Follow Us On

13

September

2024

Friday

ഭയപ്പെടുത്താനും അടിച്ചമർത്താനും മതവും സംസ്‌കാരവും ദുരുപയോഗം ചെയ്യപ്പെട്ടേക്കാം; മുന്നറിയിപ്പു നൽകി പാപ്പ

ഭയപ്പെടുത്താനും അടിച്ചമർത്താനും മതവും സംസ്‌കാരവും ദുരുപയോഗം ചെയ്യപ്പെട്ടേക്കാം;  മുന്നറിയിപ്പു നൽകി പാപ്പ

വത്തിക്കാൻ സിറ്റി: മതവും സംസ്‌കാരവും വിഭജനത്തിനു വേണ്ടിയോ മറ്റുള്ളവരിൽ ഒരു പ്രത്യേക കാഴ്ചപ്പാട് അടിച്ചേൽപ്പിക്കാനോ വിനിയോഗിക്കുമ്പോൾ, അത് ഒരു പ്രത്യയശാസ്ത്രമായി തരംതാഴുമെന്ന് ഓർമിപ്പിച്ച് ഫ്രാൻസിസ് പാപ്പ. സംസ്‌കാരം പ്രത്യയശാസ്ത്രമായി രൂപാന്തരപ്പെടുത്തിയാൽ അത് വിഷമയമായി മാറുമെന്നും ഭയപ്പെടുത്താനും അടിച്ചമർത്താനും മതവും സംസ്‌കാരവും ദുരുപയോഗം ചെയ്യപ്പെട്ടേക്കാമെന്നും പാപ്പ മുന്നറിയിപ്പ് നൽകി.

മംഗോളിയയിൽ നിന്നുള്ള മടക്കയാത്രയിൽ വിമാനത്തിൽ വച്ച് മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. അയൽരാജ്യങ്ങളെ കീഴടക്കിയ പീറ്റർ ദ ഗ്രേറ്റിന്റെയും കാതറിൻ രണ്ടാമന്റെയും മാതൃകയിൽ യുക്രൈനെ റഷ്യയോട് കൂട്ടിച്ചേർക്കാൻ തുനിയുന്ന റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെ താൻ പിന്തുണച്ചെന്ന വിവാദങ്ങളെ കുറിച്ചു സംസാരിക്കവേ, അത് തന്റെ നല്ല നിമിഷങ്ങളല്ലായിരുന്നുവെന്നും പാപ്പ മാധ്യമപ്രവർത്തകനോട് പറഞ്ഞു.

റഷ്യൻ പൈതൃകവും സംസ്‌കൃതിയും വളരെ നല്ലതും മനോഹരമാണ്. റഷ്യൻ സംസ്‌കാരത്തിന് രാഷ്ട്രീയ പ്രശ്നങ്ങളുടെ പേരിൽ മായ്ക്കാനാവാത്ത സൗന്ദര്യവും ആഴവുമുണ്ട്. റഷ്യയിലെ യുവജനങ്ങളോട് സംസാരിച്ച സമയത്ത് സാമ്രാജ്യത്വത്തെ കുറിച്ച് താൻ ചിന്തിച്ചിരുന്നില്ല എന്നത് വാസ്തവമാണ്. സംസ്‌കാരത്തെ കുറിച്ചാണവരോട് പറഞ്ഞത്. സംസ്‌കാരത്തിന്റെ കൈമാറ്റം ഒരിക്കലും സാമ്രാജ്യത്വമല്ല. എന്നാൽ സ്വന്തം പ്രത്യയശാസ്ത്രം അടിച്ചേൽപ്പിക്കാൻ ആഗ്രഹിക്കുന്ന ചില സാമ്രാജ്യങ്ങൾ ഉണ്ടെന്നത് ശരിയാണെന്നും പാപ്പ പറഞ്ഞു.

സിനഡാലിറ്റിയെ കുറിച്ചുള്ള സിനഡിനെ ചിലർ വിമർശിക്കുന്നത് ചില പ്രത്യയശാസ്ത്രങ്ങളുടെ സ്വാധീനത്താലായിരിക്കുമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഉത്തരമായി പറഞ്ഞു. ഒരു ജനതയുടെ സംസ്‌കാരവും ആ ജനതയിൽപ്പെടുന്ന ഏതെങ്കിലും തത്ത്വചിന്തകന്റെയോ രാഷ്ട്രീയക്കാരന്റെയോ പ്രത്യയശാസ്ത്രവും തമ്മിൽ വേർതിരിച്ചറിയാൻ ജനങ്ങൾ പഠിക്കേണ്ടതുണ്ട്. ഇത് സഭയുടെ കാര്യത്തിലും ശരിയാണ്.

അടിസ്ഥാന മൂല്യങ്ങളിൽനിന്ന് വേർപ്പെടുത്താൻ നിർബന്ധിക്കുന്ന ചില പ്രത്യയശാസ്ത്രങ്ങളോട് പക്ഷം ചേരാനും പരിശുദ്ധാത്മാവിന്റെ സ്വാധീനത്തിൽനിന്ന് പുറത്തുവരാനും സഭ നിർബന്ധിക്കപ്പെടാറുണ്ട്. വിശ്വാസികളെ ഭയപ്പെടുത്താനും സഭയെ ഭിന്നിപ്പിക്കാനും ആഗ്രഹിക്കുന്ന പ്രത്യയ ശാസ്ത്രജ്ഞരാണ് ഇതിന്റെ പിന്നിലുള്ളതെന്നും പാപ്പ കൂട്ടിച്ചേർത്തു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?