Follow Us On

17

May

2024

Friday

നവ രക്തസാക്ഷികളുടെ വിവരശേഖരണത്തിനായുള്ള പുതിയ കമ്മീഷന്‍ പ്രവർത്തനം ആരംഭിച്ചു

നവ രക്തസാക്ഷികളുടെ വിവരശേഖരണത്തിനായുള്ള പുതിയ കമ്മീഷന്‍ പ്രവർത്തനം ആരംഭിച്ചു

വത്തിക്കാൻ സിറ്റി: ക്രിസ്തുവിനെ ഏറ്റുപറഞ്ഞതിനും സുവിശേഷത്തിന് സാക്ഷ്യം വഹിച്ചതിന്റെയും പേരിൽ ജീവൻ വെടിയേണ്ടി വന്ന പുതിയ കാല ക്രിസ്ത്യന്‍ രക്തസാക്ഷികളെക്കുറിച്ചുള്ള പട്ടിക തയാറാക്കുന്നതിനായി ഫ്രാന്‍സിസ് പാപ്പ സ്ഥാപിച്ച കമ്മീഷന്റെ പ്രവർത്തനം ആരംഭിച്ചു. കഴിഞ്ഞ ജൂലൈയിലാണ് കമ്മീഷന്‍ സ്ഥാപിക്കുവാന്‍ തീരുമാനിച്ച കാര്യം പാപ്പ വെളിപ്പെടുത്തിയത് . ഫ്രാന്‍സിസ് പാപ്പയുടെ അഭ്യര്‍ത്ഥന പ്രകാരം നവംബര്‍ 9-ന് വിശുദ്ധരുടെ നാമകരണത്തിനായുള്ള വത്തിക്കാന്‍ ഡിക്കാസ്റ്ററിയില്‍ ചേര്‍ന്ന യോഗത്തിന് ശേഷമാണ് കമ്മീഷന്‍ നിലവില്‍ വന്ന വിവരം വത്തിക്കാന്‍ ഔദ്യോഗികമായി പുറത്തുവിട്ടത്. ‘കമ്മീഷന്‍ ഓഫ് ദി ന്യു മാര്‍ട്ടിയേഴ്സ് – വിറ്റ്‌നസ്സസ് ഓഫ് ദി ഫെയിത്ത്’ എന്നാണ് പുതിയ കമ്മീഷന്റെ പേര്.

2025-ലെ ജൂബിലിക്കായാണ് കമ്മീഷന്‍ സ്ഥാപിച്ചിരിക്കുന്നത്. വത്തിക്കാൻ ന്യൂസ് ഏജന്‍സിയായ ‘ഏജന്‍സിയ ഫിദെസ്’ വർഷം തോറും പ്രസിദ്ധീകരിക്കുന്ന വിവിധ റിപ്പോര്‍ട്ടുകളുടെയും മറ്റ് ഉറവിടങ്ങളിൽ നിന്നുള്ള വിവരങ്ങളുടെയും അടിസ്ഥാനത്തിലായിരിക്കും നവരക്തസാക്ഷികളുടെ പട്ടിക കമ്മീഷന്‍ തയ്യാറാക്കുക. ക്രിസ്ത്യന്‍ രക്തസാക്ഷികളെ കുറിച്ചുള്ള സര്‍വ്വേ, അത്മായര്‍, വൈദികര്‍, സമര്‍പ്പിതര്‍ തുടങ്ങിയവര്‍ തങ്ങളുടെ ജീവിതം വിശ്വാസത്തിനായി ബലികഴിച്ചതിനെക്കുറിച്ച് ഫിദെസ് ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ പ്രസിദ്ധീകരിച്ച റിപ്പോർട്ടുകൾ ഉപയോഗപ്പെടുത്തുന്നതിനോടൊപ്പം മെത്രാന്‍മാര്‍, സന്യാസ സമൂഹങ്ങള്‍ എന്നിവരുടെ സഹകരണത്തോടെ പുതിയ ഗവേഷണവും നടത്തുമെന്ന് കമ്മീഷന്‍ അറിയിച്ചു.

2000 മുതല്‍ ഇതുവരേയുള്ള കാലയളവില്‍ സുവിശേഷത്തിനായി ജീവന്‍ ത്യജിച്ച ക്രൈസ്തവരില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടായിരിക്കും കമ്മീഷന്റെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോവുക. നിലവില്‍ അഞ്ഞൂറ്റിഅന്‍പതില്‍ അധികം രക്തസാക്ഷികളാണുള്ളത്. അവരുടെ മരണ സാഹചര്യങ്ങളും, സഭയ്ക്കും ദൈവമക്കള്‍ക്കും അവര്‍ നല്‍കിയ സേവനങ്ങളും കമ്മീഷന്‍ പരിശോധിക്കും. ബിഷപ്പ് ഫാബിയോ ഫാബെനെയാണ് കമ്മീഷൻ പ്രസിഡന്റ്. പ്രൊഫ. ആന്‍ഡ്രിയ റിക്കാര്‍ഡിയാണ് വൈസ്-പ്രസിഡന്റ്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?