Follow Us On

23

November

2024

Saturday

മിസ്റ്റർ ജോൺ പ്രിഡ്മോർ, ക്രിസ്തുവിൽ ഉയിർത്തെഴുന്നേറ്റ അധോലോക നായകൻ!

റോബിൻ വർഗീസ്

ക്രിസ്തുവിന്റെ സുവിശേഷവുമായി ലോകം ചുറ്റുന്ന മുൻ അധോലോക നായകനെക്കുറിച്ച് കേട്ടിട്ടുണ്ടോ? അതാണ് ഇംഗ്ലീഷുകാരനായ ജോൺ പ്രിഡ്മോർ. പ്രിഡ്‌മോർ എങ്ങനെ അധോലോക നായകനായി, അവിടെനിന്ന് എപ്രകാരം ഉയിർത്തെഴുന്നേറ്റു എന്നുകൂടി അറിയുന്നത് ഉചിതമായിരിക്കും, കുടുംബത്തകർച്ചകൾ സാധാരണമാകുന്ന ഇക്കാലത്ത് വിശേഷിച്ചും.

‘എല്ലാ ദിവസത്തെയുംപോലെ അന്നും ഞാൻ ഉറങ്ങാൻ കിടക്കയിലേക്ക് വന്നു. പതിവുപോലെ മമ്മാ എന്റെ ബെഡ്ഡിനരികിലെത്തി. മമ്മ എന്നെ കിടക്കയിൽ കിടത്തി പുതപ്പിക്കുന്നതിനിടയിൽ ഡാഡിയും അവിടേക്കുവന്നു. ഡാഡിയുടെ മുഖം ആകെ അസ്വസ്ഥമായിരുന്നു. ഞാൻ ഡാഡിയോട് ഗുഡ്‌നൈറ്റ് പറഞ്ഞെങ്കിലും അതിനു മറുപടി പറയാതെ ഡാഡി കുറച്ച് താഴ്ന്നതെങ്കിലും ദൃഢമായ സ്വരത്തിൽ എന്നോട് പറഞ്ഞു: ജോൺ, നാളെ മുതൽ ഞങ്ങൾ പിരിയുകയാണ്. നിനക്ക് ആരോടൊപ്പമാണ് നിൽക്കേണ്ടതെന്ന് തീരുമാനിക്കുക. മമ്മയോടൊപ്പം ഇവിടെ നിൽക്കണോ, അതോ പപ്പയോടൊപ്പം പോരുണോ? ഇനിയൊരിക്കലും ഞങ്ങൾ ഒരുമിച്ച് ഉണ്ടാകില്ല. പപ്പയുടെ വാക്കുകളിൽ തകർന്നുപോയ ഞാൻ മമ്മിയുടെ മുഖത്തേക്ക് നോക്കി. അവർ ഒന്നും മിണ്ടാതെ മുഖം കുനിച്ച് നിന്നു.’

അന്ന് രാത്രിമുതൽ ഈസ്റ്റേൺ ലണ്ടൺ സ്വദേശിയായ ജോൺ എന്ന ഏഴു വയസുകാരന്റെ ജീവിതത്തിലെ നിറങ്ങൾ അസ്തമിച്ചു. ആ രാത്രി മുഴുവൻ അവൻ കരഞ്ഞു. അവന് അവരെ രണ്ടുപേരെയും വേണമായിരുന്നു. അവന്റെ ഡാഡിയേയും മമ്മയേയും. അവരുടെ വേർപിരിയൽ കൊച്ചു ജോണിന്റെ ഹൃദയത്തെ തകർത്തുകളഞ്ഞു. ഓരോ കുട്ടിയുടെയും കുട്ടിക്കാലത്തിന്റെ നിറങ്ങൾക്ക് മിഴിവ് ഉണ്ടാവുന്നത് മാതാപിതാക്കളുടെ സ്‌നേഹത്തിന്റെ നിറവിൽ നിന്നുകൂടിയാണല്ലോ.

മാതാപിതാക്കൾ വേർപിരിഞ്ഞതായിരുന്നു ജീവിതത്തിലെ എല്ലാ മോശം വഴികളിലേക്കും തന്നെ നയിച്ചതെന്ന്, ഒരു കാലത്ത് ലണ്ടൻ നഗരത്തിലെ കുപ്രസിദ്ധ ലഹരിമരുന്ന് മാഫിയാ തലവനായിരുന്ന ജോൺ പ്രിഡ്‌മോർ പറയുമ്പോൾ ആ വാക്കുകൾക്ക് അയാളുടെ തകർന്നുപോയ ജീവിതത്തിന്റെ വിലയുണ്ട്. അത്ര വലുതായിരുന്നു കൊച്ചു ജോണിന്റെ ഹൃദയത്തിനേറ്റ മുറിവ്. താൻ ജീവനുതുല്യം സ്‌നേഹിച്ച രണ്ടുപേർ തങ്ങളുടെ സ്വാർത്ഥതയാൽ സ്വന്തം ഇടങ്ങളിലേക്ക് മാറിപ്പോയപ്പോൾ സ്‌നേഹരാഹിത്യത്തിന്റെ ഇരുട്ടുമുറിയിൽ ഒറ്റപ്പെട്ട ജോൺ ആ മുറിയുടെ വാതിൽ പിന്നീട് ആർക്കും തുറക്കാനാവാത്ത വിധം അടച്ചു.

ജോൺ പ്രിഡ്‌മോർ കുട്ടിക്കാലത്ത്.

എവിടെ കിട്ടും സന്തോഷം?

സ്‌നേഹം മുറിവുകൾ ഉണ്ടാക്കും. അതുകൊണ്ട് ഇനി ആരേയും സ്‌നേഹിക്കില്ലെന്ന് അവൻ ഉറപ്പിച്ച് എല്ലാവരെയും വെറുക്കാൻ തുടങ്ങി. വെറുപ്പിന്റെ കാഠിന്യത്താൽ തന്റെ രൂപത്തെപ്പോലും അവൻ വെറുക്കാൻ തുടങ്ങി. ഒരു കണ്ണാടിയിൽപോലും ഒരിക്കലും അവൻ നോക്കുമായിരുന്നില്ല. മുൻകോപിയും വഴക്കാളിയുമായ ഒരു ചെറുപ്പക്കാരനായി വളർന്ന അവന്റെ വഴികൾ ചെന്നെത്തിയത് സ്വാഭാവികമായും അതേപോലെ ഇരുണ്ട ഇടങ്ങളിൽതന്നെ.

മദ്യവും മയക്കുമരുന്നും നിശാസുന്ദരികളും നുരയുന്ന ലണ്ടൻ നഗരത്തിലെ നിശാക്ലബ്ബുകളിലെ സ്ഥിരം സന്ദർശകനായി അവൻ. താമസിയാതെ അവൻ അവരുടെ ഒരു ഭാഗമായി മാറി. നിശാക്ലബ്ബുകളുടെ ബൗൺസറായി ജോലി തുടങ്ങിയ ജോൺ പിന്നീട് ലഹരിമരുന്ന് കടത്തുകാരനായും കച്ചവടക്കാരനായും മാറി. ഇതിലൂടെ ധാരാളം പണം അയാൾ സമ്പാദിച്ചു. തനിക്ക് ചുറ്റും കുമിഞ്ഞ് കൂടിവരുന്ന പണത്തിനൊപ്പംതന്നെ വലുതായി വളർന്നുവരുന്ന ശൂന്യത അയാളെ അസ്വസ്ഥനാക്കി.

ഒന്നിലും സന്തോഷം കണ്ടത്താനാവാത്ത അവസ്ഥ. അതിനെ മറികടക്കാൻ കൂടുതൽക്കൂടുതൽ മദ്യത്തിലേക്കും ലഹരിയിലേക്കും സ്ത്രീകളിലേക്കും അയാൾ തിരിഞ്ഞു. ഒരുനാൾ ഒരു നിശാ ക്ലബ്ബിൽവെച്ച് ലഹരിയുടെ ആധിക്യത്തിൽ അയാൾ ഒരാളെ തന്റെ കൈത്തണ്ടയിലെ പിത്തള വളയുപയോഗിച്ച് ഇടിച്ച് വീഴ്ത്തി. ഇടികൊണ്ട് ചോരയൊലിച്ച് നിലത്തുവീണു പിടയുന്ന അയാളെ കണ്ട് എല്ലാവരും നടുങ്ങിയെങ്കിലും ജോൺ കൂസലില്ലാതെ നിന്നു. നിലത്തു വീണവൻ മരിച്ചുപോയെന്ന് എല്ലാവരും പറഞ്ഞെങ്കിലും ജോണിന് ഭാവവ്യത്യാസമുണ്ടായില്ല.

ദൈവം ‘പിടിച്ച’ രാത്രി

അന്ന് രാത്രി തിരിച്ച് മടങ്ങുമ്പോൾ, അയാൾ മരിച്ചുപോയാൽ തനിക്ക് ലഭിച്ചേക്കാവുന്ന ജയിൽ ശിക്ഷയേക്കാൾ ഒരു മനുഷ്യനെ ക്രൂരമായി ഉപദ്രവിച്ചിട്ടും അത് തന്റെ മനസിനെ ബാധിച്ചില്ലെന്ന തിരിച്ചറിവ് അയാളുടെ മനസിനെ അലട്ടി. തന്റെ കുട്ടിക്കാലത്ത് എല്ലാവരെയും സ്‌നേഹിക്കുന്ന, എല്ലാവരുടെയും കാര്യങ്ങളിൽ ശ്രദ്ധിക്കുന്ന, അവരുടെ ആവശ്യങ്ങളിൽ അവരെ സഹായിക്കുന്നതിൽ സന്തോഷം കണ്ടെത്തിയിരുന്ന ജോൺ എന്ന 10 വയസുകാരനിൽ നിന്ന് താൻ എത്ര മാറി എന്ന ചിന്തഅയാളെ വേദനിപ്പിച്ചു.

അന്നു രാത്രി ഉറങ്ങാനാവാതെ തന്റെ മുറിയിലെ ഇരുട്ടിൽ ഇരുന്ന അയാളോട് മൃദുവായ ഒരു സ്വരം സംസാരിക്കാൻ തുടങ്ങി. അത്ദൈവത്തിന്റെ സ്വരമാണെന്ന് അവൻ തിരിച്ചറിഞ്ഞു. താൻ അന്നുവരെ ചെയ്ത എല്ലാ ഹീനകൃത്യങ്ങളും ഒന്നൊന്നായി ദൈവം അവനോട് പറയാൻ തുടങ്ങി. തന്റെ തന്നെ ഹീനകൃത്യങ്ങൾ കേട്ട് അവൻ ലജ്ജിച്ച് തലതാഴ്ത്തി. അതിന്റെ അവസാനം താൻ മരിക്കുന്നതായി അവന് തോന്നി. ഈ നിലയിൽ മരിച്ച് നരകത്തിലേക്ക് പോകുന്നതോർത്ത് അവൻ ഭയന്നു. തനിക്കറിയാവുന്ന ഒരു പ്രാർത്ഥന അവൻ ഉച്ചത്തിൽ കരഞ്ഞ് പ്രാർത്ഥിച്ചു.

‘ഇതുവരെ ഞാൻ എല്ലാം ഉപയോഗിച്ചിട്ടേയുള്ളൂ, ഇനി കൊടുക്കാൻ എന്നെ സഹായിക്കണേ,’ എന്ന് അവൻ നിലവിളിച്ചു. കരച്ചിലിന്റെ അവസാനം അതുവരെ ശൂന്യമായിരുന്ന അവന്റെ ഹൃദയം പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറഞ്ഞു. എന്തെന്നില്ലാത്ത ഒരു സമാധാനം തന്റെ ഉള്ളിൽ നിറയുന്നതായി അവന് അനുഭവപ്പെട്ടു. അത് ദൈവത്തിന്റെ സ്‌നേഹമാണെന്നവൻ തിരിച്ചറിഞ്ഞു.

തന്റെ കഥ ബൈബിളിലും!

തന്റെ ചുറ്റുമുള്ളവരിൽ ദൈവവിശ്വാസമുള്ള ഒരേ ഒരാൾ അവന്റെ അമ്മയായിരുന്നു. തന്റെ അമ്മ ഓരോ നിമിഷവും തനിക്കുവേണ്ടി പ്രാർത്ഥിക്കുന്നുണ്ടെന്ന് അവന് അറിയാമായിരുന്നു. തനിക്ക് കഴിഞ്ഞ രാത്രിയിൽ സംഭവിച്ചതിനെക്കുറിച്ചു അവൻ അമ്മയോട് പറഞ്ഞു. അവരുടെ കണ്ണുകൾ നിറയുന്നത് അവൻ കണ്ടു. അവന്റെ രണ്ടാനച്ഛൻ അവന് ഒരു ബൈബിൾ നൽകി. ജീവിതത്തിൽ ആദ്യമായാണ് ബൈബിൾ അവന്റെ കൈകളിലെത്തുന്നത്. അവൻ അത് തുറന്ന് വായിച്ചു.

കിട്ടിയ ഭാഗം ദൂർത്ത പുത്രന്റെ കഥയായിരുന്നു. പിതാവിന്റെ സ്‌നേഹം ഉപേക്ഷിച്ച് ധൂർത്തനായ് ജീവിച്ച് ഒടുവിൽ പന്നിക്കൂട്ടിൽവെച്ച് തിരിച്ചറിവുണ്ടായ മകന്റെ കഥ. അതുതാൻ തന്നെയാണെന്ന് അവൻ തിരിച്ചറിഞ്ഞു. തന്റെ ജീവിതത്തിലെ പന്നിക്കൂടിന് അരികിൽനിന്ന് ജോൺ എഴുന്നേറ്റു. തന്നെ സ്‌നേഹിക്കുന്ന പിതാവിന്റെ സ്‌നേഹത്തിനുവേണ്ടി അവന്റെ ഹൃദയം വെമ്പൽകൊണ്ടു. ആ യാത്ര അവസാനിച്ചത് യുവാക്കൾക്കായുള്ള ഒരു നവീകരണ ധ്യാനത്തിലായിരുന്നു.

അവിടെ കണ്ടുമുട്ടിയ ചെറുപ്പക്കാരുടെ മുഖങ്ങളിലെ സന്തോഷവും കണ്ണുകളിലെ തിളക്കവും അവനെ അത്ഭുതപ്പെടുത്തി. അവരിൽ പലരും സ്‌നേഹപൂർവം അവനെ ആലിംഗനം ചെയ്തു. ഒരു ലഹരി മരുന്നു കടത്തുകാരനായും കുറ്റവാളിയായും കഴിഞ്ഞിരുന്ന 15 വർഷങ്ങളിൽ ഇതുവരെ തന്നെ ആരും സ്‌നേഹപൂർവം ആലിംഗനം ചെയ്തിരുന്നില്ലെന്ന് അവൻ ഓർത്തു. അവിടെ പ്രഘോഷിക്കപ്പെട്ട വചനങ്ങൾ അവന്റെ ഹൃദയത്തിൽ പതിച്ചു. കഴിഞ്ഞ കാലമത്രയുമുള്ള തന്റെ ചെയ്തികളാൽ മുറിവേറ്റ ഹൃദയവുമായി അവൻ കുരിശിലേക്ക് നോക്കി. തന്റെ പാപങ്ങളെ ഓർത്ത് അവൻ വേദനിച്ചു.

ജോൺ പ്രിഡ്‌മോറിന്റെ ജീവിതസാക്ഷ്യം ശ്രവിച്ച്, ക്രിസ്തീയ വിശ്വാസത്തിലേക്ക് തിരിച്ചെത്തിയ സ്റ്റ്യുവർട്ട് എന്ന കൗമാരക്കാരൻ. (ഫയൽ ചിത്രം) മയക്കുമരുന്നിന് അടിമയും സ്ഥിരം വഴക്കാളിയുമായിരുന്ന സ്റ്റ്യുവർട്ട്, ഇന്ന് സ്‌കൂളുകൾതോറും തന്റെ മാനസാന്തരാനുഭവം പങ്കുവെക്കുന്ന യുവസുവിശേഷ പ്രഘോഷകനാണ്.

കുമ്പസാരക്കൂട്ടിൽനിന്ന് വചനവേദിയിലേക്ക്

എന്നാൽ സങ്കടത്തേക്കാൾ അധികമായി തന്റെ ഹൃദയം പറഞ്ഞറിയിക്കാനാവാത്ത ആനന്ദത്താൽ നിറയുന്നത്തായി അവന് അനുഭവപ്പെട്ടു. കുരിശിലെ ക്രിസ്തു തന്നെ സ്‌നേഹിക്കുന്നതായും തനിക്കുവേണ്ടി ഇതിലും വലിയ മുറിവുകൾ സഹിക്കാമെന്ന് തന്നോട് പറയുന്നതായും അവൻ കേട്ടു. സങ്കടംകൊണ്ട് അവൻ വിങ്ങിപ്പൊട്ടി. തന്റെ മാതാപിതാക്കൾ പിരിഞ്ഞ ആ രാത്രി കരഞ്ഞ ആ കുട്ടിയെപ്പോലെ അവൻ വിതുമ്പിക്കരഞ്ഞു.

ആ കരച്ചിൽ അവനെ കുമ്പസാരക്കൂടിനരികിലേക്ക് നയിച്ചു. അതുവരെ ഒരിക്കൽപ്പോലും കുമ്പസാരിക്കാത്ത അവൻ തന്റെ ഹീനകൃത്യങ്ങൾ ഒന്നൊഴിയാതെ ആ പുരോഹിതനോട് പറഞ്ഞു. തന്റെ ചെയ്തികൾ കേൾക്കുന്ന പുരോഹിതന് എന്തുതോന്നും എന്നോർത്ത് അവൻ അദ്ദേഹത്തിന്റെ മുഖത്തേക്ക് നോക്കിയപ്പോൾ അദ്ദേഹം കരയുന്നതാണ് കണ്ടത്. തന്റെ മുന്നിലിരിക്കുന്ന ആ വ്യക്തി ഈശോയാണെന്ന് അവൻ തിരിച്ചറിഞ്ഞു. അന്നുമുതൽ അവന്റെ ജീവിതത്തിൽ പുതിയ പുലരികൾ പിറക്കുകയായിരുന്നു.

ഓരോ പ്രഭാതത്തിലും ദൈവത്തിന്റെ സ്‌നേഹത്താൽ തന്റെ ജീവിതം നിറയുന്നതായി അവന് തോന്നി. താമസിയാതെ ന്യൂയോർക്ക് നഗരത്തിലുള്ള ‘ഫ്രാൻസിസ്‌ക്കൻ ഫ്രയേർസ് ഓഫ് ദ റിന്യൂവൽ’ എന്ന സന്യാസസമൂഹത്തോടൊപ്പം ചേർന്ന് മയക്കുമരുന്നിന് അടിമകളായി തെരുവുകളിലും മറ്റും കഴിയുന്നവരെ പുതുജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള പ്രവർത്തനങ്ങളിൽമുഴുകി. അപ്രകാരമൊരു ശുശ്രൂഷയ്ക്കിടെയാണ്, കൊൽക്കത്തയിലെ വിശുദ്ധ മദർ തെരേസയെ പരിചയപ്പെടാനും അഗതികളുടെ അമ്മയ്‌ക്കൊപ്പം കുറച്ച് സമയം ചെലവിടാനും ജോണിന് ഭാഗ്യം ലഭിച്ചത്.

മദറുമായി മുഖാമുഖം

ജോണിന്റെ കഥ കേട്ട മദർ പറഞ്ഞത് ഒന്നുമാത്രം: ‘ജോൺ, നിന്റെ കഥ നീ ലോകത്തോട് പറയണം. അതിലൂടെ അനേകരെ യേശുവിലേക്ക് കൊണ്ടുവരാനാകും.’ അത് ജോണിന്റെ ജീവിതത്തിന് ഒരു പുതിയ വഴിത്തിരിവായിരുന്നു. അന്നുമുതൽ പിന്നീട് ഇന്നുവരെയുള്ള 25 വർഷങ്ങൾ ലോകത്തിന്റെ പലഭാഗങ്ങളിൽ പല വേദികളിൽ ജോണിന്റെ ശബ്ദം യേശുവിനുവേണ്ടി മുഴങ്ങിക്കൊണ്ടിരിക്കുന്നു. ക്രിസ്തീയ സന്യാസത്തിന്റെ അടിസ്ഥാന ശിലയായി വിശേഷിപ്പിക്കപ്പെടുന്ന വ്രതത്രയങ്ങൾ (ബ്രഹ്മചര്യം, ദാരിദ്ര്യം, അനുസരണം) അടിസ്ഥാനമാക്കി ഏകസ്ഥ ജീവിതം നയിക്കുകയാണ് ജോൺ പിഡ്‌മോർ.

തന്നെ ഒന്നിനും കൊള്ളില്ല, തന്റെ ജീവിതംകൊണ്ട് ഒരു പ്രയോജനവുമില്ല എന്ന് നിനക്ക് തോന്നുന്നുവോ? എങ്കിൽ അത്ഭുതങ്ങൾ അവസാനിച്ചിട്ടില്ലാത്ത ജോണിന്റെ ജീവിതമാണ് നിനക്ക് മറുപടി. ഒരു മണ്ടനാണെന്ന് സ്ഥിരം മറ്റുള്ളവർ കളിയാക്കിയിരുന്ന ‘ഡിസ്‌ലക്‌സിയ’ (പ~ന വൈകല്യം) മൂലം എഴുതാനും വായിക്കാനും അറിഞ്ഞുകൂടായിരുന്ന ജോൺ പ്രിഡ്‌മോർ എഴുതിയ ‘ഗ്യാങ്‌ലാൻഡ്‌ ടു ഹോളിലാൻഡ്’ എന്ന പുസ്തകം ഇപ്പോൾ ഇന്റർനാഷണൽ ബെസ്റ്റ് സെല്ലറാണ്. അതുകൂടാതെ പിന്നെയും മൂന്ന് പുസ്തകങ്ങൾകൂടി ജോണിന്റെതായി പുറത്തുവന്നിട്ടുണ്ട്.

ജോണിന്റെ ഭാഷയിൽപറഞ്ഞാൽ, കഴിഞ്ഞ 27 വർഷങ്ങൾ ഞാൻ മരിച്ചവനായിരുന്നു. എന്നാൽ, ഇപ്പോൾ ജീവിക്കുന്നു. തന്റെ മാതാപിതാക്കൾ ഉപേക്ഷിച്ചുപോയപ്പോൾ താൻ അടച്ചിട്ട സ്‌നേഹരാഹിത്യത്തിന്റെ ആ ഇരുട്ടുമുറി തുറന്ന് പുറത്തേക്ക് വന്ന ജോൺ ഇപ്പോൾ വെളിച്ചത്തിലാണ്. അതാണ് ഉയിർപ്പിന്റെ സുവിശേഷവും- ജീവിതത്തിന്റെ ഇരുട്ട് നിറഞ്ഞ ഇടങ്ങളിലേക്ക് വെളിച്ചം വീശുമ്പോൾ രക്ഷകനരികിലേക്ക് ചെല്ലുക. തീരത്ത് കനലിൽ ചുട്ടെടുത്ത അപ്പവും പൊരിച്ച മീനുമായി അവനുണ്ട്.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടുംനിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?