Follow Us On

18

October

2024

Friday

വിശുദ്ധ നാട്ടിലെ യുദ്ധം വേദനാജനകം:കർദിനാൾ പരോളിൻ

വിശുദ്ധ നാട്ടിലെ യുദ്ധം വേദനാജനകം:കർദിനാൾ പരോളിൻ

വത്തിക്കാൻ സിറ്റി: വിശുദ്ധനാട്ടിൽ വീണ്ടും സംഘർഷം പൊട്ടിപുറപ്പെട്ടതിൽ ഖേദവും ആശങ്കയും പ്രകടിപ്പിച്ച വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിൻ, യഥാർത്ഥ പ്രശ്‍നങ്ങൾക്ക് സമാധാനപരമായ ശ്വാശ്വതപരിഹാരം കണ്ടെത്താൻ ആഗോള സമൂഹം മുന്നിട്ടിറങ്ങണമെന്ന് ആഹ്വാനം ചെയ്തു. മധ്യപൂർവേഷ്യയിലും, ഉക്രൈനിലും നടക്കുന്ന യുദ്ധങ്ങൾ അവസാനിപ്പിക്കുന്നതിനായി എല്ലാവരുടെയും പ്രാർത്ഥന അഭ്യർത്ഥിച്ച കർദിനാൾ പിയെത്രോ പൊട്ടിപ്പുറപ്പെട്ട യുദ്ധത്തിന്റെ അവസാനം എന്തായിരിക്കുമെന്ന് സങ്കല്പിക്കാൻ കഴിയാത്ത സാഹചര്യമാണെന്നും ലോകം മുഴുവൻ ഒരു ഭ്രാന്താലയമായി മാറിയിരിക്കുകയാണെന്നും അഭിപ്രായപ്പെട്ടു. ശക്തി, അക്രമം, സംഘർഷം എന്നിവയിൽ മാത്രം ആശ്രയിക്കുന്നത്തിനു പകരം യഥാർത്ഥ പ്രശ്നങ്ങൾ വ്യത്യസ്തമായ രീതികളിലൂടെ പരിഹരിക്കപ്പെടണമെന്നും ഇത്തരം ശ്രമങ്ങൾക്ക് യൂറോപ്പ് നൽകുന്ന സേവനങ്ങളെ പ്രശംസിച്ച അദ്ദേഹം,സമാനമായ സാഹചര്യങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങൾക്ക് വത്തിക്കാന്റെ പിന്തുണയും വാഗ്ദാനം ചെയ്തു.

ഹമാസിന്റെ ഇസ്രായേലിലേക്കുള്ള അപ്രതീക്ഷിത നുഴഞ്ഞുകയറ്റത്തെയും അക്രമങ്ങളെയും തുടർന്ന് പൊട്ടിപ്പുറപ്പെട്ട യുദ്ധത്തിൽ ആശങ്ക പ്രകടിപ്പിച്ച് അമേരിക്കന്‍ മെത്രാന്‍ സംഘത്തിന്റെ അന്താരാഷ്ട്ര നീതിന്യായ സമിതി രംഗത്തുവന്നു. വർദ്ധിച്ചുവരുന്ന നാശനഷ്ടങ്ങളും ശത്രുതാപരമായ നിലപാടുകളും വിശുദ്ധനാടിന്റെ അസ്തിത്വത്തിന് ഭീഷണിയാകുന്നുണ്ടെന്ന് യു‌എസ്‌സി‌സി‌ബിയുടെ നീതി -സമാധാനകാര്യ സമിതിയുടെ അധ്യക്ഷൻ ബിഷപ്പ് ഡേവിഡ് മല്ലോയ് പറഞ്ഞു. ‘ദയവായി ആക്രമണങ്ങളും ആയുധങ്ങളും അവസാനിപ്പിക്കുക. തീവ്രവാദവും യുദ്ധവും ഒരു തീരുമാനത്തിലേക്കും നയിക്കുന്നില്ല, മറിച്ച് നിരവധി നിരപരാധികളുടെ മരണത്തിലേക്കും കഷ്ടപ്പാടുകളിലേക്കും മാത്രമേ നയിക്കൂവെന്ന് മനസ്സിലാക്കട്ടെ’യെന്ന ഫ്രാൻസിസ് പാപ്പയുടെ വാക്കുകളെ അനുസ്മരിച്ചുകൊണ്ട് തങ്ങളും വിശുദ്ധ നാട്ടിൽ നടക്കുന്ന വ്യാപക അക്രമങ്ങളെ പാപ്പയോട് ചേർന്ന് അപലപിക്കുകയാണെന്നു കൂട്ടിച്ചേർത്തു. വിശുദ്ധ നാടിനെ സ്നേഹിക്കുന്ന എല്ലാവരും അക്രമം അവസാനിപ്പിക്കുന്നതിനും ബന്ദികളെ മോചിപ്പിക്കുന്നതിനും പരിശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇസ്രായേലിലും,പാലസ്തീനിലും കുഞ്ഞുങ്ങളുടെ സ്ഥിതി അതിദയനീയമാണെന്നും സംഘർഷത്തിൽ കുട്ടികളുടെ അവകാശങ്ങൾ വ്യാപകമായി ലംഘിക്കപ്പെടുകയാണെന്നും യൂണിസെഫ് വ്യക്തമാക്കി. യുദ്ധം തുടങ്ങിയ ആദ്യ മണിക്കൂറുകളിൽ തന്നെ നിരവധി കുഞ്ഞുങ്ങൾ വധിക്കപ്പെടുകയും,അംഗഭംഗത്തിനിരയാവുകയും, തട്ടിക്കൊണ്ടു പോകപ്പെടുകയും ചെയ്തതായും, ഇത്തരം അവകാശലംഘനങ്ങളെ ശക്തമായ ഭാഷയിൽ അപലപിക്കുന്നതായും യൂണിസെഫ് വ്യക്തമാക്കി. പൗരന്മാരുടെ അടിസ്ഥാന അവകാശത്തിന്മേലുള്ള കൂടുതൽ കടന്നുകയറ്റത്തിൽ നിന്നും എല്ലാവരും വിട്ടുനിൽക്കണമെന്നും എല്ലാ യുദ്ധങ്ങളിലുമെന്നപോലെ ഈ യുദ്ധത്തിലും ആദ്യം കഷ്ടപ്പെടുന്നത് കുട്ടികളാണെന്നും പ്രസ്താവന ഓർമ്മപ്പെടുത്തുന്നു.ബന്ദികളാക്കിയ കുഞ്ഞുങ്ങളെ അവരുടെ കുടുംബങ്ങളുമായോ ബന്ധുക്കളുമായോ വീണ്ടും ഒന്നിപ്പിക്കുന്നതിന് അവരെ ഉടനടി സുരക്ഷിതമായി മോചിപ്പിക്കണമെന്ന് യുനിസെഫ് ആവശ്യപ്പെട്ടു.

മേഖലയിൽ അക്രമം രൂക്ഷമാകുകയാണ്. 1500 ഹമാസ് തീവ്രവാദികളുടെ മൃതദേഹങ്ങൾ ഗാസ മുനമ്പിനു സമീപത്തു നിന്നും ഇസ്രായേലിൽ നിന്നുമായി കണ്ടെത്തിയെന്നും അതിർത്തിയിലെ നിയന്ത്രണം പൂർണമായി പിടിച്ചെടുത്തുവെന്നും സൈന്യം അറിയിച്ചു. ഹമാസ് ഭീകരർ ശിരസ്സറുത്ത്‌ കൊലപ്പെടുത്തിയ നാൽപ്പതോളം ഇസ്രായേലി കുഞ്ഞുങ്ങളുടെ മൃതദേഹവും കണ്ടെത്തിയിട്ടുണ്ട്. അതേസമയം ഇനിയും നുഴഞ്ഞുകയറ്റ ശ്രമങ്ങൾ ഉണ്ടാകുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. ഹമാസ് തകർത്ത അതിർത്തികൾ അടച്ച ഇസ്രായേലി സൈന്യം, അതിർത്തിയിൽ നിന്നും എല്ലാവരേയും ഒഴിപ്പിച്ചു. ഹമാസിന് എതിരെയുള്ള പോരാട്ടത്തിനായി 3,00,000 സൈനികരെയാണു ഇസ്രായേൽ രംഗത്തിറക്കിയിരിക്കുന്നത്. 1973ലെ യോം കിപ്പൂർ യുദ്ധത്തിനുശേഷമുള്ള എറ്റവും വലിയ പടയൊരുക്കമാണിത്. അന്ന് 4,00,000 സൈനികരെയാണു ഇസ്രായേൽ രംഗത്തിറക്കിയത്.

വിശുദ്ധ നാട്ടിലുൾപ്പടെ ലോകത്തിലെ വിവിധ ഭാഗങ്ങളിൽ സംഘർഷങ്ങൾ തുടരുന്നതിന്റെ പശ്ചാത്തലത്തിൽ പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യം തേടി പതിനഞ്ചാം തീയതി വത്തിക്കാനിലെ സാന്താ മരിയ മജോരെ ബസിലിക്ക അങ്കണത്തിൽ റോമിലെ രൂപത ജപമാല പ്രാർത്ഥന നടത്താനൊരുങ്ങുന്നു. രൂപതയുടെ വികാരി കർദിനാൾ ആന്ജെലോ ദേ ഡൊണാറ്റിസ് മുഖ്യകാർമ്മികത്വം വഹിക്കും. പ്രാർത്ഥനാവസരത്തിൽ ബസിലിക്കയിൽ പ്രതിഷ്ഠിച്ചിരിക്കുന്ന പരിശുദ്ധ അമ്മയുടെ ‘സാലൂസ് പോപ്പോളി റൊമാനി’ എന്ന അത്ഭുതതിരുസ്വരൂപം ദേവാലയത്തിന്റെ അങ്കണത്തിലേക്ക് മാറ്റി പ്രതിഷ്ഠിക്കും. വിശുദ്ധ ലൂക്ക വരച്ച ചിത്രമാണിതെന്നാണ് പാരമ്പര്യം പറയുന്നത്.ചരിത്രപരമായി ഇത് റോമിലെ ഏറ്റവും പ്രധാനപ്പെട്ട മരിയൻ ഐക്കണാണ്. 593- ൽ ഗ്രിഗറി ഒന്നാമൻ പാപ്പ റോമിൽ അക്കാലത്ത് പടർന്നുപിടിച്ച പ്ലേഗിന് അറുതിവരുത്താൻ ഈ രൂപവും വഹിച്ചുകൊണ്ട് പ്രദക്ഷിണം നടത്തിയിട്ടുണ്ട്. 1571- ൽ പയസ് അഞ്ചാമൻ പാപ്പ ലെപാന്റോ യുദ്ധത്തിലും ഈ പ്രത്യേക ഐക്കണോടുള്ള ഭക്തി പ്രോത്സാഹിപ്പിച്ചു. ഫ്രാൻസിസ് പാപ്പാ തന്റെ ഓരോ അപ്പോസ്തോലിക യാത്രയ്ക്ക് മുമ്പും ശേഷവും സാന്താ മരിയ മജോരെ ബസിലിക്കയിലെ ഈ തിരുസ്വരൂപത്തിനു മുൻപിൽ പ്രാർത്ഥിക്കാനെത്താറുണ്ട്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?