ഒക്ലഹോമ: ലാറ്റിൻ അമേരിക്കൻ രാജ്യമായ ഗ്വാട്ടിമാലയിലെ ജനങ്ങൾക്കായി ജീവിതം ഉഴിഞ്ഞുവെക്കുകയും, ഒടുവിൽ രക്തസാക്ഷിത്വം വരിക്കുകയും ചെയ്ത അമേരിക്കൻ സ്വദേശി വാഴ്ത്തപ്പെട്ട സ്റ്റാൻലി റോഥറിന്റെ നാമധേയത്തിൽ അമേരിക്കയിൽ പ്രഥമ തീർത്ഥാടനകേന്ദ്രം. അമേരിക്കയിലെ പ്രഥമ രക്തസാക്ഷികൂടിയായ ഫാ. റോഥറിന്റെ നാമധേയത്തിലുള്ള പ്രഥമ ദൈവാലയം അദ്ദേഹത്തിന്റെ ജന്മനാടായ ഒക്ലഹോമയിലാണ് യാഥാർത്ഥ്യമായത്.
ഇന്ന് (ഫെബ്രുവരി 17) നടക്കുന്ന കൂദാശാ കർമത്തിന് ഒക്ലഹോമ ആർച്ചബിഷപ്പ് പോൾ കോക്ലിയുടെ മുഖ്യകാർമികത്വം വഹിക്കും. ഫാ. സ്റ്റാൻലി റോഥർ മിഷണറി ദൗത്യം നിർവഹിച്ചിരുന്ന ഗ്വാട്ടിമാലയിൽനിന്നുള്ള ആർച്ച്ബിഷപ്പ് ഗോൺസാലോ ഡി വില്ല വൈ വാസ്ക്വസ് സഹകാർമികനാകും. വാഴ്ത്തപ്പെട്ട സ്റ്റാൻലി റോഥറിന്റെ നാമത്തിലുള്ള ദൈവാലയം, മ്യൂസിയം, സുവനീർ ഷോപ്പ് എന്നിവ ഉൾപ്പെടുന്ന സമുച്ചയമാണ് ഒക്ലഹോമ നഗരത്തിൽ പണികഴിപ്പിച്ചിരിക്കുന്നത്.
1935 മാർച്ച് 27ന് ഒക്ലഹോമയ്ക്ക് സമീപമുള്ള ഒക്കാർച്ചേയിലാണ് റോഥറിന്റെ ജനനം. ഒക്ലഹോമ അതിരൂപതയ്ക്കുവേണ്ടി തിരുപ്പട്ടം സ്വീകരിച്ച അദ്ദേഹം 1968ലാണ് ഗ്വാട്ടിമാലയിലെ സാന്റിയാഗോ അറ്റിറ്റ്ലൻ എന്ന ഗ്രാമത്തിൽ മിഷണറി ദൗത്യത്തിനായി നിയോഗിക്കപ്പെട്ടത്. ഗ്രാമീണർക്ക് അജപാലന ശുശ്രഷ ലഭ്യമാക്കുന്നതിനൊപ്പം അവരുടെ സമഗ്രക്ഷേമത്തിനായി പ്രവർത്തിച്ച അദ്ദേഹം വളരെവേഗം അവരുടെ ഹൃദയത്തിൽ ഇടംപിടിച്ചു.
ഗ്രാമീണരുടെ ഇടയിൽ പ്രവർത്തിച്ചിരുന്ന ഫാ. റോഥറിനെ പക്ഷേ, സർക്കാർ സൈന്യം സംശയത്തിന്റെ കണ്ണിലൂടെയാണ് വീക്ഷിച്ചിരുന്നത്. സർക്കാരിനെതിരെ പോരാടിയ ഇടത് റിബലുകൾക്ക് ഗ്രാമീണരുടെ സേവനം ലഭ്യമായിരുന്നതാണ് ഇതിനു കാരണം. ഇതിനിടെ രാജ്യത്തെ കത്തോലിക്ക സഭ റിബലുകളെ സഹായിക്കുകയാണെന്ന ആരോപണവുമായി സൈന്യം രംഗത്തു വരികയും ചെയ്തു.
1981 ജൂലൈ 28ന് അദ്ദേഹത്തിന്റെ വസതിയിലേക്ക് ഇരച്ചുകയറിയ സർക്കാർ സൈന്യം അദ്ദേഹത്തെ വെടിവെച്ച് കൊല്ലുകയായിരുന്നു. 36 വർഷം നീണ്ട ഗ്വാട്ടിമാലയിലെ ആഭ്യന്തയുദ്ധത്തിൽ രക്തസാക്ഷികളായ 78 പേരുടെ പട്ടികയിൽ ഫാ. റോഥറിന്റെ പേരും സ്ഥാനം പിടിച്ചു. 2009ൽ ദൈവദാസ പദവിയിലെത്തിയ അദ്ദേഹത്തിന്റെ രക്തസാക്ഷിത്വം വത്തിക്കാൻ അംഗീകരിച്ചതോടെയാണ് വാഴ്ത്തപ്പെട്ട പദവിക്ക് കളമൊരുങ്ങിയത്. 2017ലാണ് അദ്ദേഹം അൾത്താര വണക്കത്തിന് അർഹത നേടുന്ന വാഴ്ത്തപ്പെട്ട ഗണത്തിലേക്ക് ഉയർത്തപ്പെട്ടത്.
Leave a Comment
Your email address will not be published. Required fields are marked with *