കാലിഫോർണിയ: വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ കത്തോലിക്കാ ഇടവക ദൈവാലയം ഇനി കാലിഫോർണിയയിലെ വിസാലിയയിൽ. സെന്റ് ചാൾസ് ബോറോമിയോയുടെ നാമധേയത്തിൽ സ്ഥാപിതമായ ദൈവാലയം ഫ്രെസ്‌നോ രൂപതാധ്യക്ഷൻ ബിഷപ്പ് ജോസഫ് വി. ബ്രണ്ണനാണ് ഫെബ്രുവരി ആരംഭത്തിൽ കൂദാശ ചെയ്തത്. 34,000 ചതുരശ്ര അടി വിസ്തീർണത്തിൽ നിർമിച്ചിരിക്കുന്ന ദൈവാലയത്തിൽ 3,200 പേർക്ക് ഇരിപ്പിട സൗകര്യം ഒരുക്കിയിട്ടുണ്ട്. ഓൺലൈനിലൂടെ സംപ്രേഷണം ചെയ്ത ദൈവാലയ കൂദാശാ തിരുക്കർമങ്ങളിൽ ആയിരങ്ങൾ പങ്കാളികളായി.
ഈ ദൈവാലയം പ്രത്യാശയുടെ ഭൗതിക പ്രകടനവും ശക്തമായ പ്രതീകവുമാണെന്ന് കൂദാശാ തിരുക്കർമമധ്യേ ബിഷപ്പ് ജോസഫ് അഭിപ്രായപ്പെട്ടു. ‘ആയിരക്കണക്കിന് ആളുകൾ കൂദാശാനുഷ്ഠാനത്തിനും വചനശ്രവണത്തിനുമായി ഇവിടേക്ക് കടന്നുവരും. ഇവിടെ അർപ്പിക്കപ്പെടുന്ന ശുശ്രൂഷകളിലൂടെ ആയിരക്കണക്കിന് ആളുകൾ ആത്മീയമായും ശാരീരികമായും പോഷിപ്പിക്കപ്പെടും,’ അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രാദേശികമായി ലഭ്യമായ സെക്വോയ റെഡ് മരംകൊണ്ടാണ് സക്രാരി ഉൾപ്പെടെയുള്ള ദൈവാലയത്തിന്റെ വിവിധ ഭാഗങ്ങൾ നിർമിച്ചിരിക്കുന്നത്. പ്രദേശത്തിന്റെ സവിശേഷതകൾ എടുത്തുകാട്ടുന്ന ചുവർ ചിത്രങ്ങളും മറ്റ് പ്രകൃതിദത്ത അലങ്കാരങ്ങളും ദൈവാലയത്തിന്റെ മറ്റ് ആകർഷണങ്ങളാണ്. വിസാലിയയിലെ ഗുഡ് ഷെപ്പേർഡ് ഇടവകയുടെ കീഴിൽ വരുന്ന നാല് ദൈവാലയങ്ങളിൽ ഒന്നാണ് 14,000 കുടുംബങ്ങളുള്ള സെന്റ് ചാൾസ് ബെറോമിയോ ദൈവാലയം.
വരും വർഷങ്ങളിൽ ഗ്വാഡലൂപ്പ മാതാവിന്റെയും ഫാത്തിമ മാതാവിന്റെയും, വിമലഹൃദയ മാതാവിന്റെയും നിത്യസഹായ മാതാവിന്റെയും ഈശോയുടെ തിരുഹൃദയത്തിന്റെയും നാമധേയത്തിലുള്ള തീർത്ഥാടന കേന്ദ്രങ്ങൾ ദൈവാലയത്തോട് അനുബന്ധിച്ച് ഒരുക്കാനും ഇടകവ നേതൃത്വം പദ്ധതിയിട്ടിട്ടുണ്ട്. ദൈവാലയ കൂദാശയ്ക്ക് മുന്നോടിയായി 20 വിശുദ്ധരുടെ തിരുശേഷിപ്പുകൾ വണങ്ങാൻ വിശ്വാസികൾക്ക് അവസരം ഒരുക്കിയതും ശ്രദ്ധേയമായിരുന്നു.
Leave a Comment
Your email address will not be published. Required fields are marked with *