ബെനഡിക്ട് 16-ാമനായി മാറിയ ജോസഫ് റാറ്റ്‌സിംഗർ ഏഴു വയസുകാരനായിരിക്കേ ക്രിസ്മസ് നാളിൽ ഉണ്ണീശോയ്ക്ക് എഴുതിയ കത്ത് വീണ്ടും വാർത്തകളിൽ ഇടംപിടിക്കുന്നു. വർഷങ്ങൾക്കുമുമ്പ്, റീജൻസ്‌ബെർഗ് യൂണിവേഴ്‌സിറ്റിയിൽ പ്രൊഫസറായിരിക്കേ അദ്ദേഹം താമസിച്ചിരുന്ന വീടിന്റെ നവീകരണ പ്രവർത്തനങ്ങൾ നടക്കുമ്പോൾ കണ്ടെത്തിയ കത്താണ് അദ്ദേഹത്തിന്റെ വിയോഗത്തെ തുടർന്ന് വീണ്ടും വാർത്തയായത്.
സാധാരണ കുട്ടികളെപോലെ കളിപ്പാട്ടങ്ങളോ മധുരപലഹാരങ്ങളോ ഒന്നുമല്ല മറിച്ച്, ഒരു കുർബാന പുസ്തകവും വൈദികരുടെ ദിവ്യബലി കുപ്പായവുമാണ് കുഞ്ഞ് റാറ്റ്‌സിംഗർ കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. നന്നേ ചെറുപ്പത്തിൽ തന്നെ ബെനഡിക്ട് 16-ാമൻ പൗരോഹിത്യ ജീവിതം സ്വപ്‌നം കണ്ടതിന്റെ തെളിവുകൂടിയാണ് ഉണ്ണീശോയ്ക്ക് എഴുതിയ ഈ കത്ത്.
‘പ്രിയപ്പെട്ട ഉണ്ണീശോ, ഉടൻ തന്നെ ഭൂമിയിലേക്ക് വരണം. നീ കുട്ടികൾക്ക് ആനന്ദം കൊണ്ടുവരും. എനിക്കും നീ വരുമ്പോൾ ആനന്ദം കൊണ്ടുവരണം. ഒരു കുർബാന പുസ്തകവും ദിവ്യബലി അർപ്പണത്തിന് അച്ചന്മാർ ഇടുന്ന പച്ച കുപ്പായവും ഈശോയുടെ ഹൃദയവും വേണമെന്ന ആഗ്രഹമുണ്ട്. ഞാനെപ്പോഴും നല്ല കുട്ടിയായിരിക്കും,’ എന്ന് കുറിച്ചിരിക്കുന്ന കത്ത്, ക്രിസ്മസ് ആശംസകൾ നേർന്നുകൊണ്ടാണ് കുഞ്ഞ് റാറ്റ്‌സിംഗർ അവസാനിപ്പിച്ചിരിക്കുന്നത്.
Leave a Comment
Your email address will not be published. Required fields are marked with *