‘ധൂർത്തപുത്രന്റെ ഉപയിലെ മൂത്തപുത്രനു സമാനനാണ് യോന. നിനവെയുടെ മേലുള്ള ദൈവത്തിന്റെ ശിക്ഷാവിധിയിലേക്കാണ് യോനയുടെ നോട്ടം. മടങ്ങിയെത്തിയ ധൂർത്തപുത്രനെ ശിക്ഷിക്കാത്തതിനാൽ തന്റെ വിശ്വസ്തതകൊണ്ട് എന്തുനേട്ടം എന്നു വിലപിക്കുന്ന മൂത്തപുത്രനാണ് യോന.’
(ബെനഡിക്ട് 16-ാമൻ പാപ്പ, ലക്സിയോ ദിവിന, 24 ജനുവരി 2003)
നിനവേയിലേയ്ക്ക് പോകാനാണ് യോനായോടു ദൈവം പറഞ്ഞത്; അവനാകട്ടെ യാത്ര തിരിച്ചത് താർഷീഷിലേക്കും. നിനവെ ഒരു സ്ഥലമല്ല, ചില ആഭിമുഖ്യങ്ങളാണ്. നിനവെയെ അഭിമുഖീകരിക്കാൻ യോനയ്ക്ക് ഭയമാണ്. നമ്മെത്തന്നെ അഭിമുഖീകരിക്കുകയാണ് ഏറ്റം ക്ലേശകരമായ സ്ലീവാപ്പാത. അവിടെ നമ്മുടെ പൊയ്മുഖം അഴിയും.
നിങ്ങൾ ഒഴിവാക്കാൻ ശ്രമിക്കുന്ന നിനവെ ഏതാണ്? തെറ്റായ ബന്ധം, ശീലങ്ങൾ, ക്ഷമിക്കാനാവാത്ത ചില മേഖലകൾ, അംഗീകരിക്കാൻ പറ്റാത്ത സ്വകാര്യ വീഴ്ചകൾ. ഏതാണ്, ആ നിനവെ? അവിടെപ്പോയാണ് അനുതാപം പ്രസംഗിക്കേണ്ടത്. എന്നാൽ, സൗകര്യപൂർവം താർഷീഷിലേക്ക് കപ്പൽ കയറുന്നവരല്ലേ നാം.
യോന അഭിമുഖീകരിക്കേണ്ട നിനവേ എന്തെല്ലാമാണ്? ഒന്ന്, തന്റെ പ്രവചനത്തിന്റെ ക്രെഡിറ്റ് മറ്റാർക്കും കിട്ടരുത്, ദൈവത്തിനുപോലും! രണ്ട്, സ്വജനത്തിന്റെ ശത്രുവിനോട് ദൈവം കരുണ കാണിക്കുന്നത് സഹിക്കാനാവില്ല. പാപിയുടെ നാശമാണിഷ്ടം. മൂന്ന്, ദൈവത്തിന്റെ പദ്ധതിയോടുള്ള ശക്തമായ എതിർപ്പ്. പാപിയുടെ മേലുള്ള ശിക്ഷാവിധിയിൽ സ്വകാര്യമായി ആഹ്ലാദിക്കുന്ന യോന, അവരുടെ മേലുള്ള രക്ഷാവിധിയിൽ കടുത്ത അസൂയയിലാണുതാനും. ചില പുണ്യാളന്മാർക്ക് പാപിയുടെ അട്ടഹാസങ്ങളോട് തോന്നുന്ന വിശുദ്ധമായ ഒരു അസൂയയുണ്ട്, അവരോട് ദൈവം കാട്ടുന്ന കരുണയോട് കടുത്ത കലഹവും! നിന്നിലുണ്ടോ ഇത്? മൂത്തപുത്രൻ കോംപ്ലക്‌സ്!
Leave a Comment
Your email address will not be published. Required fields are marked with *