വാഷിംഗ്ടൺ ഡി.സി: ഭിന്നശേഷിക്കാരായ കുട്ടികൾക്കുവേണ്ടി ജീവിതം സമർപ്പിച്ച സിസ്റ്റർ റോസ്‌മേരി കോണെലിക്ക് 2023 ‘ലെറ്ററെ മെഡൽ’ അവാർഡ്. ഭിന്നശേഷിക്കാരായ കുട്ടികൾക്കിടയിൽ അഞ്ച് പതിറ്റാണ്ടിലധികമായി നടത്തുന്ന സുത്യർഹ സേവനം പരിഗണിച്ചാണ് അമേരിക്കൻ കത്തോലിക്കാ സഭയിലെതന്നെ ഏറ്റവും പൗരാണികത അവകാശപ്പെടാവുന്ന ബഹുമതികളിൽ ഒന്നായ ‘ലെറ്ററെ മെഡൽ’ നൽകി സിസ്റ്ററിനെ ആദരിക്കുന്നത്.
ഭിന്നശേഷിക്കാരായ ആറു വയസുവരെയുള്ള കുട്ടികൾക്ക് വീടും സംരക്ഷണവും നൽകുന്ന ‘മിസെറികോർഡിയ ഫൗണ്ടേഷൻ’ അധ്യക്ഷയാണ് 92 വയസുകാരിയായ സിസ്റ്റർ കോണെലി. 1969ലാണ് സിസ്റ്റർ കോണേലി ‘മിസെറികോർഡിയ ഫൗണ്ടേഷ’ന്റെ ഭാഗമായത്. നോട്രെ ഡാം യൂണിവേഴ്‌സിറ്റിയിൽ മേയിൽ നടക്കുന്ന സമ്മേളനത്തിൽവെച്ച് ലെറ്ററെ മെഡൽ സിസ്റ്റർ ഏറ്റുവാങ്ങും.
തന്റെ ജീവിതത്തിലുള്ള ദൈവീകസാന്നിധ്യമാണ് ജീവിത വിജയത്തിന്റെ രഹസ്യമെന്ന് സിസ്റ്റർ കോണെലി സാക്ഷ്യപ്പെടുത്തി: ‘ദൈവം എപ്പോഴും എന്നെ പരിപാലിക്കുന്നുണണ്ടെന്ന ബോധ്യമാണ് എന്നെ നയിക്കുന്നത്. ശരിയായ ആളുകൾ ശരിയായ സമയത്ത് ശരിയായ സ്ഥലത്താണെന്ന് എല്ലായ്‌പ്പോഴും ദൈവം ഉറപ്പാക്കാറുണ്ട്. അത് യാദൃശ്ചികമല്ല. കുട്ടികളെ ബഹുമാനിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്ന സ്ഥാപനമായി മിസെറികോർഡിയ ഉള്ളതിൽ ദൈവത്തോട് നന്ദി പറയുന്നു.’
തനിക്ക് ചുറ്റുമുള്ള നന്മയുള്ള കുറെ ആളുകളാണ് തന്നെ ഏറ്റവും മികച്ച രീതിയിൽ ശുശ്രൂഷ ചെയ്യാൻ പ്രേരിപ്പിക്കുന്നതെും സിസ്റ്റർ കൂട്ടിച്ചേർത്തു. നോതൃദാം യൂണിവേഴ്‌സിറ്റിയിൽനിന്ന് ഉൾപ്പടെ ഒൻപത് ഓണററി ബിരുദങ്ങൾ നേടിയിട്ടുള്ള സിസ്റ്റർ കോണെലി, ഏണസ്റ്റ് ആൻഡ് യങ്ങിൽ നിന്നുള്ള ‘ഇല്ലിനോയിസ് ഓൺട്രപ്രണർ ഓഫ് ദ ഇയർ അവാർഡ്’, ‘കെയറിംഗ് ഇൻസ്റ്റിറ്റ്യൂട്ട് അവാർഡ്’ എന്നിങ്ങനെ നിരവധി പുരസ്‌ക്കാരങ്ങൾക്കും അർഹയായിട്ടുണ്ട്.
Leave a Comment
Your email address will not be published. Required fields are marked with *