Follow Us On

28

April

2024

Sunday

യുദ്ധവും സമാധാനവും

യുദ്ധവും സമാധാനവും

കെ.ജെ മാത്യു
മാനേജിംഗ് എഡിറ്റര്‍

അവസാനം ഗാസയില്‍ നിന്നൊരു ആശ്വാസവാര്‍ത്ത എത്തിയിരിക്കുന്നു- നാളുകളായി ദുരിതവും ദുരന്തവും വിതച്ചുകൊണ്ടിരുന്ന ഇസ്രയേല്‍-ഹമാസ് യുദ്ധത്തിന് ഒരു താല്‍ക്കാലിക വിരാമമായിരിക്കുന്നു. ഖത്തറിന്റെ മധ്യസ്ഥത്തില്‍ അഞ്ചാഴ്ച നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ ഗാസയില്‍ നാലുദിവസം വെടി നിര്‍ത്താമെന്ന് ഇസ്രയേലും ഹമാസും സമ്മതിച്ചു. നാലെങ്കില്‍ നാല്. അത്രയെങ്കിലും ദിവസം നിഷ്‌കളങ്ക രക്തച്ചൊരിച്ചിലും അനാഥരുടെ കണ്ണീരും കുറയുമല്ലോ. എന്നാല്‍ റഷ്യന്‍-ഉക്രെയ്ന്‍ യുദ്ധം ഇപ്പോഴും അവിരാമം തുടര്‍ന്നുകൊണ്ടിരിക്കുന്നു. പുതിയതൊന്നു വന്നപ്പോള്‍ പഴയതില്‍നിന്ന് മാധ്യമശ്രദ്ധയും ജനശ്രദ്ധയും മാറിയെന്നേയുള്ളൂ. ആക്രമിക്കുന്നവര്‍ക്കും പ്രത്യാക്രമണം നടത്തുന്നവര്‍ക്കും നൂറ് ന്യായാന്യായങ്ങള്‍ നിരത്താനുണ്ടാകും.

എല്ലായിടത്തും നേതാക്കള്‍ സുരക്ഷിതരാണുതാനും. എന്നാല്‍ മരിച്ചുവീഴുന്നതും കൊടിയ ദുരിതമനുഭവിക്കുന്നതും വെറും സാധാരണക്കാരായ മനുഷ്യരാണ്. നേതാക്കള്‍ക്ക് നഷ്ടപ്പെടാനൊന്നുമില്ല, നേടാനേ ഉള്ളൂ. നഷ്ടപ്പെടുന്നത് മുഴുവനും നിഷ്‌കളങ്ക മനുഷ്യര്‍ക്കുമാത്രമാണ്. അതുകൊണ്ടാണ് ഫ്രാന്‍സിസ് പാപ്പ ഇപ്രകാരം പറഞ്ഞത്: ‘ഗാസയില്‍ നടക്കുന്നത് യുദ്ധമല്ല, ഭീകരതയാണ്.’ ഈ പോര്‍വിളികള്‍ക്കിടയില്‍ പാപ്പായുടെ ശബ്ദവും സമാധാന ശ്രമങ്ങളും വേറിട്ടുനില്‍ക്കുന്നു. ഇരുപക്ഷത്തും ബന്ദികളാക്കപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ മനോവ്യഥ മനസിലാക്കിയ പരിശുദ്ധ പിതാവ് അവരെ ആശ്വസിപ്പിക്കുവാന്‍ അവരുമായി വെവ്വേറെ കൂടിക്കാഴ്ച നടത്തി. മനുഷ്യജീവന്റെ മൂല്യം ഉയര്‍ത്തിപ്പിടിക്കുന്ന പാപ്പ പറയുന്നു: ‘ആരുടെയും പക്ഷം പിടിക്കാനല്ല, സമാധാനത്തിന്റെ ഒരു പക്ഷമേ നമുക്കുള്ളൂ.’ മനസിന്റെ സന്തുലിതാവസ്ഥ നഷ്ടപ്പെടാത്ത, സുബോധമുള്ള ഏതു മനുഷ്യന്റെയും ചിന്തയെ ഉദ്ദീപിപ്പിക്കുന്ന വാക്കുകള്‍!

കേരളത്തില്‍ നടക്കുന്ന പലസ്തീന്‍ ഐകദാര്‍ഢ്യ കോലാഹലങ്ങള്‍ക്കിടയില്‍ അല്പമൊരു നിഷ്പക്ഷ ചരിത്രബോധം സൂക്ഷിക്കുന്നത് തികച്ചും ഉചിതമാണ്. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം പലസ്തീന്റെ ഭാവി ബ്രിട്ടീഷുകാര്‍ ഐക്യരാഷ്ട്ര സംഘടനയെ ഏല്‍പിച്ചു. 1947-ല്‍ ഐക്യരാഷ്ട്ര സംഘടന പലസ്തീനില്‍ രണ്ട് രാജ്യങ്ങള്‍ സ്ഥാപിക്കുവാന്‍ തീരുമാനിച്ചു. ഒന്ന് യഹൂദര്‍ക്കുവേണ്ടിയും മറ്റൊന്ന് പലസ്തീനായിലെ അറബികള്‍ക്കുവേണ്ടിയും. എന്നാല്‍ അറബികള്‍ക്ക് ഈ തീരുമാനം സ്വീകാര്യമായിരുന്നില്ല. ബദ്ധവൈരികളായ യഹൂദര്‍ക്ക് ഒരു രാജ്യം എന്ന ആശയം അവര്‍ക്ക് സ്വപ്‌നത്തില്‍പോലും സ്വീകരിക്കുവാന്‍ പറ്റാത്ത ഒന്നായിരുന്നു. വൈവിധ്യങ്ങളെ അംഗീകരിക്കുവാന്‍ കഴിയണമെങ്കില്‍ സഹിഷ്ണുത വേണം. സഹിഷ്ണുതയുള്ളിടത്ത് സമാധാനപരമായ സഹവര്‍ത്തിത്വം സാധ്യമാണ്. എന്നാല്‍ സഹിഷ്ണുതയുടെ കടക്കല്‍ കത്തിവച്ചുകൊണ്ടാണ് തീവ്രവാദ പ്രസ്ഥാനങ്ങള്‍ ഉദിക്കുന്നത്. അസഹിഷ്ണുതയുടെ വളക്കൂറുള്ള മണ്ണിലാണ് അവ തഴച്ചുവളരുന്നത്, ഇന്നും എന്നും. അറബികളുടെ എതിര്‍പ്പിനെ മറികടന്ന് യഹൂദന്മാര്‍ സ്വന്തം രാഷ്ട്രം സ്ഥാപിച്ചു.

ഒന്നിലധികം യുദ്ധങ്ങള്‍ ഒരേ സമയത്ത് ഈ ലോകത്തില്‍ നടക്കുമ്പോള്‍ ഒരു വിശ്വാസി സ്വീകരിക്കേണ്ട ആത്മീയ നിഗമനം എന്താണ്? ഇതൊക്കെ ഒരു ചൂണ്ടുപലകയാണ്, കാലത്തിന്റെ അടയാളമാണ്. നിന്റെ ആഗമനത്തിന്റെയും യുഗാന്തത്തിന്റെയും അടയാളമെന്താണെന്ന് ഞങ്ങള്‍ക്ക് പറഞ്ഞുതരണമേയെന്ന ശിഷ്യന്മാരുടെ അപേക്ഷയ്ക്ക് യേശു നല്‍കിയ അടയാളങ്ങളില്‍ ഒന്ന് ഇതാണ്: ”നിങ്ങള്‍ യുദ്ധങ്ങളെപ്പറ്റി കേള്‍ക്കും, അവയെപ്പറ്റിയുള്ള കിംവദന്തികളും” (മത്തായി 24:6). ശ്രദ്ധിക്കുക, ഇവിടെ യേശു ഉപയോഗിച്ചിരിക്കുന്നത് ‘യുദ്ധം’ എന്ന ഏകവചനരൂപമല്ല, ‘യുദ്ധങ്ങള്‍’ എന്ന ബഹുവചനമാണ്. സമാന്തര സുവിശേഷം മൂന്നിലും ‘യുദ്ധങ്ങള്‍’ എന്ന വാക്കാണ് ഉപയോഗിച്ചിരിക്കുന്നത് എന്നത് തികച്ചും ശ്രദ്ധേയമാണ്. ലോകാവസാനത്തെക്കുറിച്ചുള്ള ചര്‍ച്ചകളിലേക്ക് നയിക്കുവാനല്ല ഇത് സൂചിപ്പിച്ചത്. പ്രത്യുത ക്രിസ്തു വിശ്വാസികളുടെ സവിശേഷ ദൗത്യത്തെക്കുറിച്ച് ഓര്‍മിപ്പിക്കുവാനാണ്.

ക്രിസ്തുവിനു മാത്രമേ യഥാര്‍ത്ഥ രക്ഷയും സമാധാനവും നല്‍കുവാന്‍ സാധിക്കുകയുള്ളൂ. ലോകവും അതിന്റെ ചര്‍ച്ചകളും പകരുന്നത് വെറും നൈമിഷികമായ സമാധാനമാണ്. മനുഷ്യഹൃദയങ്ങളെ രൂപാന്തരപ്പെടുത്തുവാന്‍ സാധിക്കുന്ന ഏക ദൈവവും രക്ഷകനും യേശുമാത്രമാണ്. അവിടുന്നു മാത്രമാണ് രാജാക്കന്മാരുടെ രാജാവും പ്രഭുക്കന്മാരുടെ പ്രഭുവും. അവിടുന്നു നല്‍കുന്ന സമാധാനം അനുഭവിക്കുവാന്‍ ലോകത്തിലെ സകല മനുഷ്യര്‍ക്കും അവകാശമുണ്ട്. അതിനാല്‍ ക്രിസ്തുവിന്റെ സുവിശേഷം ലോകത്തിന്റെ അതിരുകള്‍വരെ എത്തിക്കുവാന്‍ കൂടുതല്‍ ഉത്സാഹത്തോടെ നാം ഉണരേണ്ട സമയമാണിത്. ”അങ്ങ് മാത്രമാണ് കര്‍ത്താവെന്ന് ഭൂമിയിലെ സകല രാജ്യങ്ങളും അറിയട്ടെ” (ഏശയ്യാ 37:20). സമാധാനപരമായ സഹവര്‍ത്തിത്വം സ്ഥാപിക്കുവാന്‍ ക്രിസ്തുവിനുമാത്രമേ സാധിക്കുകയുള്ളൂ. ”ചെന്നായും ആട്ടിന്‍കുട്ടിയും ഒന്നിച്ചു വസിക്കും. പുള്ളിപ്പുലി കോലാട്ടിന്‍കുട്ടിയോടുകൂടെ കിടക്കും. പശുക്കിടാവും സിംഹക്കുട്ടിയും ഒന്നിച്ചു മേയും. ഒരു ശിശു അവയെ നയിക്കും” (ഏശയ്യാ 11:6-7). ആ ശിശുവിനെക്കുറിച്ചുള്ള വലിയ സദ്‌വാര്‍ത്ത ലോകമെങ്ങും അറിയിക്കുവാന്‍ സകല ജനപദങ്ങളുടെയും നാഥയും അഭിഭാഷകയുമായ പരിശുദ്ധ അമ്മയോടുചേര്‍ന്ന് നമുക്കും പ്രാര്‍ത്ഥിക്കാം, നമ്മുടെ ജീവിതങ്ങളെ പുനഃസമര്‍പ്പിക്കാം.

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Don’t want to skip an update or a post?