കൊളംബിയ: തങ്ങളുടെ രാജ്യത്തിന്റെ സംരക്ഷണത്തിനും സുസ്ഥിതിക്കുംവേണ്ടി പാർലമെന്റ് മന്ദിരത്തിൽ ജപമാല അർപ്പണം ക്രമീകരിച്ച് കൊളംബിയൻ പാർലമെന്റ് അംഗങ്ങൾ. പാർലമെന്റിലെ അധോസഭയായ ‘കൊളംബിയൻ ചേംബർ ഓഫ് റെപ്രസന്റേറ്റീവിലെ അംഗങ്ങളാണ്, തങ്ങളുടെ സമ്മേളനവേദിയായ എലിപ്റ്റിക്കൽ ഹാളിലാണ് ജപമാല അർപ്പണം നടത്തിയത്. ഫാത്തിമാ മാതാവിന്റെ തിരുരൂപത്തിന്റെ സാന്നിധ്യത്തിലായിരുന്നു ജപമാല അർപ്പണം.
നിരവധി പാർലമെന്റേറിയന്മാർ പങ്കെടുത്ത ജപമാല പ്രാർത്ഥന ‘യൂണിയൻ ഫാമിലിയ’ എന്ന യൂട്യൂബ് ചാനലിലൂടെ തത്സമയം സംപ്രേഷണം ചെയ്തതും ശ്രദ്ധേയമായി. ജപമാല പ്രാർത്ഥനക്കുശേഷം പാർല്ലമെന്റംഗം ലൂയിസ് മിഗ്വൽ ലോപ്പസ് അരിസ്റ്റിസാബൽ തന്റെ ട്വിറ്റർ അക്കൗണ്ടിൽ ഇതുസംബന്ധിച്ച കുറിപ്പ് പോസ്റ്റ് ചെയ്യുകയും ചെയ്തു.
‘നമ്മുടെ രാജ്യത്തിനും പാർലമെന്റ് അംഗങ്ങൾക്കും സർക്കാരിനും എല്ലാ പൊതുപ്രവർത്തകർക്കും വേണ്ടി ഞങ്ങൾ പ്രാർത്ഥിക്കുന്നു, അങ്ങനെ അവർ നമ്മുടെ രാജ്യത്തിന്റെ നന്മയ്ക്കായി വിവേകത്തോടെ പ്രവർത്തിക്കട്ടെ. പരിശുദ്ധ അമ്മേ, അങ്ങേയ്ക്ക് ഞങ്ങൾ സർവവും സമർപ്പിക്കുന്നു,’ അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
ജപമാലമധ്യേ ആഗോള സഭയ്ക്കും ഫ്രാൻസിസ് പാപ്പയ്ക്കും ബിഷപ്പുമാർക്കും വൈദികർക്കും മതവിശ്വാസികൾക്കും വേണ്ടിയുള്ള മധ്യസ്ഥ പ്രാർത്ഥനകളും ഉണ്ടായിരുന്നു. ദൈവഹിത പ്രകാരം വിവേകത്തോടെയും ജ്ഞാനത്തോടെയും രാജ്യത്തെ നയിക്കാൻ കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോയ്ക്ക് സാധിക്കട്ടെയെന്നും അവർ പ്രാർത്ഥിച്ചു.
എല്ലാ കൊളംബിയക്കാരുടെയും അനുരഞ്ജനത്തിനായി പ്രാർത്ഥിച്ചതുവഴി മറ്റുള്ളവരിലുള്ള ശത്രുവിനെയല്ല, മറിച്ച് മറ്റൊരാളിലെ സഹോദരനെ കണ്ടെത്താൻ തങ്ങൾക്ക് കഴിയുമെന്ന പ്രത്യാശയും പാർലമെന്റ് അംഗങ്ങൾ പങ്കുവെച്ചു.
Leave a Comment
Your email address will not be published. Required fields are marked with *