ഇസ്താംബുൾ: തുർക്കിയിലും സിറിയയിലും ശക്തമായ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 7.8 തീവത്ര രേഖപ്പെടുത്തിയ ഭൂചലനത്തിൽ ഇതുവരെ 500ൽപ്പരം പേർ മരണപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ. ആയിരക്കണക്കിന് ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ന് (ഫെബ്രുവരി ആറ്) പ്രാദേശിക സമയം പുലർച്ചെ 4.17നായിരുന്നു ഭൂചലനം. ആളുകൾ ഉറങ്ങുന്ന സമയമായതിനാൽ നിരവധിപേർ അപകടത്തിൽ പെട്ടിട്ടുണ്ട്. മരണസംഖ്യ ഇനിയും വർധിക്കുമെന്നാണ് വിവരം.
തുർക്കിയുടെ പ്രധാനപ്പെട്ട എട്ട് നഗരങ്ങളിലാണ് ഭൂചലനം രേഖപ്പെടുത്തിയത്. ഇതുവരെ തുർക്കിയിൽ മാത്രം 284പേർ മരണപ്പെട്ടെന്നും 2300ൽപ്പരം പേർക്ക് പരിക്കേറ്റെന്നും വൈസ് പ്രസിഡന്റ് ഫുആറ്റ് ഒക്റ്റെ വെളിപ്പെടുത്തി. സിറിയയിൽ 237പേർ മരണപ്പെട്ടതായും 600ൽപ്പരം ആളുകൾക്ക് പരിക്കേറ്റതായും സ്ഥിരീകരിച്ചിട്ടുണ്ട്. 15 മിനിറ്റിനുശേഷം 6.7 തീവ്രത രേഖപ്പെടുത്തിയ തുടർ ചലനവുമുണ്ടായി. പിന്നീട് തുടർച്ചയായുണ്ടായ 16 ഭൂചലനങ്ങളിൽ നിരവധി കെട്ടിടങ്ങൾ നിലംപൊത്തി ധാരാളം ആളുകൾ കുടുങ്ങിക്കിടക്കുന്നതായും റിപ്പോർട്ടുകളുണ്ട്.
ലെബനൻ, സൈപ്രസ്, അങ്കാറ എന്നിവിടങ്ങളിലും ഭൂചലനം രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇവിടങ്ങളിൽ നിന്നുള്ള കൃത്യമായ വിവരങ്ങൾ ലഭ്യമായിട്ടില്ല. തകർന്നുവീണ കെട്ടിടങ്ങൾക്ക് ഉള്ളിൽ കുടുങ്ങിയവരെ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. സിറിയൻ അതിർത്തിക്ക് സമീപമുള്ള തെക്ക് കിഴക്കൻ തുർക്കിയിലെ ഗാസിയാൻടെപ്പിൽ 17.9 കിലോമീറ്റർ ഭൂമിക്കടിയിലാണ് പ്രഭവകേന്ദ്രം.
ദുരന്ത മേഖലകളിലെ ജനങ്ങൾ ജാഗ്രതപാലിക്കണമെന്നും കൂടുതൽ രക്ഷാസംഘങ്ങളെ വിന്യസിക്കുമെന്നും രാജ്യമൊന്നാകെ ദുരന്തത്തെ നേരിടുമെന്നും തുർക്കി പ്രസിഡന്റ് തയീപ് എർദോഗൻ അറിയിച്ചു. അതേസമയം ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്, അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, സ്വീഡൻ പ്രധാനമന്ത്രി ഉൽഫ് ക്രിസ്റ്റേഴ്സൺ തുടങ്ങിയ ലോകനേതാക്കൾ ഇരുരാജ്യങ്ങൾക്കും സഹായ സന്നദ്ധത വാഗ്ദാനം ചെയ്തിട്ടുണ്ട്.
Leave a Comment
Your email address will not be published. Required fields are marked with *