വാഷിംഗ്ടണ്‍ ഡിസി: യുഎസിലെ മേരിലാന്‍ഡിലുള്ള സെന്റ് എലിസബത്ത് ആന്‍ സെറ്റണ്‍ ദൈവാലയം കത്തോലിക്കാ ബധിര സമൂഹത്തിനായുള്ള ആദ്യ ദിവ്യകാരുണ്യകോണ്‍ഗ്രസിന് ആതിഥേയത്വം വഹിക്കും. ഏപ്രില്‍ 4-6 തീയതികളില്‍ നടക്കുന്ന കോണ്‍ഗ്രസില്‍ 230-ഓളം ബധിരരായ കത്തോലിക്കര്‍ പങ്കെടുക്കും. ബാള്‍ട്ടിമോര്‍ അതിരൂപതയിലെ ബധിര ശുശ്രൂഷയുടെ ചാപ്ലിന്‍ ആയി സേവനമനുഷ്ഠിക്കുന്ന ഫാ. മൈക്ക് ഡെപ്സിക്കാണ് ഈ ദിവ്യകാരുണ്യകോണ്‍ഗ്രസിന് നേതൃത്വം നല്‍കുന്നത്.
ലോകത്തിലെ അപൂര്‍വം ബധിര വൈദികരിലൊരാളായ ഡെപ്സിക്ക്, ബധിര കത്തോലിക്കാ സമൂഹത്തിന് അജപാലന ശുശ്രൂഷകള്‍ ലഭ്യമാക്കുന്നതിന് സജീവമായി പ്രവര്‍ത്തിച്ചുവരുന്നു. ബധിരരായ ആളുകള്‍ക്ക് സജീവമായി പങ്കെടുക്കാന്‍ കഴിയുന്ന തരത്തിലാണ് ഡെപ്‌സിക്ക് കോണ്‍ഗ്രസ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
വളരെ പരിമിതമായ അജപാലന ശുശ്രൂഷകള്‍ മാത്രമാണ് ബധിര സമൂഹത്തിന് കത്തോലിക്കാ സഭയില്‍ ലഭ്യമാകുന്നത്. കത്തോലിക്ക സഭയില്‍ അംഗങ്ങളായ 96% ബധിരരും ആംഗ്യ ഭാഷയില്‍ വളരെ പരിമിതമായ സേവനങ്ങള്‍ മാത്രം ലഭ്യമായതിനാല്‍ ഞായറാഴ്ച ഉള്‍പ്പടെ ദൈവാലയത്തില്‍ പോകാറില്ലെന്ന് സ്ഥിതിവിവരക്കണക്കുകള്‍ വ്യക്തമാക്കുന്നു.
ഈ പശ്ചാത്തലത്തിലാണ് ബധിരസമൂഹത്തെ ദിവ്യകാരുണ്യത്തിലേക്ക് കൂടുതല്‍ അടുപ്പിക്കുന്നതിനായി ഫാ. ഡെപ്‌സിക്ക് ബധിരര്‍ക്കായുള്ള ദിവ്യകാരുണ്യകോണ്‍ഗ്രസ് സംഘടിപ്പിക്കുവാന്‍ തീരുമാനിച്ചത്. ബധിരര്‍, കേള്‍വിക്കുറവ് ബാധിച്ചവര്‍, ബധിരരായ കുട്ടികളുടെ രക്ഷിതാക്കള്‍ എന്നിവരടക്കം ബധിര സമൂഹവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എല്ലാവരെയും ഉദ്ദേശിച്ചാണ് ഈ ദിവ്യകാരുണ്യകോണ്‍ഗ്രസ് ക്രമീകരിച്ചിരിക്കുന്നത്. മേരിലാന്‍ഡിലെ എമിറ്റ്‌സ്ബര്‍ഗില്‍ സ്ഥിതി ചെയ്യുന്ന സെന്റ് എലിസബത്ത് ആന്‍ സെറ്റന്റെ ദേശീയ ദൈവാലയം ബധിരരായ കത്തോലിക്കരുടെ ഒത്തുചേരല്‍ സ്ഥലമായിരുന്നു. ബധിരര്‍ക്കായി ഒരു നോമ്പുകാല ധ്യാനം ഉള്‍പ്പെടെയുള്ള റിട്രീറ്റുകള്‍ സെറ്റന്‍ ദൈവാലയത്തില്‍ നടത്താറുണ്ട്. അഭിനയം, കവിതകള്‍, ഇംഗ്ലീഷ് ഗ്രന്ഥങ്ങളുടെ വിവര്‍ത്തനം എന്നിവയില്‍ പേരുകേട്ട സര്‍ഗാത്മക കലകളില്‍ പശ്ചാത്തലമുള്ള ബധിരനായ പ്രഫസര്‍ ഡീക്കന്‍ പാട്രിക് ഗ്രേബില്‍ ഉള്‍പ്പെടെയുള്ള പ്രമുഖരായ പ്രഭാഷകര്‍ ഈ ദിവ്യകാരുണ്യകോണ്‍ഗ്രസിന്റെ ഭാഗമാകും.
Leave a Comment
Your email address will not be published. Required fields are marked with *