ജോസഫ് മൈക്കിള്‍
ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍ സീറോമലബാര്‍ രൂപതയുടെ അധ്യക്ഷനായി മാര്‍ മാത്യു നെല്ലിക്കുന്നേല്‍ ഉയര്‍ത്തപ്പെടുമ്പോള്‍ സീറോമലബാര്‍ സഭയുടെ ചരിത്രത്തില്‍ അപൂര്‍വതയുടെ പുതിയൊരു അധ്യായം എഴുതിച്ചേര്‍ക്കപ്പെടുകയാണ്. ഒരേ കാലഘട്ടത്തില്‍ സഹോദരങ്ങള്‍ ബിഷപ്പുമാരാകുന്ന അപൂര്‍വസംഭവത്തിന് സാക്ഷിയാകുകയാണ് സീറോമലബാര്‍ സഭ.
ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേലിന്റെ ജേഷ്ഠനാണ് മാര്‍ മാത്യു നെല്ലിക്കുന്നേല്‍. ജേഷ്ഠനും അനുജനും ഒരേസമയം മെത്രാന്മാരാകുന്നത് സീറോ മലബാര്‍ സഭയില്‍ ആദ്യമാണ്. ദൈവവിളികള്‍കൊണ്ട് സമ്പന്നമാണ് ഇടുക്കി രൂപതയിലെ മരിയാപുരം ഇടവകയിലെ നെല്ലിക്കുന്നേല്‍ കുടുംബം. പരേതനായ വര്‍ക്കി-മേരി ദമ്പതികളുടെ അഞ്ചുമക്കളില്‍ മൂന്നുപേരും സമര്‍പ്പിത ജീവിതമാണ് തിരഞ്ഞെടുത്തത്. ഏക സഹോദരി സിസ്റ്റര്‍ ടെസീന ദിവ്യകാരുണ്യ ആരാധനാസഭാംഗമാണ്.
1970 നവംബര്‍ 13-ന് നെല്ലിക്കുന്നേല്‍ കുടുംബത്തിലെ രണ്ടാമത്തെ മകനായി ജനിച്ച മാത്യു ഹൈസ്‌കൂള്‍ പഠനത്തിനുശേഷം 1986-ല്‍ സിഎസ്ടി സന്യാസ സമൂഹത്തിന്റെ ഗോരഖ്പൂരിലുള്ള മൈനര്‍ സെമിനാരിയില്‍ ചേര്‍ന്നു. കോതമംഗലം രൂപതയുടെ മെത്രാനായിരുന്ന മാര്‍ ജോര്‍ജ് പുന്നക്കോട്ടിലില്‍നിന്ന് 1998 ഡിസംബര്‍ 30-ന് സഹോദരന്മാര്‍ ഒരുമിച്ചായിരുന്നു പൗരോഹിത്യം സ്വീകരിച്ചതെന്നൊരു പ്രത്യേകതയുമുണ്ട്. 2005-ല്‍ ഉപരിപഠനത്തിനായി റോമിലേക്കുപോയി. തത്വശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയ അദ്ദേഹം ആലുവ ലിറ്റില്‍ ഫഌവര്‍ മേജര്‍ സെമിനാരിയില്‍ അധ്യാപകനായി നിയമിതനായി.
തുടര്‍ന്ന് ജര്‍മനിയിലെ റേഗന്‍സ്ബുര്‍ഗ് രൂപതയില്‍ അജപാലന ശുശ്രൂഷചെയ്തു. 2015 മുതല്‍ 2018 വരെ പഞ്ചാബ്- രാജസ്ഥാന്‍ ക്രിസ്തുജയന്തി പ്രോവിന്‍സിന്റെ പ്രൊവിന്‍ഷ്യാളായിരുന്നു. 2018-മുതല്‍ ആലുവ ലിറ്റില്‍ ഫഌവര്‍ മേജര്‍ സെമിനാരിയുടെ റെക്ടറായി ശുശ്രൂഷ നിര്‍വഹിച്ചുവരുമ്പോഴാണ് മെത്രാന്‍ പദവി തേടിയെത്തിയത്. മാതാപിതാക്കളുടെ അനുഗ്രഹവും താന്‍ അംഗമായിരിക്കുന്ന ചെറുപുഷ്പ സഭയുടെ മധ്യസ്ഥയായ വിശുദ്ധ കൊച്ചുത്രേസ്യായുടെ അനുഗ്രഹവുമായിട്ടാണ് ഈ നിയോഗത്തെ മാര്‍ മാത്യു നെല്ലിക്കുന്നേല്‍ കാണുന്നത്.
? ഇതുവരെ വഹിച്ച പദവികള്‍വച്ചുനോക്കിയാല്‍ പുതിയ ഉത്തരവാദിത്വം ഏറെ വെല്ലുവിളികള്‍ നിറഞ്ഞതാണെന്നു തോന്നുന്നുണ്ടോ.
ഗോരഖ്പൂര്‍ ഉത്തര്‍പ്രദേശിലെ ഒരു മിഷന്‍ രൂപതയാണ്. ഇപ്പോഴത്തെ സാഹചര്യമനുസരിച്ച് അതിന്റേതായ വെല്ലുവിളികളുണ്ട്. ആശങ്കകള്‍ നിറയുന്ന അന്തരീക്ഷം മിഷന്‍ പ്രദേശങ്ങളുടെ പ്രത്യേകതയാണ്. സുവിശേഷത്തിന് സാക്ഷ്യം വഹിക്കുമ്പോള്‍ വെല്ലുവിളികള്‍ ഉണ്ടാകുന്നത് സ്വഭാവികമാണ്.
? ഗോരഖ്പൂര്‍ രൂപതയില്‍ മുമ്പ് പ്രവര്‍ത്തിച്ചിട്ടുണ്ടോ? അവിടുത്തെ സാഹചര്യങ്ങള്‍ പരിചിതമാണോ? മലയാളികള്‍ അവിടെ ഉണ്ടോ?
സെമിനാരിയില്‍ പഠിക്കുമ്പോള്‍ മൂന്നു വര്‍ഷം ഗോരഖ്പൂരില്‍ ഉണ്ടായിരുന്നു. സിഎസ്ടി സഭയ്ക്ക് ഗോരഖ്പൂര്‍ പ്രൊവിന്‍സുണ്ട്. പഞ്ചാബില്‍ പ്രൊവിഷ്യലായിരുന്ന സമയത്ത് പലപ്രാവശ്യം അവിടെ പോകുകയും മീറ്റിംഗുകളില്‍ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയില്‍ മികച്ച രീതിയില്‍ സോഷ്യല്‍ സര്‍വീസ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന രൂപതയാണ് ഗോരഖ്പൂര്‍. രൂപതയുടെ സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ സ്വീകാര്യതയുണ്ട്. സ്ത്രീശാക്തീകരണത്തിന് പ്രാധാന്യം നല്‍കി ജനങ്ങളെ സ്വയംപര്യാപ്തതയിലേക്ക് എത്തിക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. അധ്യാപകരും റെയില്‍വേയില്‍ ജോലി ചെയ്യുന്നവരുമായി കുറച്ചു മലയാളികള്‍ ഗോരഖ്പൂരിലുണ്ട്.
? സെമിനാരി അധ്യാപകനും റെക്ടറുമൊക്കെയായി ഏറെക്കാലം പ്രവര്‍ത്തിച്ചിട്ടുണ്ടല്ലോ. പുതിയ കാലത്തെ വെല്ലുവിളികള്‍ നേരിടാന്‍ തക്കവിധം സെമിനാരി പരിശീലനത്തില്‍ കാതലായ മാറ്റങ്ങള്‍ വേണമെന്നു കരുതുന്നുണ്ടോ.
സെമിനാരി പരിശീലനത്തില്‍ കാതലായ മാറ്റങ്ങള്‍ എന്നതിലുപരി വൈദിക ജീവിതത്തെ സ്‌നേഹിക്കുന്ന, ബോധ്യങ്ങളും ഉള്‍ക്കാഴ്ചകളുമുള്ള അംഗങ്ങള്‍ സഭയില്‍ ഉണ്ടാകണം എന്നതാണ് ആവശ്യം. ക്വാളിറ്റി വര്‍ധിപ്പിക്കുന്നതില്‍ പരിശീലകര്‍ക്ക് ഉത്തരവാദിത്വമുണ്ട്. സെമിനാരിക്കാലത്ത് തന്റെ ദൈവവിളിയെക്കുറിച്ച് ഓരോരുത്തര്‍ക്കും ആഴമായ ബോധ്യം ഉണ്ടാകണം. ആ ബോധ്യം ജനിപ്പിക്കാന്‍ തക്കവിധമുള്ള പരിശീലന പദ്ധതി സഭയിലുണ്ട്. അതില്‍ കുറച്ചുകൂടി ശ്രദ്ധ കേന്ദ്രീകരിക്കണം. ആധ്യാത്മികതയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പരിശീലനമാണ് വേണ്ടത്. ഒരു കാലഘട്ടംകൊണ്ട് ഇത്രയധികം പഠിച്ചുതീര്‍ക്കണമെന്ന സ്ട്രസ് ഉണ്ട്. അതില്‍മാത്രം കേന്ദ്രീകരിക്കുമ്പോള്‍ ആന്തരീക നവീകരണം നടക്കാതെ പോകും.
? ഇടുക്കി ജില്ലയില്‍ ആദ്യകാലങ്ങളില്‍ നേരിടേണ്ടിവന്ന പ്രതികൂല സാഹചര്യങ്ങള്‍ പുതിയ ഉത്തരവാദിത്വം നിര്‍വഹിക്കാന്‍ കരുത്തുപകരുമെന്ന് കരുതുന്നുണ്ടോ.
മണ്ണിനോടും കാലാവസ്ഥയോടും മല്ലിട്ട് ജീവിച്ച ഹൈറേഞ്ചില്‍ വളര്‍ന്നതുകൊണ്ട് ഏതു സാഹചര്യമായും എളുപ്പം പൊരുത്തപ്പെടാന്‍ സാധിക്കും. സാഹചര്യങ്ങള്‍ അനുകൂലമാണെങ്കിലും പ്രതികൂലമാണെങ്കിലും പഴയ അനുഭവപാഠങ്ങള്‍ കരുത്തായി കൂടെ ഉണ്ടാകും.
? ജര്‍മന്‍ ഭാഷാ പഠിക്കുകയും അവിടേക്ക് പോകാനുള്ള ഒരുക്കങ്ങള്‍ നടത്തുകയും ചെയ്യുന്ന ധാരാളം യുവജനങ്ങള്‍ കേരളത്തിലുണ്ട്. ജര്‍മനിയില്‍ ശു്രശൂഷ ചെയ്‌തൊരാള്‍ എന്നനിലയില്‍ മലയാളികളുടെ ജര്‍മന്‍ കുടിയേറ്റത്തിന്റെ സാധ്യതകളെ എങ്ങനെയാണ് വിലയിരുത്തുന്നത്.
ഇന്ത്യക്കാരോടു താല്പര്യമുള്ള രാജ്യമാണ് ജര്‍മനി. 1970-കളില്‍ കേരളത്തില്‍നിന്നും കുറെപ്പേര്‍ ജര്‍മനിയിലേക്ക് കുടിയേറിയിട്ടുണ്ട്. ഓരോ കാലഘട്ടത്തിലും ഓരോ രാജ്യങ്ങള്‍ക്ക് പരിഗണന നല്‍കുന്നതാണ് അവരുടെ ശൈലി. ജര്‍മനിയിലെ എല്ലാ മേഖലകളിലും ഇന്ത്യക്കാര്‍ക്ക് സാധ്യതകളില്ല. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, എഞ്ചിനീയമാര്‍ തുടങ്ങിയ പ്രൊഫഷണലുകള്‍ക്കും അവിടെ ഇപ്പോള്‍ സാധ്യതയുണ്ട്. ജര്‍മനിയിലെ ജോലി സാധ്യത സ്ഥിരമായി നിലനില്ക്കുന്നതല്ല. ഏതാനും വര്‍ഷങ്ങള്‍ തുടരാം.
? അങ്ങയുടെ ദൈവവിളിയെക്കുറിച്ച് വിശദമാക്കാമോ. അഞ്ചു മക്കളില്‍ മൂന്നു പേര്‍ ദൈവവിളി സ്വീകരിച്ചപ്പോള്‍ മാതാപിതാക്കളുടെ പ്രതികരണം എങ്ങനെയായിരുന്നു.
വൈദികനാകണമെന്ന ആഗ്രഹം എട്ടാം ക്ലാസുമുതല്‍ ശക്തമായിരുന്നു. അമ്മയുടെ പ്രോത്സാഹനം ഉണ്ടായിരുന്നു. കോതമംഗലം രൂപത നടത്തിയ ദൈവവിളി ക്യാമ്പില്‍ ചെറുപുഷ്പ സഭയില്‍നിന്നും വന്ന വൈദികന്‍ ഗോരഖ്പൂര്‍ മിഷനെക്കുറിച്ച് വിവരിച്ചു. മിഷനില്‍ പോകണമെന്ന ആഗ്രഹം ഹൃദയത്തില്‍ ഉണ്ടായിരുന്നു. അങ്ങനെ ഗോരഖ്പൂര്‍ മൈനര്‍ സെമിനാരിയില്‍ ചേര്‍ന്നു. അനുജന്‍ (മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍) 1988-ലാണ് കോതമംഗലം രൂപതയുടെ മൈനര്‍ സെമിനാരിയില്‍ ചേര്‍ന്നത്. ഫിലോസഫിക്കുശേഷം ഞാന്‍ രണ്ടു വര്‍ഷം ഐടിഐയില്‍ പഠിച്ചു. ഐടിയില്‍ ചേര്‍ന്നതുകൊണ്ട് ഞങ്ങളുടെ തിയോളജി പഠനം ഒരേ സമയത്താണ് തുടങ്ങിയത്. അങ്ങനെ ദൈവനിയോഗംപോലെ ഒരുമിച്ച് പൗരോഹിത്യം സ്വീകരിക്കാന്‍ കഴിഞ്ഞു. ഏക മകള്‍ സമര്‍പ്പിത ജീവിതം തിരഞ്ഞെടുത്തപ്പോഴും മാതാപിതാക്കള്‍ എതിര്‍ത്തില്ല. സമര്‍പ്പിത ജീവിതത്തിലേക്ക് മക്കള്‍ക്കു ലഭിച്ച ദൈവവിളികള്‍ അനുഗ്രഹമായിട്ടാണ് അവര്‍ കണ്ടത്.
? ഗോരഖ്പൂര്‍ രൂപതയുടെ കീഴില്‍ ഉത്തര്‍പ്രദേശിലെ എത്ര ജില്ലകളാണ് വരുന്നത്. ഉത്തര്‍പ്രദേശിലെ 23.5 കോടി ജനസംഖ്യയില്‍ ക്രൈസ്തവരുടെ എണ്ണം 3.5 ലക്ഷം മാത്രമാണ്. ക്രൈസ്തവ പീഡനങ്ങളുടെ എണ്ണത്തില്‍ രാജ്യത്ത് മുമ്പില്‍ നില്ക്കുന്നതും യു.പിയാണ്. ഈ സാഹചര്യത്തില്‍ ഏതു വിധത്തില്‍ മിഷന്‍പ്രവര്‍ത്തനങ്ങള്‍ മുമ്പോട്ടുകൊണ്ടുപോകാനാണ് ഉദ്ദേശിക്കുന്നത്.
ഗോരഖ്പൂര്‍ അടക്കം ഏഴ് ജില്ലകളാണ് രൂപതയുടെ കീഴില്‍ വരുന്നത്. ഗോരഖ്പൂര്‍ രൂപത ഇപ്പോള്‍ റൂബി ജൂബിലിയിലാണ് (നിലവില്‍ വന്നിട്ട് 40 വര്‍ഷങ്ങള്‍). രൂപത രൂപീകൃതമാകുന്നതിനുമുമ്പും മിഷന്‍പ്രവര്‍ത്തനങ്ങള്‍ ഉണ്ടായിരുന്നു. അതിനാല്‍ത്തന്നെ രൂപതയുടെ നേതൃത്വത്തിലുള്ള മിഷന്‍പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയിലാണ് മുമ്പോട്ടുപോകുന്നത്. അതു തുടരുക എന്നതാണ് എന്റെ ഉത്തരവാദിത്വം..
? ഉത്തര്‍പ്രദേശിലെ മറ്റു ജില്ലകളുമായി താരതമ്യപ്പെടുത്തിയാല്‍ ഗോരഖ്പൂര്‍ ആരോഗ്യ-വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാര്യത്തില്‍ മുമ്പിലാണ്. നാലു യൂണിവേഴ്‌സിറ്റികളും ഒരു മെഡിക്കല്‍ കോളജും എയിംസും നിരവധി എഞ്ചിനീയറിംഗ് കോളജുകളുമൊക്കെയുണ്ട്. ഈ മികവ് പ്രവര്‍ത്തന മേഖലയില്‍ സഹായകരമാകുമോ.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗീ ആദിത്യനാഥിന്റെ മണ്ഡലമാണ് ഗോരഖ്പൂര്‍. അതിന്റേതായ വളര്‍ച്ചയും ആ ജില്ലയ്ക്കുണ്ട്. മറ്റു പ്രദേശങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികളടക്കം കൂടുതല്‍ ആളുകള്‍ ഇങ്ങോട്ടു വരാന്‍ സാധ്യതയുമുണ്ട്. ക്രൈസ്തവരായ കുട്ടികളുടെ ആത്മീയ കാര്യങ്ങളില്‍ സഹായിക്കുക എന്ന ഉത്തരവാദിത്വവും രൂപതയ്ക്കുണ്ട്.
? പിതാവ് മികച്ചൊരു ബാസ്‌ക്കറ്റ്‌ബോള്‍ താരമാണല്ലോ. ട്രോഫി വാങ്ങുന്ന ഫോട്ടോ പത്രത്തില്‍ കണ്ടിട്ടുണ്ട്. ആ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റ് ജീവിതത്തില്‍ പുലര്‍ത്താന്‍ സാധിക്കുന്നുണ്ടോ.
സെമിനാരിയില്‍ വന്ന കാലംമുതല്‍ ഇഷ്ടപ്പെട്ട കളിയാണ് ബാസ്‌ക്കറ്റ്‌ബോള്‍. അഞ്ച് പേരടങ്ങുന്ന ടീമിന്റെ കളിയാണ് ബാസ്‌ക്കറ്റ്‌ബോള്‍. ഒരാള്‍ക്ക് ഒറ്റയ്ക്ക് കളിക്കാന്‍ കഴിയില്ല. എല്ലാവരെയും ചേര്‍ത്തുനിര്‍ത്തി മുമ്പോട്ടുപോകുമ്പോഴാണ് ലക്ഷ്യത്തില്‍ എത്താന്‍ കഴിയുന്നത്. ആ ടീംവര്‍ക്ക് ജീവിതത്തില്‍ പുലര്‍ത്താന്‍ എപ്പോഴും ശ്രമിക്കാറുണ്ട്.
കേരളത്തില്‍നിന്നും ഏറെ വ്യത്യസ്തമാണ് ഗോരഖ്പൂരിലെ സാഹചര്യങ്ങള്‍. ഉത്തര്‍പ്രദേശിലെ വിശാലമായ ഏഴു ജില്ലകളിലായി വ്യാപിച്ചുകിടിക്കുന്ന രൂപതയാണ് ഗോരഖ്പൂരെങ്കിലും വിശ്വാസികള്‍ എണ്ണത്തില്‍ വളരെ കുറവാണ്. മൂന്ന് ദൈവാലയങ്ങളും 32 സ്റ്റേഷന്‍ പള്ളികളുമുണ്ട്. രൂപതയിലെ 56 വൈദികരില്‍ എല്ലാവരും മലയാളികളാണെന്ന പ്രത്യേകതയുമുണ്ട്.
പൗരോഹിത്യത്തിന്റെ രജതജൂബിലി വര്‍ഷത്തിലാണ് മാര്‍ മാത്യു നെല്ലിക്കുന്നേല്‍. ദൈവപരിപാലനയുടെ കാലങ്ങളായിട്ടാണ് കഴിഞ്ഞ 25 വര്‍ഷത്തെ പിതാവു വിലയിരുത്തുന്നത്. പ്രതീക്ഷച്ചതില്‍നിന്നും വിഭിന്നമായ വഴികളിലൂടെയായിരുന്നു ദൈവം നയിച്ചത്. ഏല്പിക്കപ്പെട്ട എല്ലാ ഉത്തരവാദിത്വങ്ങളും ദൈവാനുഗ്രഹത്തിന്റെ വഴികളായി മാറിയിട്ടുണ്ടെന്ന് തിരിഞ്ഞുനോക്കുമ്പോള്‍ മനസിലാകുന്നുണ്ടെന്ന് മാര്‍ മാത്യു നെല്ലിക്കുന്നേല്‍ പറയുന്നു. പ്രതീക്ഷിക്കാത്ത രീതിയില്‍ വിജയങ്ങള്‍ നല്‍കി ദൈവം അനുഗ്രഹിച്ചു. അതുകൊണ്ടുതന്നെ മാത്യു നെല്ലിക്കുന്നേല്‍ പിതാവിന്റെ ദൃഷ്ടികള്‍ പതിയുന്നത് പ്രതിസന്ധികളിലേക്കല്ല, മറിച്ച് ദൈവം ഒരുക്കിവച്ചിരിക്കുന്ന അനന്തമായ സാധ്യതകളിലേക്കാണ്.
Leave a Comment
Your email address will not be published. Required fields are marked with *