യാമറിയത്തിന്റെ മാതാപിതാക്കളുമായ വിശുദ്ധ യോവാക്കിം അന്ന ദമ്പതികളുടെ തിരുനാളിനോട് അടുത്തുവരുന്ന ജൂലൈയിലെ നാലാം ഞായറാഴ്ച, വയോധിക ദിനമായി പാപ്പ തിരഞ്ഞെടുക്കുകയും ചെയ്തു. ജൂലൈ 26നാണ് ആഗോളസഭയിൽ വിശുദ്ധ യോവാക്കിം അന്ന ദമ്പതികളുടെ തിരുനാൾ. അതുപ്രകാരം ഈ വർഷത്തെ വയോധിക ദിനാചരണം ജൂലൈ 23ന് ക്രമീകരിക്കുകയായിരുന്നു.
Leave a Comment
Your email address will not be published. Required fields are marked with *