”ബാലനായ യേശുവിനെ മൂന്നാം ദിവസമാണ് മാതാപിതാക്കൾ ദൈവാലയത്തിൽ കണ്ടെത്തുന്നത്. കുരിശുമരണത്തിനും ഉത്ഥാനത്തിനുമിടയിലെ മൂന്നു ദിവസത്തിലേക്ക് മൗനമായ ഒരു സൂചന ഇത് നൽകുന്നുണ്ട്. യേശുവിന്റെ അസാന്നിധ്യം സൃഷ്ടിച്ച വേദനയിലൂടെ കടന്നുപോയ ദിനങ്ങളാണിത്. അന്ധകാരത്തിന്റെ ദിനങ്ങളാണിത്, ആ ദിനങ്ങളുടെ ഭാരം അമ്മയുടെ വാക്കുകളിൽനിന്ന് മനസിലാക്കാം: ‘കുഞ്ഞേ, നീ എന്തുകൊണ്ടാണ് ഞങ്ങളോട് ഇങ്ങനെ ചെയ്തത്. നോക്കൂ നിന്റെ പിതാവും ഞാനും ഇത്കണ്ഠയോടെ നിന്നെ അന്വേഷിക്കുകയായിരുന്നു,’ (ലൂക്കാ 2:48). അങ്ങനെ യേശുവിന്റെ ഈ ആദ്യ പെസഹായിൽനിന്ന് കുരിശിലെ അവസാന പെസഹായിലേക്ക് ഒരു പാലം വെച്ചിരിക്കുന്നു.”
ബെനഡിക്ട് പതിനാറാമൻ പാപ്പ, നസ്രത്തിലെ യേശു, മൂന്നാം വാല്യം
ഏഴാം സന്താപം: യേശുവിനെ കാണാതാകുന്നു (ലൂക്കാ. 2:45)
ഏഴാം സന്തോഷം: ദൈവാലയത്തിൽ യേശുവിനെ കണ്ടെത്തുന്നു (ലൂക്കാ 2:46).
പ്രായപൂർത്തിയെത്തിയ ഏതൊരു യഹൂദനും മൂന്നു തിരുനാളുകളിൽ പങ്കെടുക്കണം. പെസഹാതിരുന്നാൾ, പെന്തക്കൊസ്ത തിരുനാൾ, കൂടാരത്തിരുനാൾ, സ്ത്രീകൾക്കും പന്ത്രണ്ടു വയസിനു താഴെയുള്ള കുട്ടികൾക്കും സ്വാതന്ത്ര്യമുണ്ട്, പങ്കെടുക്കാനും ഒഴിവാക്കാനും. നസ്രത്തുപോലെ ജറുസലേമിൽനിന്നും കൂടുതൽ അകന്നു താമസിക്കുന്നവർ ഏതെങ്കിലുമൊരു തിരുനാളിനു പോയാലും മതിയാകും.
യൗസേപ്പ് നിയമങ്ങളുടെ പഴുതു നോക്കി ദൈവാരാധനയിൽനിന്ന് തെന്നിമാറാനല്ല, പൂർണതയിൽ നിർവഹിക്കാനാണ് ശ്രമിക്കുന്നത്. പന്ത്രണ്ടു വയസ് തികഞ്ഞ മകനുമായി ദൈവാലയത്തിലേക്ക് പോവുകയായിരുന്നു അന്ന്. നിയമത്തിൽതന്നെ പന്ത്രണ്ടു തികഞ്ഞവന് സ്വാതന്ത്ര്യം കൽപ്പിക്കുന്നുണ്ട്. കൂട്ടംകൂട്ടമായി യത്രയായി. ‘നീർച്ചാൽ തേടുന്ന മാൻപേടയെപ്പോലെ ദൈവമേ അങ്ങേയ്ക്കായ് ഞാൻ ദാഹിക്കുന്നു,’ (സങ്കീ 42:1). ‘കർത്താവിന്റെ മലയിൽ ആരും കയറും?,’ (സങ്കീർത്തനം 15:1) എന്നെല്ലാം തുടങ്ങുന്ന സങ്കീർത്തനങ്ങളും പ്രാർത്ഥനകളുമായാണ് അവരുടെ യാത്ര.
ഒരാഴ്ചത്തെ തിരുനാൾ കഴിഞ്ഞ് മടക്കയാത്രയിലായിരുന്നു അവർ. ആദ്യ ദിവസം സത്രത്തിൽ ഒരുമിച്ചു കൂടിയപ്പോൾ യേശുവിനെ കാണാനില്ല. യൗസേപ്പിന്റെയും മറിയത്തിന്റെയും ഹൃദയം തകർന്നുപോയി. മറ്റേതൊരു വ്യാകുലത്തെക്കാളും ഇതു വേദനാജനമാകാൻ രണ്ടു കാര്യങ്ങളുണ്ട്. മറ്റു സമയങ്ങളിൽ ഈശോ കൂടെ ഉണ്ടായിരുന്നു. ഇപ്പോൾ ഈശോ ഇല്ല. മാത്രമല്ല മറ്റ് വ്യാകുലങ്ങളിൽ എന്തിനിത് സഹിക്കണമെന്ന് ഏതാണ്ടൊരു ധാരണ ഉണ്ടായിരുന്നു. ഇപ്പോഴാകട്ടെ ഒരു പിടിയും കിട്ടുന്നില്ല. എന്തിനു സഹിക്കണമെന്നറിഞ്ഞാൽ എങ്ങനെ സഹിക്കാം എന്ന് നാം കണ്ടെത്തിയേക്കും. അറിയാത്തപ്പോഴോ?
പരസ്പരം കുറ്റം വിധിക്കാതെ അവർ ജെറുസലേം ദൈവാലയത്തിലേക്കു തിരിച്ചു. പലരോടും തിരക്കി. ഒടുക്കം ദൈവാലയത്തിനകത്ത് കണ്ടെത്തി. മോനേ, നീയെന്തുകൊണ്ടാണ് ഞങ്ങളോടിങ്ങനെ ചെയ്തത്? നിന്റെ പിതാവും ഞാനും എത്രയോ ഉത്കണ്ഠയോടെ നിന്നെ അന്വേഷിക്കുകയായിരുന്നു, മറിയം ചോദിച്ചു. അവൻ പറഞ്ഞു, ഞാനെന്റെ പിതാവിന്റെ കാര്യത്തിൽ വ്യാപൃതനായിരിക്കേണ്ടവനാണ് എന്ന് നിങ്ങൾ അറിയുന്നില്ലേ? സത്യത്തിൽ, മാതാപിതാക്കളുടെ ഉള്ളിൽ ഇത്രയധികം അഭിമാനം മകനെക്കുറിച്ചു തോന്നിയ സമയം മറ്റൊന്നുണ്ടോ?
നമ്മുടെ വഴികളിലേക്ക് മക്കളെ ചുരുക്കാനല്ല, അവർക്കായി ദൈവം കരുതുന്ന വഴികളിലേക്ക് അവരെ പറത്തിവിടാനാണ് മാതാപിതാക്കളുടെ നിയോഗം. ഈശോയെപ്പെലെ ചിന്തിക്കുന്ന മക്കൾ മാതാപിതാക്കൾക്ക് വെല്ലുവിളിയാണ്. പക്ഷേ, ആ വെല്ലുവിളിയിലാണ് അപ്പനമ്മമാരുടെ സ്വകാര്യ ആഹ്ലാദവും. ഇന്ന് മക്കൾ നഷ്ടമാകുന്നുണ്ട്: പള്ളിക്കകത്തല്ല, പുറത്താണെന്നു മാത്രം.
അബ്ബായുടെ കാര്യത്തിൽ വ്യാപൃതമാകാനല്ല. മറ്റേറെ കാര്യങ്ങളിൽ ഉൾപ്പെടാൻ യൗസേപ്പിനെപ്പോലുള്ള അപ്പനുണ്ടാകണം, ഈശോയെപ്പോലുള്ള മക്കളുണ്ടാകാൻ. വലിയ വെല്ലുവിളിയാണിത്. എങ്കിലും ഈ പുണ്യാത്മാവിന്റെ സന്താപ സന്തോഷവഴികളാക്കി നമ്മുടെ ജീവിതയാത്രയെ വ്യാഖ്യാനിക്കാനും സ്വീകരിക്കാനും തുടങ്ങുമ്പോൾ യൗസേപ്പിന്റെ മൂല്യങ്ങളിലേക്ക് അവൻ നമ്മെ വളർത്തും. ദുഃഖം സന്തോഷത്തിനു വഴിമാറും.
Leave a Comment
Your email address will not be published. Required fields are marked with *