Follow Us On

26

December

2024

Thursday

പൊന്തിഫിക്കൽ ദൈവശാസ്ത്ര അക്കാദമിയുടെ പുതിയ നിയമാവലിക്ക് പാപ്പായുടെ അംഗീകാരം

പൊന്തിഫിക്കൽ ദൈവശാസ്ത്ര അക്കാദമിയുടെ പുതിയ നിയമാവലിക്ക് പാപ്പായുടെ അംഗീകാരം

വത്തിക്കാന്‍ സിറ്റി: ഭാവിയിലേക്കുള്ള ദൈവശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി പഴയകാല തത്വങ്ങളും നിയമങ്ങളും മാത്രമല്ല, നിലവിലെ ആഴമേറിയ സാംസ്‌കാരിക മാറ്റങ്ങൾ മനസ്സിലാക്കി, ദൈവികവെളിപാടിന്റെ കൂടി അടിസ്ഥാനത്തിൽ ഭാവിയിലേക്കുള്ള പുതിയ മാർഗ്ഗങ്ങൾ നിർദ്ദേശിക്കേണ്ടതിന്റെ ആവശ്യമുണ്ടെന്ന് ഫ്രാൻസിസ് പാപ്പ. പൊന്തിഫിക്കൽ ദൈവശാസ്ത്ര അക്കാദമിയുടെ പുതുക്കിയ നിയമസംഹിത അംഗീകരിച്ചുകൊണ്ട് ഇന്നലെ പ്രസിദ്ധീകരിച്ച ‘അദ് തെയൊളോജിയാം പ്രൊമോവെന്തം’ – ദൈവശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി – എന്ന അപ്പസ്തോലിക ലേഖനത്തിലാണ് പാപ്പാ ഇക്കാര്യം വ്യക്തമാക്കിയത്.

1718 ഏപ്രിൽ 23-ന് ക്ലമന്റ് പതിനൊന്നാമൻ പാപ്പാ സ്ഥാപിച്ച പൊന്തിഫിക്കൽ ദൈവശാസ്ത്ര അക്കാദമി നാളിതുവരെയുള്ള അവരുടെ പ്രവർത്തനത്തിലൂടെ സഭയുടെയും ലോകത്തിന്റെയും നന്മയ്ക്കും സേവനത്തിനുമായി ദൈവശാസ്ത്രത്തെ അവതരിപ്പിച്ചുവെന്ന് എടുത്തുപറഞ്ഞ പാപ്പാ, ഇത്തരമൊരു സേവനത്തെ കഴിഞ്ഞ കാലങ്ങളിൽ വിവിധ പാപ്പാമാർ, അവർ നടത്തിയ നിയമ – ഘടനാ ഭേദഗതികളിലൂടെ മെച്ചപ്പെടുത്തിയിട്ടുണ്ടെന്നത് അനുസ്മരിച്ചു.സിനഡലും, മിഷനറിയും, മറ്റുളളവരിലേക്ക് ഇറങ്ങിച്ചെല്ലേണ്ടതുമായ ഒരു സഭയുടെ ദൈവശാസ്ത്രത്തിൽ അതിനോട് യോജിച്ചുപോകുന്ന മാറ്റങ്ങൾ ആവശ്യമുള്ളതിനാലാണ് നിലവിൽ പൊന്തിഫിക്കൽ ദൈവശാസ്ത്ര അക്കാദമിയുടെ നിയമസംഹിത നവീകരിക്കാൻ  തീരുമാനിച്ചതെന്നും പാപ്പാ വ്യക്തമാക്കി.

മേശയ്ക്ക് ചുറ്റുമിരുന്ന് തീരുമാനിക്കപ്പെടുന്ന ദൈവശാസ്ത്രത്തേക്കാൾ, ആളുകളിലേക്ക് ഇറങ്ങിച്ചെന്ന്, അവരുമായി ഇടപഴകുകയും, അവരുടെ മുറിവുകൾ സൗഖ്യപ്പെടുത്തുകയും ചെയ്യുന്ന ഒരു സഭയുടെയും അതിൽനിന്ന് ഉളവാകുന്ന മാറ്റങ്ങൾ ഉൾക്കൊള്ളുന്ന ഒരു ദൈവശാത്രത്തിന്റെയും പ്രാധാന്യം അപ്പസ്തോലിക ലേഖനത്തിൽ ഫ്രാൻസിസ് പാപ്പാ എടുത്തുപറഞ്ഞിട്ടുണ്ട്. ഒരു ജനതയുടെ സംസ്കാരത്തിലും, മതപരമ്പര്യത്തിലും മാംസമായ വചനത്തെ മാതൃകയാക്കി, ഇന്നത്തെ ആളുകൾ ജീവിക്കുന്ന സാഹചര്യങ്ങളും കണക്കിലെടുത്തുവേണം സുവിശേഷത്തെ വ്യാഖ്യാനിക്കുന്നതെന്നതിനെക്കുറിച്ച് നാം ചിന്തിക്കേണ്ടതുണ്ട്. വിവിധ ക്രൈസ്തവപരമ്പര്യങ്ങളും, മതങ്ങളും, വിശ്വാസികളും അവിശ്വാസികളുമുൾപ്പെടുന്ന ബഹുമുഖ യാഥാർത്ഥ്യങ്ങളുമായുള്ള സംവാദങ്ങളുടെ സംസ്കാരത്തിലൂടെ വേണം ദൈവശാസ്ത്രം വളരേണ്ടത്. വിവിധ തലങ്ങളിലുള്ള അറിവുകളും വിഷയങ്ങളുമായും ബന്ധപ്പെട്ടായിരിക്കണം ദൈവശാസ്ത്രം വളരേണ്ടത്. അതാകട്ടെ അടഞ്ഞ ഒരു ശാസ്ത്രമാകന്നതിനുപരിയായി വിവിധ മാനങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ വളരാനും വ്യാഖ്യാനിക്കപ്പെടാനും, അങ്ങനെ യേശുവിന്റെ ഉദ്ബോധനങ്ങളും വിശ്വാസ സത്യങ്ങളും മറ്റുള്ളവർക്ക് പകർന്നുകൊടുക്കാൻ സാധിക്കുന്നതായിരിക്കണം; പാപ്പാ വിശദമാക്കി.

ദൈവശാസ്ത്രത്തിന്റെ വളർച്ചയിൽ, സഹോദര്യപരവും സാമൂഹികവുമായ ബന്ധങ്ങളുടെ പ്രത്യേകതയും സിനഡൽ മാനത്തിന്റെ പ്രാധാന്യവും പാപ്പാ എടുത്തുപറഞ്ഞു. അതുവഴി മറ്റുള്ളവരുടെ ഹൃദയത്തിലേക്ക് എത്താൻ സാധിക്കും. മറ്റുള്ളവരെ ശ്രവിച്ചും, അവരുമായി സംവാദങ്ങൾ നടത്തിയുമാണ് സിനഡൽ മാർഗ്ഗത്തിൽ ദൈവശാസ്ത്രം വളർത്തേണ്ടത്.പൊന്തിഫിക്കൽ ദൈവശാസ്ത്ര അക്കാദമി, മറ്റു ശാസ്ത്രഅറിവുകളും തത്വ, മാനവിക, കലാശാസ്ത്രങ്ങളുമായി സംവാദങ്ങളിൽ ഏർപ്പെടുന്നതിന്റെ പ്രാധാന്യം ആവർത്തിച്ച അദ്ദേഹം യേശുക്രിസ്തുവിലൂടെ അറിയിക്കപ്പെട്ട സ്നേഹമാകുന്ന ദൈവം നൽകുന്ന രക്ഷ ലോകത്തോട് അറിയിക്കാനായി, കാലത്തിന്റെ അടയാളങ്ങൾ കഴിയണമെന്നും ഓർമ്മിപ്പിച്ചു

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?