ലോസ് ആഞ്ചെലസ്: ആക്രമിയുടെ വെടിയേറ്റ് കൊല്ലപ്പെട്ട ലോസ് ആഞ്ചെലസ് അതിരൂപതാ സഹായമെത്രാൻ ഡേവിഡ് ഒ കോണലിന്റെ (69) മൃതസംസ്‌ക്കാര കർമം മാർച്ച് മൂന്നിന് നടക്കും. മാർച്ച് രണ്ടിന് മൃതദേഹം ഔർ ലേഡി ഓഫ് ദ എയ്ഞ്ചൽസ് കത്തീഡ്രലിലേക്ക് കൊണ്ടുവരും. തുടർന്ന് രാവിലെ 10.00മുതൽ 12.00വരെയും ഉച്ചയ്ക്ക് 1.00മുതൽ വൈകിട്ട് 6.00വരെയും മൃതദേഹത്തിൽ അന്തിമോപചാരം അർപ്പിക്കാൻ സൗകര്യം ഉണ്ടാകുമെന്ന് അതിരൂപത അറിയിച്ചു.
തുടർന്ന് രാത്രി 7.00ന് ദിവ്യബലി അർപ്പണം ക്രമീകരിച്ചിട്ടുണ്ട്. മൂന്നാം തിയതി രാവിലെ 11.00നാണ് മൃതസംസ്‌ക്കാരത്തോട് അനുബന്ധിച്ചുള്ള ദിവ്യബലി. ബിഷപ്പ് ഡേവിഡ് ഒ കോണലിന്റെ വസതി സ്ഥിതിചെയ്തിരുന്ന ഹസീന്താ ഹൈറ്റ്‌സിലെ സെന്റ് ജോൺ വിയാന്നി ദൈവാലയത്തിൽ സാൻ ഗബ്രിയേൽ പാസ്റ്ററൽ റീജ്യണിലെ വിശ്വാസീസമൂഹം മാർച്ച് ഒന്നിന് അനുസ്മരണാ ബലി ഒരുക്കിയിട്ടുണ്ട്.
ഹസീന്താ ഹൈറ്റ്സ് ജാൻലു അവന്യൂവിലെ താമസസ്ഥലത്ത് ഫെബ്രുവരി 18നാണ് ബിഷപ്പ് ഡേവിഡ് ഒ കോണൽ കൊല്ലപ്പെട്ടത്. വെടിയേറ്റ് മരിച്ച നിലയിൽ അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ആക്രമിയായ കാർലോസ് മദീനയെ ഫെബ്രുവരി 20ന് പൊലീസ് അറസ്റ്റ് ചെയ്തു. ബിഷപ്പ് ഒ കോണലിന്റെ വീട്ടുജോലിക്കാരിയുടെ ഭർത്താവാണ് കാർലോസ്. പ്രതി കുറ്റസമ്മതം നടത്തിയെങ്കിലും അതിന് കാരണമായി പറയുന്ന കാര്യങ്ങൾ പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.
നാലര പതിറ്റാണ്ടായി ലോസ് ആഞ്ചെലസിൽ സേവനം ചെയ്തിരുന്ന ഡേവിഡ് ഒ കോണലിനെ 2015ൽ ഫ്രാൻസിസ് പാപ്പയാണ് അതിരൂപതയുടെ സഹായ മെത്രാനായി നിയമിച്ചത്. സാൻ ഗബ്രിയേൽ പാസ്റ്ററൽ റീജ്യണിന്റെ എപ്പിസ്‌കോപ്പൽ വികാരിയായും ഒ കോണൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. അതിരൂപതയിലെ കുടിയേറ്റക്കാർ, ആഞ്ചെലസിൽ തോക്ക് അക്രമത്തിന് ഇരയായവർ എന്നിവർക്കുവേണ്ടി നടത്തിയ സേവനത്തിലൂടെയും ശ്രദ്ധേയനാണ് ബിഷപ്പ് ഒ കോണൽ.
Leave a Comment
Your email address will not be published. Required fields are marked with *