വത്തിക്കാൻ സിറ്റി: ഹമാസ് തീവ്രവാദികൾ ബന്ദികളാക്കിയ ഇസ്രായേൽ പൗരന്മാരെ ഉടൻ വിട്ടയക്കണമെന്ന് ഫ്രാൻസിസ് പാപ്പ ആവശ്യപ്പെട്ടു. ഇന്നലെ പൊതു കൂടിക്കാഴ്ച മധ്യേ സംസാരിക്കവെ ഇസ്രായേലും പലസ്തീനിൽ പ്രവർത്തിക്കുന്ന ഇസ്ലാമിക തീവ്രവാദ സംഘടനയായ ഹമാസും തമ്മിൽ നടക്കുന്ന യുദ്ധത്തിൽ തനിക്കുള്ള ‘ദുഃഖവും ആശങ്കയും’ പ്രകടിപ്പിച്ച പാപ്പ, ആക്രമണത്തിനിരയായ ഇസ്രായേലിന് സ്വയം പ്രതിരോധത്തിന് അവകാശമുണ്ടെന്നും, നീതിയുടെ അടിസ്ഥാനത്തിൽ ശാശ്വതമായ സമാധാനം കൈവരിക്കാൻ അക്രമത്തിനാവില്ലെന്നും വ്യക്തമാക്കി. നൂറ്റമ്പതോളം ഇസ്രായേൽക്കാരാണ് ഹമാസിന്റെ പിടിയിലുള്ളത്.
ഗാസയിൽ ഇസ്രായേൽ ഉപരോധം ഏർപ്പെടുത്തിയതിൽ തനിക്കുള്ള ആശങ്കയും പരിശുദ്ധ പിതാവ് പങ്കുവെച്ചു. ഗാസയിലേക്കുള്ള വൈദ്യുതി, ഭക്ഷണം,വെള്ളം,ഗ്യാസ് എന്നിവയടക്കമുള്ള എല്ലാ വിഭവങ്ങളും നിർത്തലാക്കിയിരിക്കുകയാണ് ഇസ്രായേൽ. ഇരു കൂട്ടരോടും സംയമനം പാലിക്കാൻ അഭ്യർത്ഥിച്ച ഫ്രാൻസിസ് പാപ്പ, തീവ്രവാദത്തിലൂടെ ഒരു സംഘർഷത്തിനും പരിഹാരം കാണാൻ കഴിയില്ലെന്നും വിദ്വേഷവും അക്രമവും പ്രതികാരം വളർത്തുകയും ഇരുപക്ഷത്തും ദുരിതം സൃഷ്ടിക്കുകയും ചെയ്യുമെന്നും പറഞ്ഞു.അതിനാൽ പശ്ചിമേഷ്യയിൽ യുദ്ധമല്ല, നീതിയിലും പരസ്പര സംഭാഷണത്തിലും സാഹോദര്യത്തിലും കെട്ടിപ്പടുക്കുന്ന സമാധാനമാണ് ആവശ്യമായിട്ടുള്ളതെന്നും ചൂണ്ടിക്കാണിച്ചു.
ജറുസലേമിലെ പാത്രിയർക്കീസ് കർദ്ദിനാൾ പിയർബാറ്റിസ്റ്റ പിസബല്ല, വിശുദ്ധ നാട്ടിൽ സമാധാനത്തിനും അനുരഞ്ജനത്തിനുമായി ഒക്ടോബർ പതിനേഴാം തീയതി പരിശുദ്ധ കുർബാനയുടെ ആരാധന, ജപമാല എന്നിവയോടു കൂടി കുടുംബങ്ങളിലും കൂട്ടായ്മകളിലും ഇടവകകളിലും പ്രത്യേക ഉപവാസ പ്രാർത്ഥനാ ദിനം ആചരിക്കാൻ വിശ്വാസികളെ ആഹ്വാനം ചെയ്തു.
Leave a Comment
Your email address will not be published. Required fields are marked with *