വത്തിക്കാൻ സിറ്റി: വത്തിക്കാനിലെത്തിയ ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ ഫ്രാൻസിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തി. ഇസ്രായേൽ – പലസ്തീൻ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെയാണ് സന്ദർശനമെന്നത് ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ളതാണെന്ന് നിരീക്ഷകർ അഭിപ്രായപ്പെട്ടു. ബഹ്റൈൻ – വത്തിക്കാൻ ഉഭയകക്ഷി ബന്ധം, സംയുക്ത സഹകരണം, സഹിഷ്ണുത, സഹവർത്തിത്വം, സാഹോദര്യം, സംഭാഷണം, ജനങ്ങൾ തമ്മിലുള്ള സഹകരണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതുൾപ്പടെയുള്ള വിഷയങ്ങൾ മുപ്പത് മിനിറ്റോളം നീണ്ടുനിന്ന കൂടികാഴ്ച്ചയിൽ ചർച്ചയായി.
ഫ്രാൻസിസ് പാപ്പയുടെ കഴിഞ്ഞവർഷത്തെ ബഹ്റൈൻ സന്ദർശനത്തെയും അൽ അസ്ഹർ ഗ്രാൻഡ് ഇമാം അഹമ്മദ് അൽ തയീബിനൊപ്പം നടന്ന കൂടിക്കാഴ്ചയേയും ബഹ്റൈൻ ഭരണാധികാരി അനുസ്മരിച്ചു. സംഭാഷണം, പരസ്പര ബഹുമാനം, സഹിഷ്ണുത, മതസ്വാതന്ത്ര്യം എന്നിവ പ്രോത്സാഹിപ്പിക്കുന്ന ആഗോള സമ്മേളനങ്ങൾക്കു ആതിഥേയത്വം വഹിച്ചതിൽ ബഹ്റൈനെ ഫ്രാൻസിസ് പാപ്പ അഭിനന്ദിച്ചപ്പോൾ വിവിധ മതങ്ങൾ, സംസ്കാരങ്ങൾ എന്നിവയ്ക്കിടയിൽ സംവാദവും ധാരണയും വളർത്തുന്നതിനും മനുഷ്യ സാഹോദര്യവും സഹിഷ്ണുതയും പ്രോത്സാഹിപ്പിക്കുന്നതിനും സഹവർത്തിത്വം വളർത്തുന്നതിനുമായി ഫ്രാന്സിസ് പാപ്പ നടത്തുന്ന ഇടപെടലുകൾക്ക് ഹമദ് ബിൻ ഈസ അദ്ദേഹത്തോട് നന്ദി പറഞ്ഞു.
കഴിഞ്ഞ നവംബറിൽ തന്റെ മുപ്പത്തിയൊൻപതാം വിദേശ അപ്പസ്തോലിക പര്യടനത്തിന്റെ ഭാഗമായി ഫ്രാൻസിസ് പാപ്പ ബഹ്റൈൻ സന്ദർശിച്ചിരിന്നു. ചരിത്രത്തിലാദ്യമായി ബഹ്‌റൈനിലെത്തിയ കത്തോലിക്ക സഭയുടെ പരമാധ്യക്ഷൻ എന്ന ഖ്യാതിയോടെ പാപ്പ നടത്തിയ സന്ദർശനത്തിന് വൻ വരവേല്പ്പാണ് രാജ്യം നല്കിയത്. ഇതിന്റെ ഒന്നാം വാർഷികം അടുത്തിരിക്കെവേയാണ് ബഹ്‌റൈൻ രാജാവിന്റെ വത്തിക്കാനിലേക്കുള്ള സന്ദർശനമെന്നത് ശ്രദ്ധേയമാണ്.
Leave a Comment
Your email address will not be published. Required fields are marked with *