Follow Us On

29

December

2024

Sunday

‘സ്വര്‍ഗസ്ഥനായ പിതാവേ’ സംഗീതശില്പ രൂപത്തിലേക്ക്‌

‘സ്വര്‍ഗസ്ഥനായ പിതാവേ’ സംഗീതശില്പ രൂപത്തിലേക്ക്‌

സ്വന്തം ലേഖകന്‍

പ്രശസ്ത കര്‍ണാടക സംഗീതജ്ഞനും വോക്കോളജിസ്റ്റുമായ റവ. ഡോ. പോള്‍ പൂവത്തിങ്കല്‍ സിഎംഐ സംഗീത സംവിധാനവും നിര്‍മാണവും നിര്‍വഹിച്ചിരിക്കുന്ന സംഗീത ആല്‍ബമാണ് ‘സര്‍വ്വേശ.’ പത്മവിഭൂഷണ്‍ ഡോ. കെ.ജെ യേശുദാസിന്റെ ശിഷ്യനായ ഈ വൈദികന്‍ ‘പാടും പാതിരി’ എന്ന അപരനാമത്തിലാണ് അറിയപ്പെടുന്നത്. ‘ക്രിസ്തു ഭാഗവതം’ എന്ന പുസ്തകത്തില്‍നിന്ന് എടുത്ത ‘അസ്മാകം താത സര്‍ വ്വേശ'(സ്വര്‍ഗസ്ഥനായ പിതാവേ) എന്ന വരികള്‍ക്ക് ഭാരതീയ സംഗീതത്തിലെ സ്വരസങ്കല്പവും, സാങ്കേതികത നിറഞ്ഞ പശ്ചാത്യസംഗീതത്തിലെ ബഹുസ്വരതയും കൂടിച്ചേരുന്നു എന്നൊരു പ്രത്യേകയുമുണ്ട്.

തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജിലെ മുന്‍ സംസ്‌കൃത പ്രഫസറും സംസ്‌കൃത പണ്ഡിതനുമായിരുന്ന പ്രഫ. പി.സി ദേവസ്യയുടെ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ കൃതിയാണ് ‘ക്രിസ്തു ഭാഗവതം.’ കര്‍ണാടക സംഗീതത്തിലെ നടഭൈരവി രാഗത്തിലാണ് കമ്പോസ് ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ മ്യൂസിക്കും-വെസ്റ്റേണ്‍ മ്യൂസിക്കും തമ്മിലുള്ള ഒരു കോമ്പിനേഷന്‍. അതുകൊണ്ട് വെസ്റ്റേണ്‍ മ്യൂസിക്കിന് അമേരിക്കയില്‍നിന്നാണ് ഓര്‍ക്കസ്ട്ര ചെയ്തത്. അന്താരാഷ്ട്ര തലത്തിലുള്ള ആല്‍ബമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ലോസാഞ്ചലസില്‍ റിക്കോര്‍ഡിംഗ് നടത്തിയത്. നവംബര്‍ മാസത്തോടെ പുറത്തിറക്കാനാണ് പ്ലാനിട്ടിരിക്കുന്നതെന്ന് നിര്‍മാതാവ് ഫാ. പോള്‍ പൂവത്തിങ്കല്‍ പറഞ്ഞു. യുട്യൂബിലായിരിക്കും റിലീസിംഗ്.

റെക്കോര്‍ഡിംഗ് അമേരിക്കയില്‍
പ്രാദേശിക ഭാഷയിലൂടെയും പ്രാദേശിക കലകളിലൂടെയും സാംസ്‌കാരിക അനുരൂപണമെന്ന രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പഠനരേഖയാണ് ഈ ആല്‍ബം ചെയ്യാന്‍ തനിക്കു പ്രചോദനമായതെന്ന് ഫാ. പോള്‍ പൂവത്തിങ്കല്‍ പറയുന്നു. ക്രൈസ്തവ വിശ്വാസത്തിന്റെ വലിയ പ്രകടനമാണ് സ്വര്‍ഗസ്ഥനായ പിതാവേ എന്ന പ്രാര്‍ത്ഥന. ഈ പ്രാര്‍ത്ഥന അറിയുകയോ കേള്‍ക്കുകയോ ചെയ്യാത്ത അനേകര്‍ ഈ സംഗീത ആല്‍ബം കാണും. സംസ്‌കൃതഭാഷയില്‍ ആകുമ്പോള്‍ ഭാരതംതന്നെ കൂടുതല്‍ ശ്രദ്ധിക്കും. ഇനിയും ഇത്തരത്തിലുള്ള പ്രൊജക്ടുകള്‍ ചെയ്യണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറയുന്നു.

ക്രിസ്ത്യന്‍ സ്പിരിച്വാലിറ്റിയെ ഇന്ത്യന്‍ സംസ്‌കാരത്തില്‍ അവതരിപ്പിക്കുന്നതിനുകൂടിയാണ് സംസ്‌കൃതം തിരഞ്ഞെടുത്തത്. ഒപ്പം നിരവധി പ്രത്യേകതകളുമുണ്ട്. സംസ്‌കൃതം ഇന്ത്യന്‍ കള്‍ച്ചറിന്റെ ഭാഗമാണ്. സ്വര്‍ഗസ്ഥനായ പിതാവേ എന്ന കര്‍ത്താവു പഠിപ്പിച്ച പ്രാര്‍ത്ഥന സംസ്‌കൃതത്തില്‍ അവതരിപ്പിക്കുമ്പോള്‍ ഒരു ഇന്ത്യന്‍ മുഖം ലോകത്തിന്റെ മുമ്പില്‍ ലഭിക്കുകയാണ്. ഈ സംഗീത ആല്‍ബത്തിന്റെ ഓര്‍ക്കസ്ട്രേഷന്‍ നിര്‍വഹിച്ചിരിക്കുന്നത് പ്രസിദ്ധ വയലിനിസ്റ്റും ദക്ഷിണേന്ത്യയിലേക്കു ലഭിച്ച ഗ്രാമി അവാര്‍ഡുകളില്‍ നിറസാന്നിധ്യവുമായിരുന്ന മനോജ് ജോര്‍ജ് ആണ്.

സംഗീത ശില്പത്തിന്റെ ഒന്നാം ഭാഗത്തിന്റെ റെക്കോര്‍ഡിങ് ജൂണ്‍ മാസത്തില്‍ തൃശൂര്‍ ചേതന സ്റ്റുഡിയോയിലും രണ്ടാം ഭാഗ റെക്കോര്‍ഡിംഗ് ജൂലൈയില്‍ എറണാകുളത്തെ സിഎസി സ്റ്റുഡിയോയിലും 100 വൈദികരെയും 100 സിസ്റ്റേഴ്‌സിനെയും അണിനിരത്തി റെക്കോര്‍ഡ് ചെയ്തു. ഇളംകുളത്തുള്ള ലിറ്റില്‍ ഫ്ലവർ ദൈവാലയത്തില്‍വച്ച് അന്ന് ഉച്ചകഴിഞ്ഞ് അതിന്റെ വീഡിയോയും ചിത്രീകരിച്ചു. മികച്ച റെക്കോര്‍ഡിംഗ് എഞ്ചിനീയര്‍മാരായ സജി ആര്‍. നായര്‍, കൃഷ്ണചന്ദ്രന്‍, നിഖില്‍ എന്നിവരാണ് ഇതിന്റെ ഓഡിയോ റെക്കോര്‍ഡിംഗ് നിര്‍വഹിച്ചിരിക്കുന്നത്. എറണാകുളം, എളംകുളം ലിറ്റില്‍ ഫ്ലവർ ദൈവാലയത്തില്‍ നടന്ന ദൃശ്യാവിഷ്‌കാരം നിര്‍വഹിച്ചത് അഭിലാഷ് വളാഞ്ചേരിയും സംഘവുമായിരുന്നു.

മൂന്നാംഭാഗ റെക്കോര്‍ഡിംഗ് (വെസ്റ്റേണ്‍ ഓര്‍ക്കസ്ട്ര) അമേരിക്കയിലെ ലോസാഞ്ചലസിലെ പ്രസിദ്ധമായ വില്ലജ് സ്റ്റുഡിയോയില്‍ ഓഗസ്റ്റ് മാസത്തില്‍ നടന്നു. അമേരിക്കയിലെ പ്രശസ്തരായ 25 പേരാണ് ഓര്‍ക്കസ്ട്ര ചെയ്തത്. രൂപത്തിലും ഭാവത്തിലും ഭക്തിസാന്ദ്രതയും നവീനത്വവും തുളുമ്പുന്ന ഈ സംഗീത ശില്പം ആസ്വാദകരെ ദിവ്യഅനുഭൂതിയുടെ പുത്തന്‍ലോകത്തേക്കു നയിക്കുമെന്നതില്‍ സംശയമില്ല.

ഗുരു ഡോ. കെ.ജെ യേശുദാസ്
ഡോ. കെ.ജെ യേശുദാസിന്റെ ഉടമസ്ഥതയിലുള്ള തരംഗിണി 1996 ലും 97 ലും പുറത്തിറക്കിയ ക്രിസ്മസ് ആല്‍ബത്തില്‍ പോള്‍ പൂവത്തിങ്കല്‍ സംഗീതം നല്‍കിയ പാട്ടുകള്‍ യേശുദാസ് ആലപിച്ചിരുന്നു. ‘യേശുവേ ഞങ്ങള്‍ പാടിടാം പാവന സുവിശേഷം’ എന്ന പ്രശസ്തമായ ഗാനത്തിന്റെ പിറവി അങ്ങനെയായിരുന്നു. അതുവഴിയാണ് യേശുദാസുമായി അടുപ്പം ഉണ്ടായത്. ചെന്നൈയിലെ സംഗീത പഠനകാലത്ത് യേശുദാസിന്റെ കച്ചേരികളില്‍ തംബുരുമീട്ടാന്‍ അവസരം ലഭിച്ചു. തുടര്‍ന്ന് പ്രശസ്തമായ ചെമ്പൈ സംഗീതോല്‍സവത്തിലും കൊച്ചിയിലുള്ള യൗസേപ്പിതാവിന്റെ കപ്പേളയില്‍ നടക്കുന്ന സംഗീതോത്സവത്തിലും യേശുദാസ് ഫാ. പൂവത്തിങ്കലിനെ പരിചയപ്പെടുത്തി. പിന്നീട് അമേരിക്കയില്‍ യേശുദാസിന്റെ വീട്ടില്‍ താമസിച്ചുകൊണ്ട് ഗുരുകുലശൈലിയില്‍ സംഗീത പഠനം നടത്താനുള്ള അപൂര്‍വ്വ അവസരവും ഫാ. പോള്‍ പൂവത്തിങ്കലിന് ലഭിച്ചു. മറ്റൊരാള്‍ക്കും ഇതുപോലെ ഒരവസരം ലഭിച്ചിട്ടില്ലെന്ന് ഫാ. പൂവത്തിങ്കല്‍ പറഞ്ഞു. ഡോ. കെ.ജെ യേശുദാസ് കാനഡയില്‍ വരെ ഫാ. പോളിന് കച്ചേരി അറേഞ്ചു ചെയ്തുനല്‍കിയിട്ടുണ്ട്.

ഹോളി മാസ് ഇന്‍ ഇന്ത്യന്‍ മ്യൂസിക്
ഇങ്ങനെയൊരു പ്രൊജക്ടിലേക്ക് എത്തിയതിന്റെ പിന്നില്‍ ഒരു ചരിത്രമുണ്ട്. ഏപ്രില്‍ 18 ‘വേള്‍ഡ് വോയിസ് ഡേ’ ആണ്. വിവിധ രാജ്യങ്ങളില്‍നിന്നുള്ള ഗ്രൂപ്പുകള്‍ ഓരോ രാജ്യത്തിന്റെയും സംഗീതം ഓണ്‍ലൈനില്‍ അവതരിപ്പിക്കുന്ന ‘മ്യൂസിക് എറൗണ്ട് ദ വേള്‍ഡ് ഇന്‍ എയിറ്റീന്‍ മിനിറ്റ്‌സ്’ എന്നൊരു പ്രോഗ്രാം ഉണ്ട്. അതിന്റെ ഭാഗമായി അമേരിക്കയില്‍നിന്നുള്ള ടീം ഒരു പാട്ട് കമ്പോസു ചെയ്യാന്‍ ഫാ. പോള്‍ പൂവത്തിങ്കലിനോട് ആവശ്യപ്പെട്ടു. സുഹൃത്തും സംസ്‌കൃത പണ്ഡിതനും അധ്യാപകനും കാഞ്ഞിരപ്പള്ളി രൂപതാംഗവുമായ ഫാ. സണ്ണി മണിയാക്കുപാറയാണ് ‘ക്രിസ്തുഭാഗവത’ത്തിലെ വരികള്‍ നല്‍കിയത്. അതു കമ്പോസു ചെയ്ത് ഓണ്‍ലൈനില്‍ അവതരിപ്പിച്ചു. നല്ലൊരു ഉദ്യമമാണെന്ന ചിന്ത അപ്പോള്‍തന്നെ മനസില്‍ ഉണ്ടായി. കുറച്ചുകൂടി വിപുലമായ രീതിയിലേക്ക് ഇതു മാറ്റണമെന്ന ആഗ്രഹമാണ് ഈ പുതിയ പ്രൊജക്ടിലേക്ക് എത്തിച്ചത്.

സംഗീത മേഖലയില്‍ മുമ്പും അനതിസാധാരണമായ നിരവധി ഇടപെടലുകള്‍ നടത്തിയിട്ടുണ്ട് ഈ വൈദികന്‍. 2006 ല്‍ ഇന്ത്യന്‍ മ്യൂസിക്കിന്റെ പശ്ചാത്തലത്തില്‍ വീഡിയോ രൂപത്തില്‍ പരിശുദ്ധ കുര്‍ബാന റെക്കോര്‍ഡ് ചെയ്തിരുന്നു. പ്രാര്‍ത്ഥനകള്‍ സ്ലോകങ്ങളായാണ് ഉപയോഗിച്ചിരിക്കുന്നത്. 16-ഓളം രാഗങ്ങളില്‍ ഇന്ത്യന്‍ സംഗീതോപകരണങ്ങള്‍ മാത്രം ഉപയോഗിച്ചിരിക്കുന്നത്. ‘ഹോളി മാസ് ഇന്‍ ഇന്ത്യന്‍ മ്യൂസിക്’ ഫാ. പൂവത്തിങ്കല്‍ എന്നു തിരഞ്ഞാല്‍ യുട്യൂബില്‍ ലഭ്യമാണ്. അതിനു പക്ഷേ വേണ്ടത്ര ശ്രദ്ധ കിട്ടിയിട്ടില്ല. പുതിയ സംഗീതസംരംഭം പുറത്തുവന്നാല്‍ ഇതിലേക്കുവരെ ആളുകളുടെ ശ്രദ്ധ ഉണ്ടാകുമെന്നാണ് ഫാ. പൂവത്തിങ്കലിന്റെ പ്രതീക്ഷ.

മ്യൂസിക് തെറാപ്പി
സിഎംഐ സഭയുടെ നേതൃത്വത്തിലുള്ള തൃശൂര്‍ ചേതന സംഗീത നാട്യ അക്കാദമി, ചേതന ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വോക്കോളജിയുടെ (ശബ്ദചികിത്സ) ഡയറക്ടറാണ്. സംഗീതത്തിനുവേണ്ടി ഗാനാശ്രമം ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് ഇപ്പോള്‍. അഞ്ച് തരത്തിലുള്ള മ്യൂസിക് തെറാപ്പിയാണ് ഇതുവഴി ഉദ്ദേശിക്കുന്നത്. സമ്മര്‍ദ്ദങ്ങളുടെ നടുവില്‍ ജീവിക്കുന്ന മനുഷ്യര്‍ക്ക് മനസിനെയും ശരീരത്തെയും റിലാക്‌സ് ചെയ്യിച്ച് അതില്‍നിന്നും പുറത്തുകടക്കാന്‍ കഴിയുന്ന സംവിധാനമാണ് അതിലൊന്ന്. ഓട്ടിസം, സെറിബ്രല്‍ പാഴ്‌സി, മെന്റലി ഡിസേബിള്‍ഡ് ആയിട്ടുള്ള കുട്ടികള്‍ക്ക് ന്യൂറോളജി മ്യൂസിക് തെറാപ്പി-മസ്തിഷ്‌ക സംഗീത ചികിത്സ നല്‍കുകയാണ് മറ്റൊരു തെറാപ്പി.

നിലവില്‍ കുറെ കുട്ടികള്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്. അതുവഴി അങ്ങനെയുള്ള കുട്ടികള്‍ കച്ചേരി നടത്തുന്നു, ഗാനമേളകള്‍ക്ക് പാടുന്നു തുടങ്ങിയ അമ്പരിപ്പിക്കുന്ന മാറ്റങ്ങളാണ് സംഭവിച്ചത്. മ്യൂസിക് കപ്പാസിറ്റി വളരുമ്പോള്‍ സംസാരശേഷിയില്ലാത്തവര്‍ സംസാരിക്കുന്ന വിധത്തിലേക്കുവരെ അമ്പരിപ്പിക്കുന്ന മാറ്റങ്ങള്‍ ഉണ്ടാക്കുന്നുണ്ടെന്നാണ് ഫാ. പൂവത്തിങ്കല്‍ പറയുന്നത്. വിദേശങ്ങളില്‍ വിജയകരമായി നടത്തുന്ന തെറാപ്പിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. സിഎംഐ സഭയുടെ പുതിയൊരു സ്പിരിച്വല്‍ കോണ്‍ട്രിബ്യൂഷന്‍ ആയിട്ടാണ് ഫാ. പൂവത്തിങ്കല്‍ ഇതിനെ വിലയിരുത്തുന്നത്.

12 വര്‍ഷത്തെ സംഗീത പഠനം
തൃശൂര്‍, വിയ്യൂര്‍ പരേതനായ പൗലോദ്-മേരി ദമ്പതികളുടെ നാലു മക്കളില്‍ ഇളയവനാണ് ഫാ. പൂവത്തിങ്കല്‍. സ്‌കൂള്‍ പഠനകാലത്ത് സംഗീത മത്സരങ്ങളില്‍ സമ്മാനങ്ങള്‍ ലഭിച്ചിട്ടുണ്ട്. ദൈവാലയ ക്വയറില്‍ ഉണ്ടായിരുന്നു. അതിനപ്പുറം സംഗീതം പഠിക്കാനുള്ള സാഹചര്യം ഉണ്ടായിരുന്നില്ല. സെമിനാരിയില്‍ ചേര്‍ന്നുകഴിഞ്ഞാണ് കര്‍ണാടക സംഗീതം പഠിക്കാന്‍ അവസരം ലഭിച്ചത്. ബംഗളൂരു ക്രൈസ്റ്റ് കോളജില്‍ പഠിക്കുമ്പോള്‍ ഇന്റര്‍ യൂണിവേഴ്‌സിറ്റി മത്സരങ്ങളില്‍ സമ്മാനം ലഭിച്ചു. വൈദികനായതിനുശേഷം വിവിധ യൂണിവേഴ്‌സിറ്റികളിലായി ബിഎ മ്യൂസിക്, എംഎ മ്യൂസിക് എന്നിങ്ങനെ 12 വര്‍ഷം സംഗീതം പഠിക്കാനുള്ള അവസരം ലഭിച്ചു. മദ്രാസ് യൂണിവേഴ്‌സിറ്റില്‍നിന്നും സംഗീതത്തില്‍ പിഎച്ച്ഡി നേടി. സിഎംഐ സഭ നല്‍കിയ പിന്തുണയും പ്രോത്സാഹനവുമായിരുന്നു അതെന്ന് ഫാ. പൂവത്തിങ്കല്‍ പറയുന്നു.

തന്റെ സംഗീത ജീവിതത്തിലെ ഏറ്റവും വലിയ സംഗീത ആവിഷ്‌കാരമായാണ് ഫാ. പൂവത്തിങ്കല്‍ ‘സര്‍വ്വേശ’ ആല്‍ബത്തെ വിലയിരുത്തുന്നത്. 100 വൈദികരും 100 സിസ്റ്റേഴ്‌സും ഒന്നിക്കുന്ന ഒരു ആല്‍ബം ആദ്യമായിട്ടായിരിക്കുമെന്ന് അദ്ദേഹം പറയുന്നു. ദൈവത്തിന്റെ സ്വന്തം പദ്ധതിയെന്നാണ് ഫാ. പോള്‍ പൂവത്തിങ്കല്‍ വിശേഷിപ്പിക്കുന്നത്. കൈകള്‍ ശൂന്യമാണെങ്കിലും ദൈവം നടത്തിത്തരുമെന്ന വിശ്വാസമാണ് ഇത്രയും വലിയ റിസ്‌ക് എടുക്കാന്‍ ധൈര്യം നല്‍കുന്നത്. പിതാവായ ദൈവത്തിന് തന്റെ സംഗീത ജീവിതത്തില്‍ കൊടുക്കാവുന്ന ഏറ്റവും വലിയ ഉപഹാരമായിട്ടാണ് ഫാ. പൂവത്തിങ്കല്‍ ഇതിനെ കാണുന്നത്. പാട്ടുകള്‍ക്ക് വലിയ സ്പരിച്വല്‍ എനര്‍ജി ഉണ്ടെന്നും ജനഹൃദയങ്ങളെ ആത്മീയതയുടെ ആഴങ്ങളിലേക്ക് വളരെ വേഗം ഉയര്‍ത്താന്‍ പറ്റുമെന്നും ‘പാടുന്നവന്‍ രണ്ടു പ്രാവശ്യം പ്രാര്‍ത്ഥിക്കുന്നുവെന്ന’ വിശുദ്ധ അഗസ്തീനോസിന്റെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് ഫാ. പൂവത്തിങ്കല്‍ പറയുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?