Follow Us On

23

January

2025

Thursday

അന്യസംസ്ഥാന തൊഴിലാളികള്‍ കേരളത്തിന് ഭീഷണിയാവരുത്‌

അന്യസംസ്ഥാന തൊഴിലാളികള്‍  കേരളത്തിന് ഭീഷണിയാവരുത്‌

ഡോ. സിബി മാത്യൂസ്
(ലേഖകന്‍ മുന്‍ ഡിജിപിയാണ്).

ഏതാനും ദിവസം മുമ്പാണ് സമൂഹമനഃസാക്ഷിയെ ഞെട്ടിച്ചുകൊണ്ട് കേവലം അഞ്ചുവയസുമാത്രം പ്രായമുള്ള ഒരു പെണ്‍കുട്ടി കൊല്ലപ്പെട്ടത്. ആലുവാ നഗരത്തിന്റെ ആളൊഴിഞ്ഞ ഒരു കോണില്‍വച്ച് ക്രൂരമായ ലൈംഗികപീഡനത്തിന് വിധേയയാക്കിയശേഷം ആ കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു. കൊല്ലപ്പെട്ടത് ബീഹാര്‍ സ്വദേശികളായ അന്യസംസ്ഥാനത്തൊഴിലാളികളുടെ മകള്‍. കുറ്റവാളിയായ അഷ്ഫാക് ആലം എന്നയാളും ബീഹാര്‍ സ്വദേശി തന്നെ. അഷ്ഫാക് എന്ന വാക്കിന്റെ അര്‍ത്ഥമോ ‘ദയ’, ‘കാരുണ്യം’ എന്നൊക്കെയാണ്. എന്തൊരു വിരോധാഭാസം! കുട്ടിയുടെ മാതാപിതാക്കള്‍ ജോലിക്കായി പുറത്തുപോയ വേളയില്‍, ഏതാനും ദിവസം മുമ്പുമാത്രം അടുത്തവീട്ടില്‍ താമസക്കാരനായി എത്തിയ അഷ്ഫാക് ആലം, കുട്ടിയെ ജ്യൂസ് വാങ്ങിത്തരാം എന്നുപറഞ്ഞ് പ്രലോഭിപ്പിച്ച് വീടിനു സമീപത്തുനിന്നും കൂട്ടിക്കൊണ്ടുപോകുകയായിരുന്നു.

കേരള പോലീസിന് എന്തുപറ്റി?
വൈകുന്നേരം ജോലികഴിഞ്ഞു മടങ്ങിയെത്തിയ മാതാപിതാക്കള്‍, കുട്ടിയെ സമീപത്തുള്ള ഭവനങ്ങളിലൊക്കെ അന്വേഷിച്ചുവെങ്കിലും കാണാതിരുന്നതിനാല്‍ വിവരം ഉദ്ദേശം ആറുമണിയോടെ പോലീസില്‍ അറിയിച്ചു. മാര്‍ക്കറ്റിലെ തൊഴിലാളികളില്‍ ചിലര്‍ പ്രതിയെ കുട്ടിയുടെ കൂട്ടത്തില്‍ കണ്ടിരുന്നു. രാത്രി ഒമ്പതുമണിയോടെ പോലീസ് പ്രതിയെ പിടികൂടിയെങ്കിലും ചോദ്യം ചെയ്യലില്‍ പോലീസിന് ഒന്നും മനസിലായില്ലത്രേ. പിറ്റേന്നു രാവിലെ 11 മണിക്കുശേഷം കുട്ടിയുടെ മൃതശരീരം നാട്ടുകാര്‍ കണ്ടെത്തിയതിനുശേഷമാണ് കുറ്റകൃത്യത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് മനസിലായത്. അതിനുശേഷമാണ് പ്രതി കുറ്റം സമ്മതിച്ചതുപോലും. കേസ് അന്വേഷിക്കുന്നതില്‍ പോലീസിന്റെ കാര്യക്ഷമത ഇങ്ങനെയൊക്കെയാണ് ഇപ്പോള്‍.
പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് സര്‍ക്കാരിനെ വിമര്‍ശിക്കുവാന്‍ നല്ലൊരു അവസരം വീണുകിട്ടി. ടെലിവിഷന്‍ വാര്‍ത്താചാനലുകള്‍ക്കും ഒന്നുരണ്ടു ദിവസത്തേക്ക് മുഴുനീള പരിപാടികള്‍ക്ക് അവസരമായി. എന്നാല്‍ കയ്‌പേറിയ ചില യാഥാര്‍ത്ഥ്യങ്ങള്‍ കേരളസമൂഹം ഇനിയെങ്കിലും മനസിലാക്കേണ്ടിയിരിക്കുന്നു.

കണക്കിലെ ചോദ്യങ്ങള്‍
കഴിഞ്ഞ ഏഴു വര്‍ഷത്തിനുള്ളില്‍ 9,604 കുട്ടികളാണ് ഈ സംസ്ഥാനത്തുമാത്രം ലൈംഗികാതിക്രമത്തിന് വിധേയരായത്. 214 കുട്ടികള്‍ കൊല്ലപ്പെട്ടു. വിവിധ കൊലപാതകക്കേസുകളില്‍ 159 അന്യസംസ്ഥാന തൊഴിലാളികള്‍ അറസ്റ്റു ചെയ്യപ്പെട്ടു. 2016 ഏപ്രില്‍മാസം പെരുമ്പാവൂരില്‍ നടന്ന കുപ്രസിദ്ധമായ ജിഷാ കൊലക്കേസിന്റെ നിറംപിടിപ്പിച്ച വാര്‍ത്തകളുടെയും അതിനെ ആധാരമാക്കി സംസ്ഥാനത്തൊട്ടാകെ നടത്തിയ പ്രചാരണകോലാഹലങ്ങളുടെയും ബലത്തില്‍ അധികാരത്തിലേറിയ സര്‍ക്കാര്‍ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കായി എന്തുചെയ്തു?

ആസൂത്രണബോര്‍ഡിന്റെ കണക്കുകള്‍പ്രകാരംതന്നെ സംസ്ഥാനത്ത് ഇപ്പോള്‍ ഉദ്ദേശം 32 ലക്ഷം അന്യസംസ്ഥാന തൊഴിലാളികള്‍ താമസിച്ചുവരുന്നു. ‘അതിഥി’ തൊഴിലാളികള്‍ എന്ന ഓമനപ്പേരിട്ടു വിളിച്ചും വോട്ടേഴ്‌സ് ലിസ്റ്റില്‍ പേരു ചേര്‍ത്തും റേഷന്‍കാര്‍ഡ് നല്‍കിയും മറ്റും ഇവരെ രാഷ്ട്രീയപാര്‍ട്ടികള്‍ വോട്ടുബാങ്കായി മാറ്റിക്കൊണ്ടിരിക്കുന്നു. ഇവരുടെ കൈവശമുള്ള ആധാര്‍ കാര്‍ഡുകളും ബയോമെട്രിക് വിവരങ്ങളും പരിശോധിച്ചാല്‍, വ്യാജമായ വിവരങ്ങളാണോ നല്‍കിയിരിക്കുന്നതെന്ന് തല്‍ക്ഷണം തിരിച്ചറിയുവാന്‍ കഴിയും. പക്ഷേ പോലീസ്/സാമൂഹ്യനീതി/തൊഴില്‍വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്ക് ഇതിനൊന്നും സമയമില്ല, താല്‍പര്യവുമില്ല.

ലഹരിയുടെ കേന്ദ്രങ്ങള്‍
ഈ തൊഴിലാളികളുടെ താമസസ്ഥലങ്ങളും പരിസരങ്ങളും നിരോധിത പുകയില ഉത്പന്നങ്ങളുടെയും മയക്കുമരുന്നുകളുടെയും കലവറകളാണെന്നു നാട്ടുകാര്‍ പറയുന്നു. സ്വന്തനാട്ടിലേക്ക് ഇടയ്ക്കിടെ അവധിക്കു പോയിട്ട്, തിരികെ വരുന്ന അവസരങ്ങള്‍ നിരോധിതവസ്തുക്കള്‍, കെട്ടുകളാക്കി കൊണ്ടുവരുവാനും കച്ചവടം ചെയ്യുവാനുമുള്ള സുവര്‍ണാവസരമാക്കി ഇവര്‍ മാറ്റുന്നു. ഇവരില്‍ പലരും മയക്കുമരുന്നുകള്‍ക്ക് അടിമകളുമാണ്. ജിഷാ കൊലക്കേസിലെ പ്രതി അമീറുല്‍ ഇസ്ലാം, ആലുവയില്‍ ഇപ്പോള്‍ പെണ്‍കുട്ടിയെ കൊന്ന അഷ്ഫാക് ആലം എന്നിവരൊക്കെ ഇത്തരക്കാരാണ്.

വേണ്ടത് സത്വര നടപടികള്‍
ഏതെങ്കിലും ഒരു ദുരന്തം ഉണ്ടാകുമ്പോള്‍ ജാഥയും പ്രക്ഷോഭവും നടത്തി രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്ന നേതാക്കളില്‍ എത്രപേര്‍, ഈ അന്യസംസ്ഥാന തൊഴിലാളികളുടെ പാര്‍പ്പിടങ്ങള്‍ ഒരിക്കലെങ്കിലും സന്ദര്‍ശിച്ചിട്ടുണ്ട്? മാതാപിതാക്കള്‍ ഉപജീവനത്തിനായി കൂലിപ്പണിക്ക് പോകുമ്പോള്‍, ആലംബഹീനരാകുന്ന കുഞ്ഞുങ്ങള്‍ക്കുവേണ്ടി ‘ഡേ കെയര്‍’ സെന്ററുകള്‍ നടത്തി അവര്‍ക്ക് സുരക്ഷിതത്വം നല്‍കുവാന്‍ സര്‍ക്കാരിന് ചുമതലയില്ലേ? മദ്യപിച്ചു കൂത്താടി നടക്കുന്ന അഷ്ഫാക് ആലത്തെപ്പോലെയുള്ളവര്‍ സഹവാസികളായ നാട്ടുകാര്‍ക്ക് ഭീഷണിയാകുന്നുണ്ട്. ഭരണകക്ഷിയുടെ പാര്‍ട്ടി ഓഫീസുകളില്‍നിന്നും നിര്‍ദേശങ്ങള്‍ വരാത്തതുകൊണ്ടാണോ പോലീസ്/എക്‌സൈസ് വകുപ്പ് ഉദ്യോഗസ്ഥര്‍ അന്യസംസ്ഥാനക്കാരുടെ അധോലോക പ്രവൃത്തികള്‍ക്കെതിരെ നടപടിയെടുക്കാത്തത്? രഹസ്യാന്വേഷണം, അണ്ടര്‍കവര്‍ ഓപ്പറേഷന്‍ മുതലായ മാര്‍ഗങ്ങള്‍ സ്വീകരിക്കുവാന്‍ മടിക്കുന്നതെന്തിന്?

അന്യസംസ്ഥാന തൊഴിലാളികളുടെ സേവനം കൂടാതെ കെട്ടിടനിര്‍മാണ മേഖലയ്ക്ക് മുന്നോട്ടുപോകാനാവില്ല എന്നതു സത്യംതന്നെ. അവര്‍ കേരളത്തില്‍ വന്ന് ജോലി ചെയ്യട്ടെ, താമസിച്ചുകൊള്ളട്ടെ, അവരുടെ കുട്ടികള്‍ ഇവിടെ പഠിച്ചുവളരട്ടെ, സ്വാഗതം. പക്ഷേ, ഇവരുടെ യഥാര്‍ത്ഥ പേരും മേല്‍വിലാസവും, ആധാര്‍കാര്‍ഡ് മുതലായ വിവരങ്ങളും സമീപത്തുള്ള പോലീസ് സ്റ്റേഷനിലും തൊഴില്‍വകുപ്പ് ഓഫീസിലും നല്‍കിയിരിക്കണം. ഇവരുടെ താമസസ്ഥലങ്ങള്‍ മയക്കുമരുന്നുകളുടെ ഗോഡൗണുകളാകുവാന്‍ അനുവദിക്കരുത്. ഇവര്‍ക്ക് വീടുകള്‍ വാടകക്ക് നല്‍കുന്നവര്‍ക്കും മേല്‍പറഞ്ഞ കാര്യങ്ങള്‍ നിഷ്‌കര്‍ഷിക്കുവാന്‍ നിയമപരമായ ബാധ്യതയുണ്ടായിരിക്കണം. ഇത്രയും കാര്യങ്ങള്‍ ഉറപ്പുവരുത്തുവാന്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നും സത്വര നടപടി ഉണ്ടാവേണ്ടിയിരിക്കുന്നു.

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?