വത്തിക്കാൻ സിറ്റി: 2024 ജനുവരി ഒന്നിന് ആചരിക്കുന്ന ലോക സമാധാന ദിനത്തിന്റെ മുഖ്യപ്രമേയം പ്രഖ്യാപിച്ച് ഫ്രാൻസിസ് പാപ്പ. ‘നിർമിത ബുദ്ധിയും (ആർട്ടിഫിഷൻ ഇന്റലിജന്റ്‌സ്) സമാധാനവും’ എന്നതാണ് മുഖ്യപ്രമേയം. ‘സമഗ്ര മനുഷ്യത്വ വികസനത്തിനായുള്ള വത്തിക്കാൻ ഡിക്കാസ്റ്ററി’യാണ് ഇക്കാര്യം വാർത്താ കുറിപ്പിലൂടെ അറിയിച്ചത്.
നിർമിത ബുദ്ധിയുമായി ബന്ധപ്പെട്ടു നടക്കുന്ന ഗവേഷണങ്ങളും പരീക്ഷണങ്ങളും വ്യക്തി സാമൂഹ്യ തലങ്ങളെയും രാഷ്ട്രീയ സാമ്പത്തിക മേഖലകളെയും എപ്രകാരമാണ് സ്വാധീനിക്കുക എന്നതിൽ സുവ്യക്തമായ ചർച്ചകൾ അനിവാര്യമാണെന്നും വാർത്താക്കുറിപ്പ് വ്യക്തമാക്കുന്നു.
നശീകരണ സാധ്യതകൾകൂടി നിലനിൽക്കുന്ന നിർമിത ബുദ്ധിപോലുള്ള ആധുനിക ശാസ്ത്ര സാങ്കേതിക മേഖലകളുടെ ഉപയോഗ ക്രമത്തിൽ പുലർത്തേണ്ട ജാഗ്രതയെക്കുറിച്ച് അവബോധം സൃഷ്ടിക്കാനും ഈ അവസരം വിനിയോഗിക്കപ്പെടും. നിർമിത ബുദ്ധി ഉൾപ്പടെയുള്ള സാങ്കേതിക മുന്നേറ്റങ്ങൾ മനുഷ്യനന്മക്കും പരിസ്ഥിതി സംരക്ഷണത്തിനും പിന്തുണ നൽകുന്നതാവണം എന്ന പാപ്പയുടെ ആഗ്രഹവും അവർ വ്യക്തമാക്കി.
വ്യക്തിയുടെ അന്തസിന്റെ സംരക്ഷണവും വിശ്വസാഹോദര്യവും മാനവരാശിക്ക് മുഴുവനായും തുറന്നുകൊടുക്കുന്നതാകണം വികസന മുന്നേറ്റങ്ങൾ. അത് ലോകത്തിൽ നീതിയും സമാധാനവും പുലരുന്നതിന് സഹായകമാകുമെന്നും വത്തിക്കാൻ വ്യക്തമാക്കി. 1967ൽ പോൾ ആറാമൻ പാപ്പയാണ് ജനുവരി ഒന്ന് ലോക സമാധാന ദിനമായി ആചരിച്ചു തുടങ്ങിയത്.
Leave a Comment
Your email address will not be published. Required fields are marked with *