വത്തിക്കാൻ സിറ്റി: പേപ്പൽ ജീവിതത്തിന്റെ 10 വർഷം പൂർത്തിയാക്കുമ്പോൾ തനിക്കും സഭയ്ക്കും വേണ്ടി പ്രാർത്ഥിക്കണമെന്ന് ഓർമിപ്പിച്ച് ഫ്രാൻസിസ് പാപ്പ. ഇറ്റാലിയൻ ദിനപത്രമായ ‘ഫാറ്റോ ക്വോട്ടിഡിയാനോ’യ്ക്ക് നൽകിയ അഭിമുഖത്തിലാണ് പാപ്പ വിശ്വാസികളോട് പ്രാർത്ഥന അഭ്യർത്ഥിച്ചത്. താൻ എല്ലാവരെയും സ്നേഹിക്കുന്നുവെന്നും എല്ലാവർക്കുംവേണ്ടി പ്രാർത്ഥിക്കുന്നുവെന്നും പാപ്പ പറഞ്ഞു.
‘സഭ ഒരു ബിസിനസോ സന്നദ്ധ സംഘടനയോ അല്ല. വർഷാവസാനത്തിൽ സംഖ്യകൾ സന്തുലിതമാക്കാൻ നിയോഗിക്കപ്പെട്ട ഒരു ഭരണാധികാരിയുമല്ല ഞാൻ. പാപ്പയുടെ ഉത്തരവാദിത്വം നിറവേറ്റുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ആരും പഠിച്ചിട്ടല്ല ഈ ഉത്തരവാദിത്വത്തിലേക്ക് കടന്നുവരുന്നത്,’ പാപ്പ പറഞ്ഞു.
ക്രിസ്തുവിനെ തള്ളിപ്പറഞ്ഞപ്പോൾ വിശുദ്ധ പത്രോസും പതറിപ്പോയിരുന്നു, എന്നാൽ പുനരുത്ഥാനത്തിനുശേഷം യേശു വീണ്ടും പത്രോസിനെ തിരഞ്ഞെടുത്തു. അത് നമ്മോടുള്ള കർത്താവിന്റെ കരുണയാണ്. യേശു പഠിപ്പിച്ച കരുണയുടെ പ്രവർത്തനങ്ങൾ താൻ ചെയ്തിട്ടുണ്ടോ എന്നതിനെ അടിസ്ഥാനമാക്കി കർത്താവ് ഒരു ദിവസം തന്നെ വിധിക്കുമെന്നും പാപ്പ വ്യക്തമാക്കി.
മോശം കാര്യങ്ങൾ സംഭവിച്ചാലും സഭാംഗങ്ങളിൽനിന്ന് നിങ്ങൾക്ക് മോശമായ അനുഭവം ഉണ്ടായിട്ടുണ്ടെങ്കിലും അത് നമ്മെ അസ്വസ്ഥമാക്കാൻ അനുവദിക്കരുത്. കർത്താവ് എപ്പോഴും തുറന്ന കരങ്ങളോടെ നമ്മെ കാത്തിരിക്കുന്നു. ‘അക്കാര്യം ഞാൻ അനുഭവിച്ചതുപോലെ നിങ്ങളുടെ ജീവിതത്തിലും അനുഭവിക്കുന്നതിൽ നിങ്ങൾ വിജയിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇരുൾവീണ നിമിഷങ്ങളിലെല്ലാം കർത്താവ് എപ്പോഴും എന്റെ അരികിൽ ഉണ്ടായിരുന്നു,’ പാപ്പ സാക്ഷ്യപ്പെടുത്തി.
Leave a Comment
Your email address will not be published. Required fields are marked with *