Follow Us On

18

October

2024

Friday

ഫ്രാൻസിസ് പാപ്പ ഫ്രാൻസിലേക്ക്, ദ്വിദിന സന്ദർശനം സെപ്തം. 22, 23 തീയതികളിൽ

ഫ്രാൻസിസ് പാപ്പ ഫ്രാൻസിലേക്ക്, ദ്വിദിന സന്ദർശനം സെപ്തം. 22, 23 തീയതികളിൽ

വത്തിക്കാൻ സിറ്റി: മെഡിറ്ററേനിയൻ ജനതയുടെ പ്രതീക്ഷയും ആനന്ദവും പ്രോജ്വലിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ‘മെഡിറ്ററേനിയൻ സംഗമ’ത്തിൽ പങ്കെടുക്കാൻ ഫ്രാൻസിസ് പാപ്പ ഫ്രഞ്ച് നഗരമായ മർസിലിയയിലേക്ക്. സെപ്തംബർ 17മുതൽ 24 വരെ നീണ്ടുനിൽക്കുന്ന സംഗമത്തെ അഭിസംബോധന ചെയ്യാനായി 22, 23 തീയതികളിലാണ് പാപ്പ മർസിലിയയിൽ എത്തുക.

മെഡിറ്ററേനിയൻ രാജ്യങ്ങളിൽ നിന്നുള്ള വിവിധ മതവിശ്വാസികളായ യുവജനങ്ങളുടെയും കത്തോലിക്കാ ബിഷപ്പുമാരുടെയും പങ്കാളിത്തത്താൽ ശ്രദ്ധേയമായ സാംസ്‌ക്കാരിക ഉത്‌സവമായി വിശേഷിപ്പിക്കാം മെഡിറ്ററേനിയൻ സംഗമ’ത്തെ. രണ്ടു ദിവസം നീണ്ടുനിൽക്കുന്ന അപ്പസ്‌തോലിക പര്യടനത്തിൽ രാഷ്ട്രീയ, മത സാമുദായിക സംഘടനയിലെ നേതാക്കന്മാരുമായി പാപ്പ കൂടിക്കാഴ്ച നടത്തും.

സെപ്തംബർ 22 പ്രാദേശിക സമയം വൈകീട്ട് 4.15ന് മർസിലിയ വിമാനത്താവളത്തിൽ എത്തിച്ചേരുന്ന പാപ്പയെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മക്രോൺ സ്വീകരിക്കും. വൈകീട്ട് 5.15ന് നോട്ടർഡാം ഡി ലാ ഗാർഡെ കത്തീഡ്രലിൽ ബിഷപ്പുമാർക്കും വൈദീകർക്കുമൊപ്പം മരിയൻ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകും. തുടർന്ന് മെഡിറ്ററേനിയൻ കടലിലെ കപ്പൽച്ഛേദത്തിൽ മരണപ്പെട്ട നാവീകരുടെയും അഭയാർത്ഥികളുടെയും സ്മാരകത്തിൽ പ്രാർത്ഥന നടത്തും.

പിറ്റേന്ന് രാവിലെ ആർച്ച്ബിഷപ്‌സ് ഹൗസിൽ നേതാക്കളുമായുള്ള കൂടിക്കാഴ്ച സംഘടിപ്പിച്ചിട്ടുണ്ട്. അതേ തുടർന്നാകും, മെഡിറ്ററേനിയൻ സംഗമത്തെ അഭിസംബോധന ചെയ്യുക. അവിടെവെച്ച് പ്രസിഡന്റ് മാക്രോണുമായും കൂടിക്കാഴ്ച നടത്തും.വൈകീട്ട് വെലോദോം സ്റ്റേഡിയത്തിൽ അർപ്പിക്കുന്ന ദിവ്യബലിയോടെയാകും പേപ്പൽ പര്യടനം സമാപിക്കുക. പാപ്പയുടെ 44-ാമത് വിദേശ പര്യടനവും ഫ്രാൻസിലേക്കുള്ള രണ്ടാമത്തെ പര്യടനവുമാണിത്. യൂറോപ്പ്യൻ പാർലമെന്റിനെ അഭിസംബോധന ചെയ്യാൻ 2014 നവംബറിൽ ഫ്രാൻസിസ് പാപ്പ വടക്കുകിഴക്കൻ ഫ്രാൻസിലെ സ്ട്രാസ്ബർഗ് നഗരം സന്ദർശിച്ചിരുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?