Follow Us On

15

November

2024

Friday

കര്‍ഷക വിലാപം കേള്‍ക്കാന്‍ ആരുമില്ലേ?

കര്‍ഷക വിലാപം  കേള്‍ക്കാന്‍ ആരുമില്ലേ?

സ്വന്തം ലേഖകന്‍
കോഴിക്കോട്

സംസ്ഥാനത്ത് ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്ന വിഭാഗമായി കര്‍ഷകര്‍ മാറിയിട്ടും അവരെ സംരക്ഷിക്കാനുള്ള യാതൊരുവിധ നടപടികളും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല. വിലത്തകര്‍ച്ച, വന്യമൃഗശല്യം തുടങ്ങി എണ്ണിയാല്‍ തീരാത്ത പ്രശ്‌നങ്ങളുടെ നടുവിലാണ് കര്‍ഷകര്‍. എന്നിട്ടും അവരുടെ വിലാപങ്ങള്‍ കേള്‍ക്കേണ്ടവര്‍ കേട്ടില്ലെന്നു നടിക്കുന്നു. ഭരണാധികാരികളുടെ വാക്കുകളില്‍ കര്‍ഷക സ്‌നേഹം വഴിഞ്ഞൊഴുകുമ്പോഴും കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമില്ലാതെ അനന്തമായി നീളുകയാണ്.

വന്യമൃഗങ്ങള്‍ കൃഷിഭൂമിയിലിറങ്ങി എല്ലാം നശിപ്പിക്കുന്ന സംഭവങ്ങള്‍ നിരന്തരം ആവര്‍ത്തിച്ചിട്ടും അധികൃതര്‍ അതൊന്നും കാണാത്ത ഭാവം നടിക്കുന്നു. കാട്ടുപന്നികളുടെ ശല്യംമൂലം മലയോരമേഖലയില്‍ ഭക്ഷ്യോത്പന്നങ്ങള്‍ കൃഷി ചെയ്യാന്‍ കഴിയാത്ത സാഹചര്യങ്ങള്‍ രൂപപ്പെട്ടിട്ടും ഫലപ്രദമായ ഇടപെടലുകള്‍ ഉണ്ടാകുന്നില്ല.

അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കണം
കര്‍ഷകര്‍ക്കു ജീവിക്കാന്‍ കഴിയുന്ന സാഹചര്യം സൃഷ്ടിക്കേണ്ട ഉത്തരവാദിത്വം ഗവണ്‍മെന്റിനുണ്ട്. ഉരുള്‍പ്പൊട്ടലിലും കനത്ത മഴയിലും വ്യാപകമായ കൃഷിനാശം ഓരോ വര്‍ഷവും ഉണ്ടാകുമ്പോഴും അതിന്റെ നഷ്ടം കര്‍ഷകരുടേത് മാത്രമായി മാറുന്നു. അങ്ങനെ തകര്‍ച്ച നേരിടുന്നവര്‍ക്കു ലഭിക്കുന്ന സഹായം തുച്ഛമാണ്. പലപ്പോഴും ഒന്നും ലഭിക്കുന്നില്ല. ആ കര്‍ഷകരുടെ ബാങ്ക് വായ്പകള്‍പോലും ഗവണ്‍മെന്റ് വേണ്ടെന്നുവയ്ക്കുന്നില്ല. വ്യവസായികള്‍ക്ക് പ്രതിസന്ധികള്‍ ഉണ്ടാകുമ്പോള്‍ ഗവണ്‍മെന്റ് ഇടപെടാറുണ്ട്. അതുപോലൊരു കൈത്താങ്ങ് കൃഷിക്കാരുടെ കാര്യത്തില്‍ ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്നു ഉണ്ടാകുന്നില്ല.

വ്യവസായിക മേഖലപോലെ അനേകര്‍ക്ക് ജീവിത മാര്‍ഗം നല്‍കുന്നത് കാര്‍ഷിക രംഗമാണെന്നത് പരിഗണിക്കപ്പെടാതെ പോകുന്നു. പുതിയ തലമുറ കാര്‍ഷിക രംഗത്തേക്ക് വരുന്നില്ലെന്ന് ആകുലപ്പെട്ടിട്ടു കാര്യമില്ല. സുരക്ഷിതത്വമില്ലാത്ത മേഖലയിലേക്ക് വരാന്‍ ആര്‍ക്കാണ് താല്പര്യം ഉണ്ടാകുക?

അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുന്ന രീതിയിലേക്ക് ഇടപെടലുകള്‍ ഉണ്ടായില്ലെങ്കില്‍ അടുത്ത തലമുറയുടെ കാലമാകുമ്പോഴേക്കും കാര്‍ഷിക മേഖല പൂര്‍ണമായും തകര്‍ന്നുപോകും. മറ്റു സംസ്ഥാനങ്ങള്‍ ഇക്കാര്യത്തില്‍ ഒരുപാടു മുമ്പിലാണ്. വിദേശ രാജ്യങ്ങളിലേക്ക് പഠനത്തിനു പോകുന്നവരില്‍ ഭൂരിഭാഗവും കാര്‍ഷിക പശ്ചാത്തലത്തില്‍നിന്നുള്ളവരാണ്. പണിക്കൂലിയും ബാങ്കുകളിലെ ലോണിനുള്ള പലിശയും എങ്കിലും ലഭിച്ചാല്‍ മതിയെന്ന ചിന്താഗതിയിലേക്ക് കാര്‍ഷികരംഗം എത്തപ്പെട്ടിട്ടു കാലങ്ങളായി. പക്ഷേ, അതുപോലും ലഭിക്കാത്ത സാഹചര്യമാണ് നിലനില്ക്കുന്നത്. ഇതേ രീതിയില്‍ എത്രകാലം കാര്‍ഷിക മേഖലക്ക് മുമ്പോട്ടുപോകാന്‍ കഴിയുമെന്ന ചോദ്യമാണ് ഉയരുന്നത്.

സംസ്ഥാനത്തെ ഇപ്പോള്‍ താങ്ങിനിര്‍ത്തുന്നത് വിദേശമലയാളികള്‍ അയക്കുന്ന പണവും മറ്റു തൊഴില്‍ മേഖലകളില്‍നിന്നുള്ള വരുമാനവും ടൂറിസത്തില്‍നിന്നുള്ള വരുമാനവുമാണ്. ഈ വരുമാന മാര്‍ഗങ്ങള്‍ ശക്തിപ്പെട്ടതുപോലെ കാര്‍ഷിക രംഗവും വളരുകയായിരുന്നെങ്കില്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക അവസ്ഥ എത്രമാത്രം ഉയരുമായിരുന്നു. കാര്‍ഷിക മേഖല എന്ന കേരളത്തിന്റെ വലിയ സാധ്യതയാണ് ദൂരകാഴ്ചയുള്ള നടപടികള്‍ സ്വീകരിക്കാത്തതുകൊണ്ട് തകര്‍ന്നുപോകുന്നത്. ഈ രീതിയില്‍ മുമ്പോട്ടുപോയാല്‍ ഇപ്പോഴത്തെ അലംഭാവത്തിന് ഭാവിയില്‍ വലിയ വിലകൊടുക്കേണ്ടിവരും.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?