വത്തിക്കാൻ സിറ്റി: ലാറ്റിൻ അമേരിക്കയ്ക്കായുള്ള വത്തിക്കാനിലെ പൊന്തിഫിക്കൽ കമ്മീഷന്റെയും ഷിക്കാഗോ ലയോള യൂണിവേഴ്സിറ്റിയുടെയും നേതൃത്വത്തിൽ നടത്തിയ ‘ബിൽഡിംഗ് ബ്രിഡ്ജസ് ഇനിഷ്യേറ്റീ’വിന്റെ മൂന്നാം എഡിഷനിൽ ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകരും വിദ്യാർത്ഥികളുമായി ഫ്രാൻസിസ് പാപ്പാ ഓൺലൈൻ സംവാദം നടത്തി.വൈവിധ്യങ്ങളിൽ ഐക്യം കണ്ടെത്തണമെന്നും ലോകത്തെ നയിക്കേണ്ടത് അങ്ങിനെയാകണമെന്നും പാപ്പാ പറഞ്ഞു. രാജ്യങ്ങൾക്കിടയിൽ വിവിധ വ്യത്യാസങ്ങൾ ഉണ്ടാകാം. ഇതിനിടയിലും സാഹോദര്യം കണ്ടെത്താൻ സാധിക്കുന്നതാണ് ഏറ്റവും വലിയ മനോഹാരിതയെന്നും അദ്ദേഹം പറഞ്ഞു.
പ്രതിസന്ധികളെ കരുത്തോടെ നേരിടാനും ശക്തിയോടെ എഴുന്നേറ്റു നിൽക്കാനുമുള്ള കരുത്ത് ദൈവം നൽകിയിട്ടുണ്ട്. നർമ്മ ബോധം ഒരിക്കലും നഷ്ടപ്പെടുത്തരുതെന്നും നർമ്മബോധമെന്നാൽ മനസികാരോഗ്യമാണെന്നും വിദ്യാർത്ഥികളോടായി പപ്പാ പറഞ്ഞു. മതസ്വാതന്ത്ര്യം , ജീവിതസാക്ഷ്യം ,ഭീഷണിപ്പെടുത്തലുകൾ ,യുവാക്കളുടെ ആത്മഹത്യ, സോഷ്യൽ നെറ്റ്‌വർക്ക് , മാധ്യമ സാക്ഷരത എന്നെ വിഷയങ്ങൾ ചർച്ചാവിഷയമായ സംവാദത്തിൽ, കൂട്ടായ്മയിൽ അധിഷ്ഠിതമായ സിനഡൽ സഭ ഏഷ്യയിൽ എങ്ങനെ രൂപപ്പെടുത്താമെന്ന് പാപ്പാ വിശദീകരിച്ചു.
ഡൽഹി സെന്റ് സ്റ്റീഫൻസ് കോളേജ്, ജീസസ് ആൻഡ് മേരി കോളേജ്, ബാംഗ്ലൂരിലെ ക്രൈസ്റ്റ് യൂണിവേഴ്സിറ്റി, സെന്റ് ജോസഫ്‌സ് യൂണിവേഴ്സിറ്റി, ലാഹോറിലെ യൂണിവേഴ്സിറ്റി ഓഫ് പഞ്ചാബ്, സെന്റ് സേവിയേഴ്‌സ് കോളേജ് കാഠ്മണ്ഡു എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളും അധ്യാപകരുമാണ് സംവാദത്തിൽ പങ്കെടുത്തത്. സമൂഹത്തിൽ നിലനിൽക്കുന്ന വിഭാഗീയതയെക്കുറിച്ചും വിവേചനത്തെയും മുൻവിധികളെയും പീഡനങ്ങളെയും കുറിച്ച് ഫ്രാൻസിസ് പാപ്പായോട് സംസാരിച്ച വിദ്യാർത്ഥികൾ, നല്ല ഭാവിയെക്കുറിച്ചുള്ള അവരുടെ സ്വപ്നം തങ്ങളുടെ വിശ്വാസം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം ഇല്ലാത്തതിന്റെ വൈഷമ്യത്തിലും നിരാശയിലും മങ്ങിപ്പോകുമോ എന്ന ഭയവും പാപ്പായോട് പങ്കുവെച്ചു.
ഇന്ത്യ, പാകിസ്ഥാൻ, നേപ്പാൾ എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളുടെ ക്രൈസ്തവസാക്ഷ്യം തന്റെ ഹൃദയത്തെ ആഴത്തിൽ സ്പർശിക്കുന്നുവെന്നും, ഇവിടെങ്ങളിലെ രക്തസാക്ഷികളുടെ സ്മരണകൾ തന്റെ ഹൃദയത്തിൽ എപ്പോഴും ഉണ്ടെന്നും പാപ്പാ പറഞ്ഞു. സാമൂഹിക മൂല്യങ്ങളെ ആശയങ്ങളാക്കി ചുരുക്കുന്നതിനാൽ വൈരുധ്യങ്ങളും വിവേചനങ്ങളും വർധിക്കുമെന്നും അതിനാൽ ദൈവീക പദ്ധതിയോട് സഹകരിച്ചുകൊണ്ട്, വ്യത്യസ്ത കാഴ്ചപ്പാടുകളോടുകൂടി തന്നെ കൂട്ടായ്മയുടെ സാക്ഷ്യത്തിൽ ജീവിക്കണമെന്ന് പാപ്പാ അവരെ ഓർമിപ്പിച്ചു. ശാരീരികമായ കുറവുകളെക്കുറിച്ചും , സൗന്ദര്യ കുറവുകളെക്കുറിച്ചും സമൂഹം വിലകുറച്ചു സംസാരിക്കുമ്പോൾ വേദന ഉണ്ടാകാറുണ്ടെന്ന ഇന്ത്യയിൽ നിന്നുള്ള ഒരു വിദ്യാർത്ഥിനിയുടെ ആശങ്കയ്ക്ക്, തന്റെ ജീവിതത്തിൽ നിന്നുള്ള ഒരു അനുഭവം എടുത്തുപറഞ്ഞുകൊണ്ട് ഓരോരുത്തരിലും അന്തർലീനമായിരിക്കുന്ന അവരവരുടെ സൗന്ദര്യത്തെ തിരിച്ചറിയാനും കണ്ടെത്തുത്താനും കഴിയുന്നത് വഴി അനാവശ്യമായ താരതമ്യപ്പെടുത്തലുകളുടെ വിപരീത ഫലങ്ങളെ അതിജീവിക്കാൻ കഴിയുമെന്ന് പപ്പാ മറുപടി പറഞ്ഞു. അതോടൊപ്പം വീണുപോകുന്ന നമ്മുടെ സഹോദരങ്ങളെ താങ്ങി നിർത്താനുള്ള ഉത്തരവാദിത്വവും നമ്മൾ ഏറ്റെടുക്കണം.
2022 ഫെബ്രുവരിയിൽ അമേരിക്കയ്ക്കും കഴിഞ്ഞ വർഷം നവംബറിൽ ആഫ്രിക്കയ്ക്കും ശേഷം, അടുത്തമാസം നടക്കുന്ന സിനഡിനു മുമ്പായി ദക്ഷിണേഷ്യയിലെ യുവജനങ്ങളുമായി നടത്തപ്പെട്ട പാപ്പായുടെ ഈ വെർച്വൽ സമ്മേളനം യുവജനങ്ങൾക്കു സഭയിലുള്ള പ്രാധാന്യത്തെയാണ് സൂചിപ്പിക്കുന്നതെന്ന് വത്തിക്കാൻ വൃത്തങ്ങൾ പറഞ്ഞു.
Leave a Comment
Your email address will not be published. Required fields are marked with *