വത്തിക്കാന്‍ സിറ്റി: ദൈവശാസ്ത്ര മേഖലയിൽ നൽകിയ സംഭാവനകൾക്കായി ജോസഫ് റാറ്റ്സിംഗര്‍- പോപ് ബെനഡിക്റ്റ് പതിനാറാമന്‍ വത്തിക്കാന്‍ ഫൗണ്ടേഷന്‍ നല്‍കിവരുന്ന പുരസ്‌കാരത്തിന് സ്പാനിഷ് ദൈവശാസ്ത്രജ്ഞരായ ഫാ. പാബ്ലോ ബ്ലാങ്കോ-സാര്‍ട്ടോയും ഫ്രാന്‍സെസ്ക് ടൊറാല്‍ബാ റോസെല്ലോയും തിരഞ്ഞെടുക്കപ്പെട്ടു. ബെനഡിക്ട് പാപ്പയുടെ മരണത്തിന് ശേഷമുള്ള ആദ്യ പുരസ്ക്കാരജേതാക്കളാണിവർ. ‘ഓപുസ് ദേയി’യുമായി ബന്ധപ്പെട്ട നവാരാ സര്‍വ്വകലാശാലയിലെ അധ്യാപകനായ ഫാ. പാബ്ലോ ബ്ലാങ്കോ-സാര്‍ട്ടോ ബെനഡിക്ട് പതിനാറാമൻ പാപ്പയുടെ ജീവചരിത്രം ഉള്‍പ്പെടെ നിരവധി പുസ്തകങ്ങളുടെ രചയിതാവാണ്. ബെനഡിക്ട് പതിനാറാമന്റെ രചനകള്‍ സ്പാനിഷ് ഭാഷയിലേക്ക് തര്‍ജ്ജമ ചെയ്തിരുന്ന എഡിറ്റോറിയല്‍ കമ്മിറ്റിയില്‍ ഇദ്ദേഹവും അംഗമായിരുന്നു. എക്യുമെനിസം, കൗദാശിക ദൈവശാസ്ത്രം, പ്രേഷിതത്വം എന്നീ വിഷയങ്ങളാണ് ഫാ. ബ്ലാങ്കോ-സാര്‍ട്ടോ പഠിപ്പിക്കുന്നത്.
ബാഴ്സിലോണയിലെ റാമോണ്‍ല്ലുള്‍ സര്‍വ്വകലാശാല അധ്യാപകനായ ഫ്രാന്‍സെസ്ക് ടൊറാല്‍ബാ റോസെല്ലോ നൂറിലധികം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ദാര്‍ശനിക നരവംശശാസ്ത്രത്തിലും, ധാര്‍മ്മികതയിലുമാണ് റോസെല്ലോ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. അഞ്ചു മക്കളുണ്ട്. ഫ്രാന്‍സിസ് പാപ്പ നേരിട്ട് അവാര്‍ഡ് സമ്മാനിക്കുകയാണ് പതിവെങ്കിലും ഇത്തവണ വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയട്രോ പരോളിനായിരിക്കും നംവംബര്‍ 30- ന് അവാര്‍ഡ് സമ്മാനിക്കുക.
1958-1977 കാലയളവില്‍ ജര്‍മ്മനിയില്‍ ദൈവശാസ്ത്ര അധ്യാപകനായി സേവനം ചെയ്യവേ ബെനഡിക്ട് പതിനാറാമന്റെ വിദ്യാര്‍ത്ഥികളായിരുന്നവർ 2007-ല്‍ തുടങ്ങിയതാണ് റാറ്റ്സിംഗര്‍ ഫൗണ്ടേഷന്‍. ‘ദൈവശാസ്ത്രത്തിലെ നോബല്‍ സമ്മാനം’ എന്നു വിശേഷിപ്പിക്കപ്പെടുന്ന ഈ പുരസ്കാരം 2011 മുതല്‍ വര്‍ഷംതോറും ഒന്നിലധികം പേർക്കാണ് നല്‍കിവരുന്നത്. ഇതിനോടകം 28 പേര്‍ക്കാണ് അവാര്‍ഡ് ലഭിച്ചിട്ടുള്ളത്. കത്തോലിക്കര്‍ക്ക് പുറമേ, ഒരു ആംഗ്ലിക്കന്‍ ബൈബിള്‍ പണ്ഡിതനും, ഒരു ലൂഥറന്‍ ദൈവശാസ്ത്രജ്ഞനും, എസ്തോണിയയിൽ നിന്നുള്ള പൗരസ്ത്യ ഓര്‍ത്തോഡോക്സ് സംഗീതജ്ജനും ഈ പുരസ്കാരം ലഭിച്ചിട്ടുണ്ട്.
Leave a Comment
Your email address will not be published. Required fields are marked with *