വത്തിക്കാൻ സിറ്റി: ശ്വാസകോശത്തിലെ അണുബാധമൂലം ശ്വാസതടസം കലശലായതിനെ തുടർന്ന് ഫ്രാൻസിസ് പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ (മാർച്ച് 29) വത്തിക്കാൻ സമയം ഉച്ചയ്ക്കുശേഷം പാപ്പയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കോവിഡ് രോഗബാധയില്ലെന്നും ഏതാനും ദിവസം ആശുപത്രിയിൽ കഴിയേണ്ടിവരുമെന്നും വത്തിക്കാൻ വക്താവ് മറ്റിയോ ബ്രൂണി വെളിപ്പെടുത്തി.
ബുധനാഴ്ചകളിൽ പതിവായ പൊതുസന്ദർശനത്തിനുശേഷം 86 വയസുകാരനായ പാപ്പയ്ക്ക് കടുത്ത ശ്വാസതടസം അനുഭവപ്പെടുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. ഹൃദയസംബന്ധമായ പ്രശ്‌നങ്ങളും പാപ്പയെ അലട്ടിയെന്നും ആംബുലൻസിലാണ് ആശുപത്രിയിൽ എത്തിച്ചതെന്നും ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നുണ്ട്. എന്നാൽ ഇതുസംബന്ധിച്ച് ഇതുവരെ വത്തിക്കാൻ സ്ഥിരീകരണങ്ങളില്ല.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ശ്വാസ തടസത്തെ തുടർന്ന് അദ്ദേഹം ബുദ്ധിമുട്ടുകയായിരുന്നു. ഇനി കുറച്ച് ദിവസങ്ങൾ അദ്ദേഹത്തിന് ആശുപത്രിയിൽ തുടരേണ്ടി വരുമെന്ന് വത്തിക്കാൻ വക്താവ് മറ്റിയോ ബ്രൂണി വ്യക്തമാക്കി. പാപ്പയുടെ രോഗാവസ്ഥ അറിഞ്ഞ് അദ്ദേഹത്തിനുവേണ്ടി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് എത്തുന്ന പ്രാർത്ഥനാ സന്ദേശങ്ങൾക്ക് ബ്രൂണി നന്ദി പറയുകയും ചെയ്തു.
ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെ അടുത്ത ദിനങ്ങളിലെ പേപ്പൽ കാര്യപരിപാടികളാളെല്ലാം റദ്ദാക്കിയിട്ടുണ്ട്. 2021 ജൂലൈയിൽ ഫ്രാൻസിസ് പാപ്പയെ വൻകുടൽ സംബന്ധമായ ശസ്ത്രക്രിയ നടത്തിയ ആശുപത്രിതന്നെയാണ് ജെമെല്ലി. അതേസമയം പാപ്പ എത്ര ദിവസം ആശുപത്രിയിൽ തുടരേണ്ടി വരുമെന്ന കാര്യത്തിൽ വത്തിക്കാൻ വ്യക്തത വരുത്തിയിട്ടില്ല.
ഓശാന ഞായറാഴ്ചയോടെ ആരംഭിക്കുന്ന വിശുദ്ധ വാര തിരുകർമങ്ങളിൽ പാപ്പയ്ക്ക് പങ്കെടുക്കാൻ കഴിയുമോയെന്നതും ഇതോടെ അനിശ്ചിതത്വത്തിലായി. അതുപോലെ, ഏപ്രിൽ അവസാനം നടക്കാനിരിക്കുന്ന ഹംഗേറിയൻ പര്യടനവും സംശയത്തിന്റെ നിഴലിലാണ്.
ഫോട്ടോ ക്യാപ്ഷൻ: ഇക്കഴിഞ്ഞ ദിവസം പൊതുസന്ദർശന സന്ദേശം നൽകിയശേഷം വിശ്വാസികളെ ആശീർവദിക്കാൻ പോപ്പ്‌മൊബീലിലേക്ക് കയറാൻ ഫ്രാൻസിസ് പാപ്പയെ സുരക്ഷാസംഘം സഹായിക്കുന്നു.
Leave a Comment
Your email address will not be published. Required fields are marked with *